Thursday, February 25

ഇംഗ്ലീഷാവിഷ്ടമായ മലയാളം.

 

മലയാള ഭാഷയെക്കുറിച്ച് ഇടയ്ക്കിടെ കേരളത്തിൽ ചർച്ച ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ഓണക്കാലത്താണ് ഏറ്റവും ഒടുവിൽ മലയാള ഭാഷ കൊണ്ടു പിടിച്ച ചർച്ചയ്ക്ക് വിഷയമായത്. പി. എസ്.സി. പരീക്ഷകൾ മലയാളത്തിലാക്കണം എന്ന പ്രക്ഷോഭവുമായി ബന്ധിപ്പിച്ചാണ് അന്ന് പലവിധ ചർച്ചകൾ നടന്നത്.

പി. എസ്.സി. നടത്തുന്ന പല പരീക്ഷകളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിലായാൽ സംഭവിക്കാൻ പോകുന്ന ആശയ വിനിമയ തകരാറുകളെക്കുറിച്ച് അന്ന് പല വഴിക്ക് ചർച്ചകൾ നടന്നിരുന്നു. ശാസ്ത സാങ്കേതിക വിഷയങ്ങൾ പലതും മലയാളത്തിലാക്കുമ്പോൾ ഇംഗ്ലീഷിലുള്ള പല സാങ്കേതിക പദങ്ങൾക്കും തുല്യമായ മലയാള പദങ്ങൾ ഇവിടില്ല എന്നും മറ്റുമുള്ള തീർപ്പുകളിലാണ് ഒടുവിൽ ചർച്ചകളെല്ലാം പരിസമാപിച്ചതെന്നു തോന്നുന്നു.

പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ലോവർ പ്രൈമറി ക്ലാസ്സുകൾ മാതൃഭാഷയിലായിരിക്കണം എന്ന നിർദ്ദേശം കണ്ടതിനെത്തുടർന്ന് വീണ്ടും ചില ചർച്ചകൾ പൊട്ടിമുളയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.

മലയാള ഭാഷയുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകളിലെല്ലാം ഇംഗ്ലീഷ് ഭാഷ ഒരു ഭൂതത്തെപ്പോലെ പരിഭൂതമായി നിലകൊള്ളുന്നതു കാണാം. ‘ഇംഗ്ലീഷാവിഷ്ടമായ മലയാളം’ എന്ന ദീർഘ പ്രബന്ധത്തിൽ ഈ വിഷയത്തിൻ്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ആലോചനകളാണ് അടങ്ങിയിരിക്കുന്നത്.

ഈ ദീർഘ പ്രബന്ധത്തെ ഒരു പുസ്തക രൂപത്തിൽ ഭാഷാപഠനതൽപ്പരർക്കു മുന്നിൽ ഉപരി ചിന്തകൾക്കായി സമർപ്പിച്ചിരിക്കുകയാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള സൊസൈറ്റി ഫോർ ലിംഗ്വി സ്റ്റിക് റിസേർച്ച്. ഭാഷാ കാര്യങ്ങളിൽ സവിശേഷമായ ആലോചനകളുള്ള ഡോ.സി.ജെ.ജോർജ്ജാണ്ഗ്രന്ഥകാരൻ. ‘വാക്കിൻ്റെ സാമൂഹിക ശാസ്ത്രം’ പോലുള്ള കൃതികൾ മുമ്പ് അദ്ദേഹം എഴുതിയിട്ടുണ്ട്.

മലയാള ഭാഷയിലും അതുവഴി മലയാളിയുടെ ജീവിതത്തിലും ഇംഗ്ലീഷ് എങ്ങനെയൊക്കെ എത്രമാത്രം ആവിഷ്ടമായിരിക്കുന്നു എന്ന് ചരിത്രപരമായ അന്വേഷണം നടത്തുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. പരത്തിപ്പറയലല്ല ഗ്രന്ഥത്തിൻ്റെ രീതി.മു ഖവുരയിൽ മഹേഷ് മംഗലാട്ട് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കത്തെ ഇങ്ങനെ വിശദീകരിക്കുന്നു.

‘ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ സ്വത്വാവിഷ്കാരങ്ങളിൽ എങ്ങനെയാണ് ഇംഗ്ലീഷ് പെരുമാറുന്നതെന്ന ഈ പരിശോധനയിൽ സംസ്കൃതവുമായുള്ള മലയാളത്തിൻ്റെ അഭിമുഖീകരണത്തെയും ഇഴ തിരിക്കാൻ ശ്രമിക്കുന്നുണ്ട്.

ഈ ഭാഷാ സഹ ജീവിതത്തിൻ്റെ സാംസ്കാരികവും അധികാരപരവുമായ മാനങ്ങൾ ചർച്ചയ്ക്കെടുക്കുന്നു. നിരവധി ചോദ്യങ്ങളിലൂടെ ആലോചനകളുടെ വഴികൾ തുറന്നിടുവാനുള്ള ശ്രമമാണിത്. അതിലെ ശരിയും തെറ്റും നിർണ്ണയിക്കുന്ന ഒരു അധികാരിയാവാനല്ല ഈ നിബന്ധത്തിൻ്റെ കർത്താവായ ജോർജ്ജ് ശ്രമിക്കുന്നത് എന്നത് സന്തോഷ ജനകമാണ്.

പൊതുവേ ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ സാധാരണക്കാർക്ക് ദഹിക്കാത്ത ഒരു മണ്ഡലത്തിലാണ് നിലകൊള്ളുക.എന്നാൽ ഈ പുസ്തകം അത്തരമൊന്നല്ല .ഭാഷാസൂത്രണം എന്ന മേഖലയിലെ മൗലികമായ ഒരു അന്വേഷണം എന്ന നിലയിൽ ഈ ഗ്രന്ഥം എല്ലാത്തരം വായനക്കാരെയും ഉൾക്കൊള്ളുന്നതാണ്. വരണ്ട ഭാഷയിലല്ല ചോരയും നീരുമുള്ള ഭാഷയിലാണ് സി.ജെ.ജോർജ്ജ് എഴുതുന്നത്.

ഗ്രന്ഥത്തിലെ ഒരു ഭാഗം എടുത്തെഴുതാം. ഗ്രന്ഥകാരൻ്റെ ആലോചനയുടെ സ്വഭാവം എത്തരത്തിലുള്ളതാണെന്ന് ചെറുതായി എങ്കിലും അനുഭവപ്പെടും.
‘ ആവർത്തിച്ച് സൂചിപ്പിച്ചതു പോലെ ഇംഗ്ലീഷ് നമ്മുടെ ഭാഷാ ശരീരത്തിൽ മാത്രമല്ല മനസ്സിലും അവയുടെ സൂക്ഷ്മമായ ഇടങ്ങളിൽ വരെ സന്നിഹിതമായിരിക്കുന്നു. അതോടൊപ്പം സ്ഥൂലതലത്തിൽ ഇംഗ്ലീഷ് ഇംഗ്ലീഷായിത്തന്നെ നമ്മുടെ വിദ്യാഭ്യാസത്തിലും ഭരണത്തിലും ഇടം പിടിച്ചിരിക്കുകയും ചെയ്യുന്നു. അത് മാറി വന്ന് ഭരണവും ചിന്തയും ഭാവനയും തനതായൊരു ഗതിയിൽ ഉയരുന്നതിനെക്കുറിച്ചും, അറിവിൻ്റെ വിവിധങ്ങളായ രൂപാന്തരങ്ങൾ ആവിഷ്കരിക്കപ്പെടുകയും ചിന്തിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചുമുള്ള സ്വപ്നവും സ്വപ്ന നഷ്ടവുമാണ് മലയാളത്തിൻ്റെ വർത്തമാനം നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രധാന ഭാഷാവർത്തമാനങ്ങളുടെ ഉള്ളടക്കം . അവിടെയെല്ലാം ഇംഗ്ലീഷ് എന്നൊരു അപരത്തെ നാം അഭിമുഖീകരിക്കുന്നുമുണ്ട്.

Read Also  'മയിൽപ്പീലിത്തൂക്കം - താളപ്പെരുമയുടെ കല '

ഇംഗ്ലീഷ് എന്നത് ഒരു ഭാഷയോ മുമ്പ് സൂചിപ്പിച്ചതു പോലുള്ള ഒരു പാലമോ ആയി മാത്രമല്ല, സംഘർഷജനകമായ ഒരു സന്നിഹിത പ്രതിഭാസം കൂടിയായാണ് ഒരു ജനത എന്ന നിലയിൽ മലയാളികൾ അനുഭവിച്ചു പോരുന്നത് ‘
ബാക്കി കുറേ ഭാഗങ്ങൾ വായിച്ചു കേൾപ്പിക്കാം.

പുസ്തകത്തിൻ്റെ പ്രവേശകമായി പി.സോമനാഥൻ എഴുതുന്ന ഈ വാചകങ്ങളും ഗ്രന്ഥ സ്വഭാവത്തിലേക്ക് വെളിച്ചം ചൊരിയുന്നുണ്ട്.
”ഭാഷയെ ഭാഷാ ജീവിതമായി മനസ്സിലാക്കാനാണ് ജോർജ്ജിൻ്റെ ശ്രമം.

ഭാഷയുടെ ജീവിതവും ഭാഷകരുടെ ഭാഷാപ്രയോഗ ജീവിതവും ഒന്നിക്കുന്ന ഒരു പരികല്പനയാണിത്. മാതൃഭാഷ എന്ന സങ്കല്പനത്തിനും ജോർജ്ജ് മൗലികമായ ഒരു മാനം നല്കുന്നു. മൗലികവാദപരമായ പടുകുഴികളിലേക്ക് വഴുതാവുന്ന തരത്തിൽ ചെരിവുള്ളതാണ് മാതൃഭാഷ എന്ന ആത്മാഭിമാനപരമായ സങ്കല്പനം.

അതിനെ നിരാകരിച്ച് ജോർജ്ജ് മുന്നോട്ടുവെക്കുന്നത് ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും മാതൃഭാഷകൾ എന്ന സങ്കല്പനമാണ്. ഇത് ഒരു അട്ടിമറി പ്രവർത്തനമാണ്. ഭാഷാപരമായ വൈകാരികതയുടെയും ദേശീയതയുടെയും മറ്റുമായ അതിരുകളെ അപ്രസക്തമാക്കുന്ന ഒരു ഇടപെടൽ. ഭാഷകളെ ചിന്തയുടെയും ഭാവനയുടെയും ഉപാധികളായി പുനർ നിർവ്വചിക്കുകയാണിവിടെ.

മറ്റു ഭാഷകളെ സാഹോദര്യത്തോടെയും സ്നേഹാദരങ്ങളോടെയുംമാത്രം കാണാൻ പ്രേരിപ്പിക്കുന്ന ഒരു വീക്ഷണം അതിൽ ഉൾച്ചേർന്നിരിപ്പുണ്ട്. എല്ലാ ഭാഷകളുമായും മലയാളം നേരിട്ടു ബന്ധപ്പെടുന്ന ഒരു സ്വപ്നവുമുണ്ട്”

Spread the love