Wednesday, June 23

ഇവിടെ ജയിച്ചത് പൊറോട്ടയും ബീഫുമാണ് ; കുഞ്ഞാമ്പു എഴുതുന്നു

കുഞ്ഞാമ്പു ഓടിയൊളിച്ചോ ?എന്നൊരു ചോദ്യം വൈകിട്ട് ആപ്പീസുമുക്കിലൂടെ വരുമ്പോൾ ആരാണ്ടു ചോദിക്കുന്നതായി കേട്ട്, ഒന്ന് തിരിഞ്ഞുനോക്കി ദാ ഇവിടുണ്ട്. എന്നുത്തരം പറഞ്ഞെങ്കിലും ചോദിച്ചവൻ കേട്ടില്ല. അതുകൊണ്ട് ഒന്നെഴുതിയറിയിക്കാമെന്നു കരുതി.-ഗോപൻ സാറിന്റെ ശബ്‍ദം– ‘ഈ നാടിനിതെന്തുപറ്റി’. ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആഘോഷങ്ങൾ ഒന്നും കാണുന്നില്ല, എന്തോ ദുരന്തം നടന്ന ലക്ഷണമാണ് എല്ലാടത്തും. പടക്കക്കടയിൽ നിന്നും വെടി ചേട്ടൻ മനോവിഷമത്തിൽ കടയടച്ചു പോകുന്നതുകണ്ടു. ഇത്തിരി സ്മാളുവിട്ടു ദുഃഖമടക്കാമെന്നു വച്ചപ്പോൾ സ്ഥാപനം അവധിയാണെന്നും കണ്ടു. പിന്നെ വന്നിരുന്നു നാമം ജപിക്കാമെന്നുകരുതി നേരെ വീട്ടിലേക്കു വച്ച് പിടിച്ചതാണ്. നാമം പറഞ്ഞപ്പോഴാ നമ്മുടെ നാമജപ സംഘത്തിലെ സുരേന്ദ്രനെക്കുറിച്ചോർമ്മിച്ചത്. അയ്യപ്പൻറെ ചെലവിൽ ഒരു എം പി സ്ഥാനം അത്ര കുറച്ചിലൊന്നുമല്ലല്ലോ കാടിളക്കി നാടിളക്കി നാട്ടിലെ സംഘികളെ എല്ലാം ഉണർത്തി ആട്ടവും പാട്ടും പിന്നെ കുലമഹതികളുടെ ഐശ്വര്യ സമ്പൂർണ്ണമായ മുഖവും ആരതിയുഴിച്ചിലും എല്ലാം സുരേന്ദ്രജിയുടെ മുൻപിൽ കണ്ടാരുന്നു കുഞ്ഞാമ്പു. പക്ഷെ മഷിയിട്ടു നോക്കിയിട്ടും കെ സു വിനെ കാണാൻ കഴിയുന്നില്ല. ദു:ഖമുണ്ട്. ങ്ങളങ്ങു പോയോ ?

എന്ന പിന്നെ തൃശൂരവിടുണ്ടോ ന്നൊരു ചങ്ങാതിയോടു വിളിച്ചു ചോദിക്കാമെന്ന് കരുതി.. ‘ഉണ്ടിഷ്‌ടാ നമ്മുടെ തൃശൂരിനെന്നല്ല കേരളം പോലും ഇവിടുണ്ട് ആരും എടുത്തോണ്ട് പോയില്ല.’ സന്തോഷമായി- സന്തോഷമായി …ഒരു ചങ്ങാതി തൃശൂര് കൊണ്ടുപോകാൻ ജെ സി ബിയും കൊണ്ട് വന്നു നിന്നതായിരുന്നു. അത്താഴ പട്ടിണിക്കാരനായിരുന്നെ, വല്ലവരും കൊടുക്കുന്ന തീറ്റയും എടുത്തുകൊണ്ട് മീൻ മുള്ളും മിഴുങ്ങി നടന്ന ഒരു പാവം കോടീശ്വരൻ. രണ്ടെമ്പിയാകാനുള്ള ആഗ്രഹമായിരുന്നു തോറ്റന്പിയത്. ഇഷ്‌ടൻ, കഷ്ടം.. നിങ്ങളെന്താ ഹേ ഇങ്ങനെ ഇന്ത്യമുഴുവൻ തൂത്തുവാരിയപ്പം കേരളത്തേന്ന് കിട്ടണമെന്ന് ഞങ്ങക്ക് വലിയ താത്പര്യമൊന്നുമില്ല. എന്നങ്ങു ആശ്വസിക്കാം.

തെരഞ്ഞെടുപ്പുകഴിഞ്ഞപ്പം ഫലം അറിഞ്ഞപ്പം കുഞ്ഞമ്പുവിന്റെ ചെറിയ പുത്തിയിൽ തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചുവയ്ക്കാം. 
കേരളത്തിൽ നിന്നും ഈ തെരെഞ്ഞെടുപ്പിൽ രക്ഷപെട്ടത് രണ്ടുപേരാണ് ഒന്ന് സാക്ഷാൽ രാഹുൽജി. ഓർത്തു നോക്ക് ജി എന്താകുമായിരുന്നെന്നു അമേഠിയിൽ മാത്രം നിന്നിരുന്നെങ്കിൽ പാര്ലമെന്റിന്റെ പടികേറാൻ സന്ദർശനപാസ് എടുക്കേണ്ടി വരില്ലായിരുന്നോ?
അത് പന്ത്രണ്ടാ ക്‌ളാസുകാരിയോട് തോറ്റ് തുന്നം പാടി.


പിന്നെ രക്ഷപെട്ടത് നമ്മുടെ ഉണ്ണിത്താനാണ്. ഒതുക്കി ഒതുക്കി അങ്ങ് വടക്കോട്ടെടുത്തതാ അപ്പോഴാ ഈ വിജയം അങ്ങേരിതു അർഹിക്കുന്നു. പാവം ഇതുവരെ കുറിതൊടുമെങ്കിലും കെ പി സി സി പ്രസിഡന്റിനെപ്പോലെയോ കെ സുധാകർജിയെപ്പോലെയോ പ്രത്യക്ഷ സംഘിമനസുമായി വിലപേശിയിട്ടില്ല അല്ലറചില്ലറ കൊഴപ്പങ്ങൾ വേറെയുണ്ടെങ്കിലും.

അപ്പൊ പിന്നെ രക്ഷപെടാതെ പോയതാര് സംശയമെന്ത്.. അതുനമ്മുടെ ഉസ്മാൻ ഷാനിമോളുമാത്രം. വടക്കോട്ടു വിട്ട വണ്ടി ആലപ്പുഴവഴിയല്ലാരുന്നു കോട്ടയം വഴിയായിരുന്നു എന്നങ്ങു സമാധാനിക്കാം. സിദ്ധിക്ക് നിങ്ങളും ഭാഗ്യദോഷികളുടെ ലിസ്റ്റിലാണ് കിടക്കുന്നത് അങ്ങേര് അമേഠിയിൽ തോറ്റ സ്ഥിതിക്ക് ഇനി വയനാട് സ്വാഹാ. ഇവിടെ ഒരു ന്യൂനപക്ഷ ദ്രോഹമല്ലേ കോൺഗ്രസ് കാരെ നിങ്ങൾ നടത്തിയത്. ശരിക്കും മോദിയുടെ ബി ടീം തന്നെ.

Read Also  ഉപ്പയും അപ്പയും കൂടി വഴിയാധാരമാക്കിയ ഒരു തലമുറ അല്ലേ സഖാവേ?

ഇനി ആര് ജയിച്ചു വന്നു ചോദിച്ചാൽ ആരും ജയിച്ചില്ല അതുകൊണ്ടുതന്നെയാണ് ഞാൻ ആദ്യം തന്നെ പറഞ്ഞത് ഈ നാടിനിതെന്തുപറ്റിയെന്ന്. ഇവിടെ ജയിച്ചവർ കേന്ദ്രത്തിലെത്തിയില്ല കേന്ദ്രത്തിൽ എത്തിയവർക്ക് ഇവിടെ ആരുമില്ല. ഇവിടെ ഭരിച്ചവർക്കും, -ശക്തമായ അതെ കുഞ്ഞമ്പു ഇടതു പക്ഷത്തുതന്നെയാണ് – രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ ജയിച്ചതുമില്ല. അങ്ങനങ്ങു സുഖിക്കേണ്ട ആരും .

ഇതിനിടെ ഒരു വനിതാ പ്രാതിനിധ്യം കേരളത്തിലെ കോൺഗ്രസിൽ നിന്നും ഉണ്ടാകുന്നു. അതും പട്ടിക ജാതിയിൽ നിന്നും പാട്ടും പാടി വന്ന നാട്ടുകാരുടെ പെങ്ങളൂട്ടി.. നല്ലതുതന്നെ ജയിക്കട്ടെ, പക്ഷെ അങ്ങ് കേന്ദ്രത്തിൽ എന്ത് പറയുന്നൂന്നു കാണാൻ കുഞ്ഞമ്പു കാത്തിരിക്കുന്നു ready to wait അതായിരുന്നല്ലോ കേരളം ഇളകിമറിഞ്ഞപ്പോൾ പെൺകൊച്ചുയർത്തിയ ആപ്തവാക്യവും അതങ്ങനെ തന്നെ നിൽക്കട്ടെ.

കണ്ണേട്ടാ കണ്ണേട്ടാ നിങ്ങൾ എവിടെയാണ് മാവുകൾ പൂക്കുന്നുണ്ട് മാമ്പഴക്കാലമാണ് എത്തിച്ചാടി എനിക്കൊരെണ്ണം പറിച്ചു തരാമോ ?കുഞ്ഞമ്പുവിന് ഇത്തിരി നീളം കുറവാണ്.                                                                                                     

 ‘ഞാനില്ല…..’ അൽഫോൻസ് കണ്ണേട്ടൻ ആരും കാണാതെ മുങ്ങി. ഇനി ഡൽഹിയിൽ പൊങ്ങും. അതുകൊണ്ട് ‘ദൈര്യ’മായിട്ടു വാ ഇത് കേരളമാണ് വാ നമുക്കിത്തിരി പൊറോട്ടയും ബീഫും കഴിക്കാം .

Spread the love