Thursday, January 20

എലിസ ലിയോനിഡ സാംഫിറെസ്കുവിന്‍റെ 131ാം ജന്മദിനം ഗൂഗിള്‍ ഡൂഡില്‍ ആദരം, പ്രതിപക്ഷം.ഇന്നിന്‍റെയും

എലിസ ലിയോനിഡ സാംഫിറെസ്കുവിന്‍റെ 131ാം ജന്മദിനമാണിന്ന്. ഗൂഗിള്‍ എലിസയെ ഡൂഡില്‍ കൊണ്ട് ആദരിക്കുന്നു. എലിസയുടെ 131ാം ജന്മദിനത്തില്‍ പ്രതിപക്ഷം.ഇന്നിന്‍റെയും ആദരം.

റൊമാനിയയിലെ ആദ്യവനിതാ എഞ്ജിനീയറാണ് എലിസ ലിയോനിഡ സാംഫിറെസ്കു. ലോകത്തെ രണ്ടാമത്തെയും. 1912ലാണ് എലിസ എഞ്ജിനീയറിംഗ് ബിരുദം നേടിയത്. അതിനും ആറ് വര്‍ഷം മുമ്പ് ബിരുദം കരസ്ഥമാക്കിയ ആലീസ് പെറി എന്ന ഐറിഷ് വനിതയാണ് ലോകത്തെ ആദ്യ വനിതാ എഞ്ജിനീയര്‍.

1887 നവംബര്‍10 ന് റൊമാനിയയിലെ ഗലാത്തിയിലാണ് എലിയ ജനിച്ചത്. പത്ത് സഹോദരങ്ങളുണ്ടായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ബുക്കാറസ്റ്റിലെ സ്കൂള്‍ ഓഫ് ബ്രിഡ്ജസ് ആന്‍റ് റോഡ്സില്‍ ബിരുദപഠനം നടത്താനാഗ്രഹിച്ച എലിസയ്ക്ക് പെണ്‍കുട്ടി ആയതിനാല്‍ പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയാതെ എലിസ റോയല്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ചാര്‍ലോട്ടന്‍ബര്‍ഗില്‍ (ഇന്നത്തെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ബര്‍ലിന്‍) മെക്കാനിക്കല്‍ എഞ്ജിനീയറിംഗ് പഠിക്കാന്‍ ചേരുകയായിരുന്നു. 1909ല്‍ പഠനത്തിന് ചേര്‍ന്ന് 1912ല്‍ ബിരുദം നേടിയ അവര്‍ യൂറോപ്പിലെ ആദ്യകാല വനിതാ എഞ്ജിനീയര്‍മാരില്‍ ഒരാളാവുകയായിരുന്നു.

ബിരുദം നേടിയ ശേഷം എലിസ ബുക്കാറസ്റ്റിലെ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്ക് ചേരുകയായിരുന്നു. അവിടെ അവര്‍ ലബോറട്ടറിയുടെ മേധാവിയായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അവര്‍ റെഡ് ക്രോസില്‍ ചേര്‍ന്ന് ചെറു നഗരമായ മരാസെറ്റിയിലെ ആശുപത്രിയില്‍ മാനേജരായി സേവനം അനുഷ്ഠിക്കുകയുണ്ടായി.

ലബോറട്ടറി മേധാവിയായി സേവനം അനുഷ്ഠിച്ച കാലത്ത് അവര്‍ ജലം, കല്കരി, എണ്ണ മുതലായ ധാതു ദ്രവ്യങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഏര്‍പ്പെട്ടു. അതിരാവിലെ മുതല്‍ രാത്രിവരെ ജോലിയില്‍ മുഴുകുക എലിസയുടെ പ്രത്യേകതയായിരുന്നു. വിരമിക്കല്‍ പ്രായം കഴിഞ്ഞും 75 വയസ്സുവരെ എലിസ തൊഴില്‍ ചെയ്തിരുന്നു.

1973ലാണ് എലിസ മരണമടഞ്ഞത്. അവരുടെ മരണത്തിന് ഇരുപത് വര്‍ഷത്തിന് ശേഷം 1993ല്‍ അവര്‍ ജീവിച്ച സ്ഥലത്തെ തെരുവിന് അവരുടെ പേര് നല്കുകയുണ്ടായി. 1997ല്‍ ടെക്നോളജിയുടെയും ശാസ്ത്രത്തിന്‍രെയും മേഖലയിലെ വനിതകള്‍ക്കായി പ്രിമിയല്‍ എലിസ ലിയോനിഡ സാംഫെറിസ്ക്യു അവാര്‍ഡ് ഏര്‍പ്പെടുത്തപ്പെട്ടു.

ഒരു കെമിക്കല്‍ എഞ്ജിനീയര്‍ എന്നതിനപ്പുറം നിരായുധീകരണത്തിന്‍റെ വക്താവായിരുന്നു എലിസ. ന്യൂക്ലിയര്‍ ഭീഷണിയ്ക്കെതിരെ ലണ്ടനിലെ
ലന്‍കാസ്റ്ററിലെ നിരായുധീകരണ സമിതിയ്ക്ക് എലിസ പരാതി നല്കുകയുണ്ടായി.

75 വയസ്സുവരെ ജോലി ചെയ്ത എലിസ 86ാം വയസ്സില്‍ 1973 നവംബര്‍ 25നാണ് മരണമടഞ്ഞത്.

1912ല്‍ എലിസ ലോകത്തെ രണ്ടാമത്തെ വനിതാ എഞ്ജിനീയര്‍ ആയെങ്കില്‍ പിന്നെയും 28 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യയില്‍ ആദ്യമായി ഒരു വനിതാ എഞ്ജിനീയര്‍ ഉണ്ടായത്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ലളിത ആണ് ഇന്ത്യയിലെ ആദ്യ വനിതാ എഞ്ജിനീയര്‍.

 

 

 

Spread the love
Read Also  ബധിരരുടെ പിതാവ് ചാള്‍സ് മൈക്കേല്‍ ഡിലെപിന്‍റെ 306ാം ജന്മദിനം ഗൂഗിള്‍ ഡൂഡില്‍ ആദരം പ്രതിപക്ഷം.ഇന്നിന്‍റെയും

Leave a Reply