Sunday, November 29

മുഖ്യമന്ത്രിക്കെതിരെ പറയാൻ ഇ ഡി നിർബന്ധിച്ചുവെന്ന ശബ്ദം സ്വപ്നയുടെത് തന്നെയെന്ന് ജയിൽ ഡി ഐ ജി

സ്വർണ്ണക്കടത്തു കേസിൽ  മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന ശബ്ദരേഖയിലെ ശബ്ദം സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് ശരിവെച്ച് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി.

അതേസമയം ശബ്ദസന്ദേശം ജയിലില്‍ നിന്നല്ല പുറത്തു വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡി.ഐ.ജി മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയത്. എപ്പോഴാണ് ഇത്തരത്തില്‍ സംസാരിച്ചതെന്ന് അറിയില്ലെന്നും പുറത്ത് തെളിവെടുപ്പിന് പോയപ്പോഴായിരിക്കാം എന്നുമാണ് സ്വപ്‌ന സുരേഷ് ഡി.ഐ.ജിയോട് പറഞ്ഞത്.

മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായും, രേഖപ്പെടുത്തിയ തന്റെ മൊഴി കൃത്യമായി വായിച്ച് നോക്കാന്‍ അനുവദിച്ചില്ലെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ജയിലില്‍ വരുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

ഡി.ഐ.ജി ജയിലിലെത്തി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ദക്ഷിണ മേഖലാ ഡി.ഐ.ജി അജയ് കുമാറിനാണ് അന്വേഷണ ചുമതല. ഡി.ഐ.ജി അട്ടക്കുളങ്ങരയിലെ ജയിലില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തുന്നത്.

മുഖ്യമന്ത്രിക്കായി ശിവശങ്കറിന്റെ കൂടെ യു.എ.ഇയില്‍ പോയി സാമ്പത്തിക വിലപേശല്‍ നടത്തിയെന്ന് മൊഴിനല്‍കാനാണ് ഇ.ഡി നിര്‍ബന്ധിച്ചതെന്നും ശബ്ദരേഖയില്‍ പറയുന്നു.

Spread the love
Read Also  ഇന്ന് സംസ്ഥാനത്തു മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു