Thursday, January 20

ബന്ധുനിയമന അഴിമതി പ്രത്യയശാസ്ത്രപരമാണ്, ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വരാന്‍ സാധ്യത

ബന്ധു നിയമനവിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചു വരാന്‍ സാധ്യത. ഇത് സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതായി ഏഷ്യാനെറ്റ് വാര്‍ത്ത.

ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന ഇ.പി.ജയരാജന്‍ പിണറായി വിജയന്‍ നയിക്കുന്ന സി.പി.എം. കണ്ണൂര്‍ ലോബിയുടെ പ്രധാന കണ്ണിയാണ്. മട്ടന്നൂരില്‍ നിന്ന് സി.പി.എം. എം.എല്‍.എ. ആയ ഇ.പി.ജയരാജന്‍ പിണറായി വിജയന്‍ മന്ത്രിസഭയിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു. 2016 മെയ് 25ന് പിണറായി വിജയന്‍ മന്ത്രിസഭയില്‍ സ്പോര്‍ട്സ്, വ്യവസായവകുപ്പുകളുടെ മന്ത്രിയായി സ്ഥാനമേറ്റ അദ്ദേഹം ബന്ധു നിയമനവിവാദത്തെത്തുടര്‍ന്ന് 2016 ഒക്ടോബര്‍ 16ന് രാജി വെക്കുകയായിരുന്നു.  സ്പോര്‍ട്സ് മന്ത്രിയായിരിക്കെ 2016 ജൂണ്‍ 4ന് ബോക്സിംഗ് താരം മുഹമ്മദലി മരിച്ചപ്പോള്‍ ‘കേരളത്തിന് ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ നേടിത്തന്ന മുഹമ്മദലിയ്ക്ക് അനുശോചന’മറിയിച്ച് നിരവധി ട്രോളുകള്‍ക്ക് വിധേയനായിരുന്നു.

തിങ്കളാഴ്ചയിലെ എല്‍.ഡി.എഫ് യോഗത്തിന് മുമ്പ് സി.പി.എം., സി.പി.ഐ. ചര്‍ച്ച വെച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ സി.പി.ഐ. നിലപാട് നിര്‍ണ്ണായകമാവും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ അഴിമതികളെ അപലപിച്ച് ഭരണത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയ അഴിമതിയായിരുന്നു ഇ.പി.ജയരാജന്‍റേത്. ശക്തവും നീതിപൂര്‍വ്വകവുമായ കര്‍ശന രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കാറുള്ള കാനം രാജേന്ദ്രന്‍, അഴിമതിക്കാരനായ ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇ.പി. ജയരാജന്‍റെ മന്ത്രിസഭയിലേക്കുള്ള പുനഃപ്രവേശം.

Spread the love