Monday, January 24

കവിതയുടെ യക്ഷകല ; ഇടപ്പള്ളി കവിതകളിലൂടെ

ഇടപ്പള്ളിയുടെ കവിതയെക്കുറിച്ചെഴുതിയ ഒരു വേളയിൽ ഡി. വിനയചന്ദ്രനാണ് കവിതയുടെ യക്ഷകല എന്നു പ്രയോഗിച്ചത്. ശിക്ഷയും കല്പവും വ്യാകരണവും സാഹിത്യാഭ്യാസവുമില്ലാതെ പ്രതിഭയുടെ തിരയിളക്കമായിരുന്നു ഇടപ്പള്ളിയുടെ കവിതകൾ.

പുതിയ പുതിയ കവിതകൾ വായിച്ചു കൊണ്ടിരിക്കെത്തന്നെ പഴയ കവിതകളിലേക്കു തിരിച്ചു നടക്കുന്നതും കവിതാ വായനയുടെ ഒരു സ്വഭാവമാണ്. നല്ല കവിതാ വായനക്കാരൊക്കെ അങ്ങനെയാണെന്നു തോന്നുന്നു. ഒരിക്കലും മങ്ങാതെ കാന്തി ചിന്തുന്ന ചില കവിതകൾ പിൻവിളി വിളിച്ചു കൊണ്ടേയിരിക്കും. അത്തരം കവിതകളിൽ കാർത്തിക നക്ഷത്രം പോലെ അരികിലെപ്പൊഴും കൂട്ടായ് നിൽക്കുന്ന കവിതയാണ് ‘മണിനാദം ‘ . പ്രണയഗാനം പൊഴിച്ചിരുന്ന ഇടപ്പള്ളിയുടെ തൂലികയിലൂടെ ഹൃദയരക്തം ഒഴുകിപ്പരന്നു വീണപ്പോൾ പ്രതിനിമിഷം നിറഞ്ഞു തുളുമ്പുന്ന കാവ്യ കല്ലോലിനി പിറന്നു. മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം – വരുന്നു ഞാൻ എന്ന് ആവർത്തിച്ച് എഴുതി മരണത്തെ പുല്കാനാഞ്ഞ വിഷാദകാമുകനായ കവി പകരം വെയ്ക്കാനാകാത്ത അനശ്വരമായ ഒരു കവിത മലയാള കാവ്യനടയിൽ കൊളുത്തി ഇടുകയായിരുന്നു. ഇടപ്പള്ളിയില്ലാത്ത, മണിനാദമില്ലാത്ത മലയാള കാല്പനിക കവിത പുഴുവരിച്ച പുഷ്പംപോലെ മങ്ങിയേനേം.

ഈ ലോകം ഒരു അരങ്ങാണെന്നും അവിടെ അഭിനയം പിഴച്ച നടനാണു താനെന്നും പറയുന്ന ഭാഗത്താണ് മണിനാദം അതിന്റെ ഏറ്റവും വിഷാദ ധ്വനി പുറപ്പെടുവിക്കുന്നത്. ഒറ്റനിമിഷത്തിൽ വിവിധ രീതിയിൽ പാടാനും ആടാനും തനിക്കാവില്ലെന്നതാണ് കവിയെ വിഷമിപ്പിക്കുന്നത്. നവരസങ്ങൾ സ്ഫുരിപ്പിക്കാൻ തനിക്കാവില്ല. സഫലമായി നടിക്കാൻ കവി ആകുന്നിടത്തോളം ശ്രമിക്കുന്നുണ്ട്. പുതു പുതു രീതികൾ പരിചയിക്കുന്നുണ്ട്. എന്നാൽ എല്ലാം നിഷ്ഫലം. തവിടുപോലെ തകർന്നു പോയ മനസുമായി അരങ്ങത്തെത്തി ചിരിച്ചു കുഴയാൻ കഴിയുന്നതേയില്ല. ചിരി ചൊരിയുവാൻ പരിശീലിപ്പിക്കെ ഗുരു പലപ്പോഴും തലയിൽ പ്രഹരിച്ചിട്ടുണ്ട്. പക്ഷേ വിചിത്രമായ ഈ നൃത്ത ശിക്ഷാക്രമം ഈ കാമുക കവിക്ക് വഴങ്ങുന്നതേയില്ല. പ്രണയ നാടകം എന്നും നിണമണിച്ചിലിലാണ് അവസാനിക്കുന്നത്. കളരി മാറി കച്ച കെട്ടാൻ ,കളിയരങ്ങു മാറി നോക്കാൻ മരണത്തിലേക്കു പോകുന്നു കവി.
ഇതിനപ്പുറം ഒരു പ്രണയ വിഷാദ കാമുക യാത്രാമൊഴി അക്കാലത്ത് സംഭാവ്യമല്ലായിരുന്നു എന്ന് വിനയചന്ദ്ര കവി. ഇടപ്പള്ളി കവിതയിലെ വിഷാദം വിവിധ ചഷകങ്ങളിൽ കോരിക്കുടിച്ചിട്ടിട്ടുണ്ട് പിൽക്കാല മലയാള കവികൾ .
‘ തെല്ലൊരു വെളിച്ചമില്ലോമനേയിതാ യെന്റെ –
പുല്ലുമാടവും കത്തിച്ചെത്തുകയായീ ദാസൻ ‘
ഇടപ്പള്ളിക്കവി സ്വയം എരിച്ചു കളഞ്ഞ പുല്ലുമാടത്തിന്റെ വെളിച്ചവും നിഴലും മലയാള കവിതയിൽ ഇപ്പോഴും ചൂടായി പൊട്ടിപ്പടരുന്നുണ്ട് .

Spread the love
Read Also  "മൂളിക്കൊണ്ടഭിരാമനായലയുമെൻ നന്മക്ഷികേ" ; ഉത്സവക്കാലത്ത് പീയുടെ കവിതകളോർക്കുമ്പോൾ

51 Comments

Leave a Reply