Friday, May 27

കേരളത്തിലെ ടറന്‍റിനോ കുഞ്ഞുങ്ങള്‍ അറിയാന്‍, ടറന്‍റിനോ സംവിധാകനേ അല്ലെന്ന്

പള്‍പ്പ് ഫിക്ഷന്‍, റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍ മുതലായ ചിത്രങ്ങളിലൂടെ ഹോളിവുഡ് പിടിച്ചടക്കിയ സംവിധായകനാണ് ക്വന്‍റിന്‍ ടറന്‍റിനോ. അമല്‍ നീരദ് ഉള്‍പ്പെടെയുള്ള സമകാല മലയാളസിനിമാസംവിധായകരില്‍ ടറന്‍റിനോ സ്വാധീനം ചെറുതൊന്നുമല്ല.

എന്നാല്‍, ടറന്‍റിനോയുടെ ദ ഹേറ്റ്ഫുള്‍ എയിറ്റ് എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് ഓസ്കാര്‍ നേടിയ ഇറ്റാലിയന്‍ ഇതിഹാസ സംഗീതജ്ഞന്‍ എന്നിയോണ്‍ മൊറിക്കോണ്‍ പറയുന്നു. ടറന്‍റിനോ ഒരു മന്ദബുദ്ധിയാണ്, അദ്ദേഹത്തിന്‍റെ സിനിമകള്‍ ചവറുകളുമാണ്.

പ്ലേബോയ് മാസികയുടെ ജര്‍മ്മന്‍ പതിപ്പിലെ അഭിമുഖത്തിലാണ് മൊറിക്കോണ്‍ ടരന്‍റിനോയെ ക്രൂരമായി വിമര്‍ശിക്കുന്നത്. രണ്ട് കാര്യങ്ങളിലാണ് മൊറിക്കോണ്‍ ടറന്‍റിനോയെ കുറ്റപ്പെടുത്തുന്നത്. ഒന്ന് ടറന്‍റിനോയുടെ കുഴപ്പം പിടിച്ച പ്രവര്‍ത്തനരീതി. രണ്ട് മൗലികതയുടെ അഭാവം. ടറന്‍റിനോ ഒരു സംവിധായകനേ അല്ലെന്നാണ് മൊറിക്കോണ്‍ അഭിപ്രായപ്പെടുന്നത്.

ടറന്‍റിനോ അങ്ങേയറ്റം കുഴപ്പം പിടിച്ചവനാണ്. ചിന്തിക്കാതെയാണ് അദ്ദേഹം കാര്യങ്ങള്‍ പറയുന്നത്. എല്ലാം അവസാന നിമിഷത്തിലാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന് ഒരാശയവുമില്ല എന്നാണ് മൊറിക്കോണ്‍ ആക്ഷേപിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനകം സംഗീതം പൂര്‍ത്തിയാക്കാനാണ് ടറന്‍റിനോ പറയാറുള്ളത്. അത് സാധ്യമല്ലെന്ന് മാത്രമല്ല, അത് എന്നെ ഭ്രാന്തെടുപ്പിക്കാറുമുണ്ട്.

500ലധികം സിനിമകള്‍ക്ക് സംഗീതമൊരുക്കിയ സംഗീതജ്ഞനാണ് മൊറിക്കോണ്‍. സെര്‍ജിയോ ലിയോണസിന്‍റെ എ ഫിസ്റ്റ്ഫുല്‍ ഓഫ് ഡോളേഴ്സ്, കാന്‍ അവാര്‍ഡ് നേടിയ റൊളാങ് ജോഫ്സിന്‍റെ ദ മിഷന്‍, ഗുസെപ് ടൊര്‍നാടോര്‍സിന്‍റെ സിനിമാ പാരഡൈസോ മുതലായവ അദ്ദേഹത്തിന്‍റെ മികച്ച സംഗീതം ലഭിച്ച സിനിമകളാണ്. ടറന്‍റിനോയെ ഇത്തരം മഹാസംവിധായകരുടെ പട്ടികയില്‍ പെടുത്താനാവില്ലെന്നാണ് മൊറിക്കോണ്‍ അഭിപ്രായപ്പെടുന്നത്.

ടറന്‍റിനോ ഒരു മന്ദബുദ്ധിയാണ്. അദ്ദേഹം മറ്റുള്ളവരുടെ സാമഗ്രികള്‍ എടുത്ത് കൂട്ടിച്ചേര്‍ക്കുകയാണ്. അതില്‍ ഒന്നിനും മൗലികതയില്ല. അവ അദ്ദേഹത്തെ ഒരു സംവിധായകനാക്കുന്നില്ല എന്നാണ് മൊറിക്കോണ്‍  പറയുന്നത്. ഹോളിവുഡ് മഹാരഥന്മാരായ ജോണ്‍ ഹൂസ്റ്റണോടോ ആല്‍ഫ്രഡ് ഹിച്ച്കോക്കിനോടോ ബില്ലി വൈല്‍ഡറോടോ ടറന്‍റിനോയെ താരതമ്യം ചെയ്യാനാവില്ല. പഴകിയ ഭക്ഷണം എടുത്ത് ചൂടാക്കുകയാണ് ടറന്‍റിനോ ചെയ്യുന്നത്. എന്നിങ്ങനെ കടുത്ത വിമര്‍ശനമാണ് മൊറിക്കോണ്‍ ടറന്‍റിനോയ്ക്കെതിരെ ഉയര്‍ത്തുന്നത്.

മുമ്പ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപുമായുള്ള സംസാരത്തില്‍ കമല ഹാസന്‍റെ ആളവന്താന്‍ എന്ന സിനിമ തന്നെ ആകര്‍ഷിച്ചുവെന്നും അതിലെ തമാശകള്‍ കില്‍ ബില്ലില്‍ ചേര്‍ത്തെന്നും ടറന്‍റിനോ വെളിപ്പെടുത്തിയിരുന്നു. ടറന്റീനോ ലോക ഫ്രോഡാണെന്ന് 2014ല്‍ ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഛായാഗ്രാഹകനും മലയാളസംവിധായകനുമായ രാജീവ് രവിയും അഭിപ്രായപ്പെട്ടിരുന്നു.

 

Spread the love
Read Also  ആണുങ്ങടെ അമ്മ (എ എം എം എ)

Leave a Reply