Wednesday, December 1

ക്രിസ്ത്യൻ സമുദായത്തെ ഭയപ്പെടുത്തി വോട്ടു നേടുന്ന സംഘപരിവാറിന്റെ വർഗ്ഗീയ ധ്രുവീകരണം

ഇന്ന് ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൂടെ സംസ്ഥാനങ്ങളിലെ ഭരണം നിലനിർത്താനോ പിടിച്ചെടുക്കാനോ ഉള്ള മാർഗ്ഗങ്ങളാണ് സംഘപരിവാർ തേടിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ന്യൂനപക്ഷസമുദായങ്ങളെയോ അവർ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളെയോ ശ്വാസം മുട്ടിച്ചു മറുപക്ഷത്തിന്റെ ശ്രദ്ധ ഹിന്ദുത്വ എന്ന ആശയത്തിലേക്ക് വഴി തിരിക്കുക എന്നതാണ് ഇപ്പോൾ അവലംബിക്കുന്ന രീതി. ഇതുവഴി ഇരട്ട നേട്ടങ്ങളാണ് ഹിന്ദുത്വവാദികൾ ലക്ഷ്യമിടുന്നത്. ഒന്ന് ന്യൂനപക്ഷസമുദായങ്ങളെ മുൾമുനയിൽ നിർത്തുക, രണ്ടു ഹിന്ദുവോട്ടുകൾ സമാഹരിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം. ഇതിന്റെ ഭാഗമായി ആദ്യം ടാർജറ്റ് ചെയ്തത് മുസ്ലിങ്ങളെയായിരുന്നു. മുസ്ലിം സമുദായത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നതിൽ വിജയിച്ചതോടെയാണ് ഇവർ ക്രിസ്ത്യൻ സമുദായത്തിലേക്ക് തിരിഞ്ഞത്. സമുദായ നേതാക്കൾ ഇടയ്ക്കിടെ കേന്ദ്രസർക്കാരിന് പൂർണപിന്തുണ പ്രഖ്യാപിച്ചെങ്കിലും അതൊക്കെ അവഗണിച്ചു സംഘപരിവാർ ക്രിസ്ത്യൻ സമുദായത്തിലെ വിദ്യാഭ്യാസസ്ഥാപങ്ങൾക്കെതിരെ നിലപാടെടുക്കുകയായിരുന്നു

ഇതിന്റെ ആദ്യപടിയായി കർണാടകയിൽ ക്രിസ്ത്യൻ പള്ളിയിൽ കയറി ജയ് ശ്രീറാം വിളിച്ചു പ്രാർത്ഥന തടസ്സപ്പെടുത്തി. കര്‍ണാടകയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണവുമായി ഹിന്ദുത്വവാദികള്‍ എത്തുകയായിരുന്നു. മധ്യപ്രദേശിലെ സത്നയില്‍ സിറോ മലബാര്‍ രൂപതയുടെ സ്‌കൂളില്‍ സരസ്വതീ വിഗ്രഹം സ്ഥാപിക്കണമെന്ന് വി.എച്ച്.പിയും ബജ്‌റഗ് ദളും ആവശ്യപ്പെട്ടു.

ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15 ദിവസത്തിനകം വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് ഭീഷണി.
വി.എച്ച്.പിയുടേയും ബജ്‌റംഗ് ദളിന്റേയും 30 ഓളം വരുന്ന പ്രവര്‍ത്തകര്‍ സ്‌കൂള്‍ മാനേജരും രൂപതയുടെ വികാരി ജനറലുമായ ഫാ. അഗസ്റ്റിന്‍ ചിറ്റുപറമ്പിലിനെ നേരിട്ട് കണ്ടാണ് ഇക്കാര്യമാവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍ നിര്‍മിച്ചത് സരസ്വതി വിഗ്രഹമുണ്ടായിരുന്നിടത്താണെന്നാണ് ഹിന്ദുത്വസംഘടനകളുടെ വാദം
എന്നാല്‍, താന്‍ 20 വര്‍ഷമായി സ്‌കൂളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണെന്നും വി.എച്ച്.പിക്കാരുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഫാ. അഗസ്റ്റിന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  ഗൗരിലങ്കേഷ് കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ