സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവർക്ക് വിദ്യാലയ പ്രവേശനത്തിനും തൊഴിൽ പ്രവേശനത്തിനും പത്തു ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന്  യൂണിയൻ ക്യാബിനറ്റ് തത്വത്തിൽ അംഗീകാരം കൊടുത്തിരിക്കുകയാ
ണിപ്പോൾ. നില നിൽക്കുന്ന അൻപതു ശതമാനം സംവരണത്തെ നില നിർത്തിക്കൊണ്ടാണ് ഈ പത്തു ശതമാനം കൂടി ഏർപ്പെടുത്തുന്നത്. അതായത് ഇപ്പോൾ സംവരണാനുകൂല്യം ലഭിക്കാത്തവരായ സമൂഹത്തിലെ സാമ്പത്തികമായ പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവർക്കാണ് ഇപ്പോൾ ഏർപ്പെടുത്തുന്ന സംവരണാനുകൂല്യം ലഭ്യമാകൂ എന്നതാണ് ബില്ലിന്റെ ആശയപരമായ വസ്തുത.

യൂണിയൻ ക്യാബിനറ്റിലെ സാമുഹിക ക്ഷേമ വകുപ്പുമന്ത്രിയായ രാം ദാസ് അത് വാല അഭിപ്രായപ്പെടുന്നത്‌ 25 ശതമാനമാണാവശ്യമെന്നാണ്.  ഈ പത്ത് ശതമാനമെന്നത് നല്ലൊരു തുടക്കമാണെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു. ഇതിൻ്റെ പ്രായോഗികതയെ വിലയിരുത്തി മോദിയുടെ മറ്റൊരു ജൂംല്ല രാഷ്ട്രീയം മാത്രമാണിതെന്ന് യശ്വന്ത് സിൻഹയെപ്പോലുള്ളവർ അഭിപ്രായപ്പെടുന്നുണ്ട്.

സാമ്പത്തിക അടിസ്ഥാനത്തിലാകുമ്പോൾ അതിനു വരുമാനത്തിൻ്റെ പരിധി ആവശ്യമായി വരുന്നു. ഇന്ത്യൻ എക്സ് പ്രസ് റിപ്പോർട്ട് പ്രകാരം 8 ലക്ഷത്തിൽ താഴെ വരുമാനമുള്ള നിലവിലെ സംവരണാനുകൂല്യം ലഭ്യമാകാത്ത വിഭാഗത്തിൽ പ്പെടുന്നവർക്ക് ഇപ്പോൾ നിലവിൽ വന്ന സംവരണത്തിൻ്റെ ആനുകൂല്യം ലഭിക്കും. പക്ഷേ ഇതൊരു നിയമമായി മാറണമെങ്കിൽ ഭരണഘടനയിലെ 15, 16 ആർട്ടിക്കിളുകൾ അമൻ്റ്മെൻ്റിനു വിധേയമാക്കേണ്ടതുണ്ട്. ആർട്ടിക്കിൾ 15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനമാണ്‌ വിശദമാക്കുന്നതെങ്കിൽ  16. പൊതു തൊഴിലവസരങ്ങളിലെ സമത്വം. ഇവ രണ്ടിലും തിരുത്തലുകൾ വരാതെ നിലവിൽ പ്രഖ്യാപിക്കപ്പെട്ട സംവരണത്തിനുള്ള സാധുത ചർച്ചചെയ്യേണ്ടതു തന്നെയാണ്. സാമ്പത്തിക സമത്വം എന്നത് എഴുതിച്ചേർക്കേണ്ട മാനദണ്ഡമാണ്.

ഭരണഘടനാപരമായ പിൻബലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ രൂപീകരണവും അതിൽ വരുന്ന വിഭാഗം ഇന്നനുഭവിക്കുന്ന സംവരണവും ഇപ്പോഴും പലരും ചോദ്യം
ചെയ്തുകൊണ്ടിരിക്കുകയാണ്. സംവരണമെന്നത്  ഇന്ത്യൻ സമൂഹത്തിലെ ജാതി ചിന്ത അടിച്ചേൽപ്പിച്ച അരക്ഷിതാവസ്ഥയിൽ നിന്നും  രക്ഷപെടാനുള്ള ഒരു  പ്രക്രിയയെന്ന നിലയിലാണ് ഭരണഘടന പരമായ ചിന്ത.  അമ്പത് വർഷങ്ങളായി പിന്തുടരുന്ന പട്ടികജാതി പട്ടികവർഗ്ഗ സംവരണം പിന്‍ വലിക്കണമെന്നുള്ള ആവശ്യം മുന്നിൽ വച്ചു സമരം ചെയ്യുന്നവർ ഇത്  നിലവിൽ ആവശ്യമില്ലെന്ന് സോഷ്യൽ സ്ട്രാറ്റയിലെ ചെറിയ ഉദാഹരണങ്ങൾ പെരുപ്പിച്ചു കിട്ടിയാണ് പ്രതിരോധിക്കുന്നത്. .തീർച്ചയായും സംവരണം ഒരു രാജ്യത്തിൻ്റെ സാമൂഹിക ഉത്തരവാദിത്വമാണ്. തുടർന്നുവന്ന ജീവിത പശ്ചാത്തലങ്ങൾ കാരണം ക്ഷീണിതരായ മനുഷ്യർക്ക് ഒരു ജനാധിപത്യക്രമം അനുവദിച്ച സാമൂഹിക പരിഗണനയാണ് സംവരണം. ഇന്ത്യൻ അവസ്ഥയിൽ ഭരണഘടനാപരമായ സംവരണം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യൻ ദളിതുകളും ഗോത്രവിഭാഗക്കാരും ഇപ്പോഴും പൊതുഇടങ്ങളിൽ എത്തില്ലായിരുന്നുവെന്നത് ചരിത്ര സത്യമാണ്. പക്ഷേ എത്രമാത്രം? ഈ ചിന്തയിൽ നിന്നാണ് സംവരണം ഇനിയും തുടരണമെന്നതിൻ്റെ പ്രസക്തി നിലനിൽക്കുന്നത്. പട്ടികജാതിയിൽ പെട്ടവർക്ക് തൊഴിൽ സംവരണം കേവലം 8 ശതമാനം മാത്രമാണിപ്പോൾ നിലവിലുള്ളത്. ഈ എട്ട് ശതമാനത്തിൽ പോലും പലരും എത്തുന്നില്ല എന്നതാണ് നിലവിൽ സംവരണം തുടരണം എന്ന വാദത്തിൻ്റെ പ്രസക്തി. അതിൻ്റെ സാംഗത്യത്തെ സാമ്പത്തിക മാനദണ്ഡത്തെ ആസ്പദമാക്കി ചർച്ചയ്കു വിധേയമാക്കുമ്പോഴാണ് പിശകുകൾ സംഭവിക്കുന്നത്.

Read Also  യുഎഇയില്‍ പാര്‍ടൈം വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലവകാശങ്ങള്‍ ഉറപ്പാക്കും

നമുക്കിപ്പോൾ നിലവിൽ വന്ന സംവരണത്തിൻ്റെ മറ്റൊരു വശത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. ചെറിയൊരു ഉദ്ദാഹരണം നമ്മുടെ മുൻപിൽ തന്നെയുണ്ട് ബി പി എൽ , എ പി എൽ കാറ്റഗറിയുണ്ടായപ്പോൾ ആനുകൂല്യത്തിൽ കണ്ണുവച്ചുകൊണ്ട് പൊതു സമൂഹത്തിൽ സമ്പന്നരായി ജീവിക്കുന്ന പലരും ബി പി എൽ പട്ടികയിൽ എത്തിച്ചേരാൻ നടത്തിയ പരാക്രമം തന്നെ ഉദാഹരണമാണ്. അതൊന്ന്, പിന്നീടുള്ളത് നിലവിലെ എട്ട് ലക്ഷം എന്ന വാർഷിക വരുമാനത്തിൻ്റെ സാമ്പത്തികപരിധിതന്നെ വലിയ പ്രശ്നം സൃഷ്ടിക്കും. ഈ സംവരണം കൊണ്ടുദ്ദേശിക്കുന്ന പ്രഖ്യാപിത ലക്ഷ്യങ്ങൾ സാധിക്കാതെ പോകുന്നത്. എട്ട് ലക്ഷം എന്ന പരിധി തന്നെയാണ്. സർക്കാർ ജീവന]ക്കാരും മറ്റ് തൊഴിൽ മേഖലയിലെ സ്ഥിരം തൊഴിലാളികളും ഈ ആനുകൂല്യത്തിനർഹരാകും താഴേക്കിടയിൽപ്പെട്ടവരെ പലതുകൊണ്ടും എളുപ്പം മറികടക്കാൻ ഇവർക്കാവും എന്നതാണ് സത്യം.

ദാരിദ്ര്യത്തെ മറികടക്കുവാൻ സംവരണം കൊണ്ട് സാധിക്കില്ലെന്ന് അംബേദ്ക്കർ തന്നെ സൂചിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസം കൊണ്ട് മാത്രമേ അതു നേടിയെടുക്കാൻ കഴിയൂവെന്ന് പലകുറി അദ്ദേഹം സൂചിപ്പിക്കുന്നു. ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുവേണ്ടി സംവരണത്തെ പുതിയ കാലത്ത് കൂട്ടുപിടിക്കുന്നത് അശാസ്ത്രീയമാണ്‌. അതു സാമൂഹിക നീതിക്ക് നിരക്കുന്നതല്ല. അതും ഇപ്പോൾ നിലവിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന സംവരണം. അതേ സമയം,  ആദ്യത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനയുടെ 93-ാമത്തെ ഭേദഗതിയില്‍ സാമ്പത്തിക സംവരണം അംഗീകരിക്കപ്പെട്ടുവെന്നത് പലപ്പോഴും മറക്കുന്നു.

ബി ജെ പിയുടേ പിന്തുണയോടെയാണ് യു പി എ ഗവണ്മെൻ്റ് 93 അമൻ്റ് മെൻ്റ് നടത്തിയത്. തികച്ചും സങ്കേതികത്വം നിറഞ്ഞ എന്നാൽ പലതും കാണാതെയുമുണ്ടായ ഒരു പരിഷ്കരണമായിരുന്നു തൊണ്ണൂറ്റിമൂന്ന്. അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ചോദ്യം ചെയ്യുന്നില്ല സംസ്ഥാന സർക്കാരിൻ്റെ കീഴിലും അത് പോലെ എയ്ഡഡ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു തൊണ്ണൂറ്റിമൂന്നാം ഭേദഗതി. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ നീങ്ങുമ്പോഴും  ഓർമ്മിക്കേണ്ട ഒരു വസ്തുത ഭരണഘടനയിൽ എന്തു തിരുത്തൽ വരുത്തിയാലും .ഒരു സാമൂഹികാവസ്ഥയുടെ പിടിയിൽ നിന്നും മോചിപ്പിക്കുക എന്ന വലിയൊരുത്തരവാദിത്വത്തിൽ നിന്നാണ് സംവരണം എന്ന ആശയം ഭരണഘടനാ രൂപീകരണവേളയിൽ അബേദ്ക്കറേപ്പോലുള്ള ഒരാളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ അതിൻ്റെ ഏറ്റവും മോശപ്പെട്ട അവസ്ഥാന്തരമാണ് സാമ്പത്തിക സംവരണമെന്നേ പറയാൻ സാധിക്കൂ. കാരണം ഇത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിൻ്റെ പരിധിയിൽ വരുന്ന ഒരു പ്രശ്നം മാത്രമാണെന്നൊരിക്കൽകൂടി സൂചിപ്പിക്കുന്നു. അതിനു നിലവിൽ ധാരാളം മാർഗ്ഗങ്ങളുമുണ്ട്. അതിൻ്റെ സാമൂഹിക നീതിയിലൂന്നി നിൽക്കുന്ന ഭരണഘടനാസംവരണ ക്രമവുമായി കൂട്ടിക്കെട്ടരുത്. 

 

LEAVE A REPLY

Please enter your comment!
Please enter your name here