Sunday, January 16

എൻജിനിയറിംഗ് പഠിക്കാൻ വിദ്യാർഥികളില്ല; രണ്ട് സ്വാശ്രയ കോളേജുകൾ കൂടി പൂട്ടുന്നു

കേരളത്തിൽ രണ്ടു സ്വാശ്രയ എൻജിനിയറിങ് കോളേജുകൾകൂടി പൂട്ടാൻ സാങ്കേതിക സർവ്വകലാശാല അനുമതി നൽകി. കൊല്ലം കടയ്ക്കൽ എസ്. എച്ച്. എം. എൻജിനിയറിങ് കോളേജ്, ചേർത്തല കെ വി എം എൻജിനിയറിങ് കോളേജ് എന്നീ കോളേജുകൾക്കാണ് അടച്ചുപൂട്ടാനുള്ള അനുവാദം ലഭിച്ചത്. രണ്ടുവർഷം മുമ്പുതന്നെ ഈ കോളേജുകളുൾപ്പെടെ നിരവധി സ്വാശ്രയഎൻജിനിയറിങ് കോളേജുകൾ പോളിടെക്‌നിക് ആയി മാറ്റാനായി അപേക്ഷ നൽകിയിരുന്നു. പക്ഷെ സർക്കാർ അനുമതി ലഭിച്ചില്ല. തുടർന്നാണ് അടച്ചുപൂട്ടാൻ അനുമതി ആവശ്യപ്പെട്ട് അഞ്ചു എൻജിനിയറിങ് കോളേജുകൾ സാങ്കേതിക സർവ്വകലാശാലയെ സമീപിച്ചത്.

ഏതാനും വര്ഷങ്ങളായി വിദ്യാര്തഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഭീമമായ തോതിൽ കുറവ് വന്നതോടെയാണ് കോളേജുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നത്. കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് അൻപതിലധികം കൊളേജുകൾകൂടി തുടങ്ങാൻ അനുമതി നൽകിയതാണ് പ്രതിസന്ധികളുടെ തുടക്കമെന്നാണ് മാനേജുമെന്റുകളുടെ വാദം. ഇതോടെ കേരളത്തിൽ ആർട്സ് കോളേജുകളുടെ എണ്ണത്തിലുമധികം എൻജിനിയറിങ് കോളേജുകളായി.

കോളേജുകൾ ആരംഭിച്ച കാലത്ത് വൻതുകകൾ കോഴ വാങ്ങിയാണ് അൻപത് ശതമാനം മാനേജുമെന്റ് സീറ്റുകളിൽ അഡ്മിഷൻ നൽകിയത്. കുട്ടികൾക്ക് മികച്ച റിസൾട്ടുള്ള കോളേജുകൾ തെരഞ്ഞെടുക്കാൻ സൗകര്യം വന്നതോടെ നിലവാരം കുറഞ്ഞ സ്വാശ്രയ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കായി നെട്ടോട്ടം തുടങ്ങി. ഇലക്ട്രിക്കൽ പാടെ മാറിയിരുന്നു.ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് പോലുള്ള പല ബ്രാഞ്ചുകളിലും വിദ്യാർത്‌ഥികൾ തീരെയില്ലാത്ത അവസ്ഥയായി. മാത്രമല്ല വിജയശതമാനം തീരെകുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. എൻജിനിയറിങ് ബിരുദധാരികളുടെ എണ്ണം വർദ്ധിച്ചതോടെ തൊഴിൽക്ഷാമം നേരിട്ടു. അതോടെ ആർട്സ് കോളേജുകളിലേക്ക് പ്രവേശനത്തിന് തിരക്കനുഭവപ്പെട്ടു. ആർട്സ് കോളേജുകളിൽ അഡ്മിഷൻ കിട്ടാത്തവർ ബി ടെക്കിനു ചേരുന്ന അവസ്ഥയായി. പല കോളേജുകളിലും എൺപത് ശതമാനത്തിലധികം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.

കെ വി എം കോളേജ്
കെ വി എം കോളേജ്

അതേസമയം 2014 ൽ നിലവിൽ വന്ന എ പി ജെ അബ്ദുൽ കലാം സാങ്കേതികസർവ്വകലാശാലയ്ക്കെതിരെ പരാതികൾ നിരവധിയാണ്. കേരള സർവ്വകലാശാലയിൽ നിന്ന് ബി ടെക് എടുത്തുമാറ്റി രൂപീകരിച്ച സാങ്കേതിക സർവ്വകലാശാലയ്ക്ക് ഇതുവരെ ആസ്ഥാനം പോലുമായിട്ടില്ല. ഇപ്പോൾ തിരുവനന്തപുരം ശ്രീകാര്യത്തിനു സമീപമുള്ള ഗവ. എൻജിനിയറിങ് കോളേജ് കാമ്പസിലെ താൽക്കാലിക ഓഫീസിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ വൈസ് ചാൻസലറും പ്രൊ വൈസ് ചാന്സലറുമില്ല. സർക്കാരുമായുണ്ടായ ഭിന്നതയെ തുടർന്ന് വിസി ആയിരുന്ന ഡോ. കുഞ്ചെറിയ പി. ഐസക് രാജിവെച്ചിരുന്നു. പി വി സി ഒരാഴ്ച്ച മുമ്പ് വിരമിച്ചു. കുസാറ്റ് വി.സി ഡോ. ലതയ്ക്ക് കെ ടി യു വി.സി യുടെ അധികച്ചുമതല നൽകിയിരുന്നു. അവർ ഒരു മാസമായി അവധിയിലുമാണ്. പരീക്ഷാനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കാലതാമസം പതിവായി.

സിലബസും പരീക്ഷാസമ്പ്രദായവും ആകെ മാറിയതോടെ വിദ്യാർത്‌ഥികൾക്ക് ഉയർന്ന സെമസ്റ്ററിലേക്കുള്ള പ്രൊമോഷൻ ലഭിക്കണമെങ്കിൽ നിശ്ചിതശതമാനം മാർക്ക് വാങ്ങണമെന്ന വ്യവസ്ഥയായതിനാൽ വിദ്യാർത്‌ഥികളും ബി ടെക്കിനു ചേരുന്നതിനോട് വൈമുഖ്യം കാണിക്കുകയാണ്. ഇതോടെ കേരളത്തിലെ ഭൂരിപക്ഷം എൻജിനിയറിങ് കോളേജുകളുടെയും നിലനിൽപ്പ് അപകടത്തിലാണ്. എന്നാൽ കോളേജ് അടച്ചുപൂട്ടിയ സർവ്വകലാശാലയുടെ തീരുമാനത്തിനെതിരെ കടയ്ക്കൽ എസ് എച്ച് എം കോളേജ് വിദ്യാര്തഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 144 സ്വാശ്രയ എൻജിനിയറിങ് കൊളേജുകൾക്ക് ഈ വർഷവും തുടർന്ന് പവർത്തിക്കാൻ സാങ്കേതിക സർവ്വകലാശായുടെ അംഗീകാരം ലഭിച്ചതായി സ്വാശ്രയ എൻജിനിയറിങ് കോളേജ് മാനേജുമെന്റ് അസോസിയേഷൻ പ്രതിപക്ഷത്തോട് പറഞ്ഞു.

Spread the love

Leave a Reply