Thursday, July 2

ഭീകരവ്യാധി പരന്നതോടെ മനുഷ്യന് ഭീതിയെങ്കിലും ആർത്തുല്ലസിച്ചു അരയന്നങ്ങൾ

പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ താളംതെറ്റി തലതിരിഞ്ഞ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോയത്. ഈ കാലഘട്ടത്തിൽ കാർബൺ നിറഞ്ഞുതുളുമ്പുന്ന അന്തരീക്ഷത്തിൽ ശ്വാസം മുട്ടി ജീവിക്കുകയായിരുന്നു മനുഷ്യേതരജീവജാലങ്ങൾ. മനുഷ്യൻ കോവിഡ്​ ഭീതിയിൽ നിയന്ത്രണങ്ങൾക്ക് നടുവിൽ ഒരു നീണ്ട ഹർത്താൽ ആചരിച്ചെന്ന പോലെ വീടുകളിൽ വിശ്രമിക്കുമ്പോഴും പ്രകൃതിയിൽ ശുഭകരമായ മാറ്റങ്ങൾ സംഭവിക്കുന്നത് ഒരു കുളിർമ പകരുന്ന കാഴ്ചയായി അവശേഷിക്കുന്നു.

ആൾക്കൂട്ടം തിരക്കേറിയ നഗരങ്ങളെ ഉപേക്ഷിച്ചുകൊണ്ടു വീട്ടിലിരിക്കുന്നതോടെ കോവിഡ് വൈറസ് വ്യാപിക്കുന്ന ചില നഗരങ്ങളിൽ അത്ഭുതക്കാഴ്ചകളാണ് പിറന്ന് വീഴുന്നത്. വ്യവസായനഗരങ്ങളിലെ ഫാക്ടറിയുടെ കൂറ്റൻ പുകക്കുഴലുകളുടെ പരിസരങ്ങളിൽ നിന്നും ശുദ്ധവായു മാത്രം നിറഞ്ഞുനിൽക്കുന്ന ഈ ദിവസങ്ങളിൽ പ്രകൃതി അതി​​ന്റെ ജൈവപരമായ സ്വാഭാവികതയിലേക്കു ​മടങ്ങുന്ന മനോഹരമായ ദൃശ്യങ്ങളിലേക്കാണ് നീങ്ങുന്നത്. ഈയിടെയായി ഇറ്റലിയിലെയും ചൈനയിലെയും ചില വ്യവസായനഗരങ്ങളിൽ മലിനരഹിതമായ പരിസ്ഥിതി കൊണ്ട് ആകെ മനോഹരമായ കാഴ്​ചകൾ കണി കണ്ടുകൊണ്ടാണ് സമീപവാസികൾ ഉണരുന്നത്

ഇറ്റലിയിലെ വെനീസിലാണ് രണ്ടുദിവസം മുമ്പ് അരയന്നങ്ങളും സൗന്ദര്യമുള്ള മത്സ്യങ്ങളും പ്രത്യക്ഷപ്പെട്ടത്. കോവിഡ്​ ഭീതിയെത്തുടർന്ന്​ ക്രൂയിസ്​ കപ്പലുകളുടെ പ്രവർത്തനവും ടൂറിസവും പൂർണമായും നില​ച്ചതോടെ വെനീസിലെ കനാലുകൾ ഏറെ ദശകങ്ങൾക്ക് ശേഷം തെളിനീരുമായി ഒഴുകിത്തുടങ്ങി. ഇതോടെയാണ് ജലജീവികൾ ആർത്തുല്ലസിച്ചു തെളിനീരിൽ നീരാടുന്ന കാഴ്ചകൾ കണ്ടത്. ഏറെക്കാലം ഭരണകൂടം ഏറെ പണിപ്പെട്ടിട്ടും പരിസ്ഥിതിക്ക് ഭീഷണിയുയര്ത്തിയിരുന്ന കനാൽ ജലം മാലിന്യമുക്തമാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാരക വ്യാധി പരന്നതോടെ ​ ലോകജനത വീടുകളിൽ മറഞ്ഞിരിക്കുന്നതുകൊണ്ടു പ്രകൃതി അതിന്റെ പ്രതാപം വീണ്ടെടുക്കുകയാണ്. ഇത് നാം കണ്ടുപഠിക്കേണ്ട ഒരു പാഠമാണ്

പുതുതലമുറ കഥകളിൽ മാത്രം കാണുന്ന സമൃദ്ധമായ ഒരു ദൃശ്യമാണ് തങ്ങൾ ഇപ്പോൾ കാണുന്നത് എന്നാണു പലരും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. തങ്ങളുടെ തന്നെ ബാല്യകാലാത്ത് മാത്രം കണ്ടിട്ടുള്ള പല നയനമനോഹരമായ ദൃശ്യങ്ങളും ഇപ്പോൾ കാണുകയാണെന്നു മുതിർന്ന ഇറ്റലിക്കാർ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നു. വ്യവസായ നഗരങ്ങളിൽ ക്രൂയിസ്​ കപ്പലുകളു​ടെ വരവ്​ നിലച്ചതോടെ ഇറ്റലിയു​ടെ തീരപ്രദേശങ്ങളിൽ ഡോൾഫിനുകൾ കളിച്ചുല്ലസിക്കുന്ന ദൃശ്യങ്ങളും പലരും ആനന്ദത്തോടെ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കു വെയ്ക്കുകയാണ്

ഏതാണ് ദിവസങ്ങൾക്കു മുമ്പ് ചൈനയിലെ യുനാൻ പ്രവിശ്യയിൽ ചോളപ്പാടങ്ങളിൽ നിന്നും മതിയാവോളം ഭക്ഷിച്ചശേഷം മതിമറന്നുറങ്ങ​ുന്ന ആനക്കൂട്ടങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പാറിനടന്നിരുന്നു. കോവിഡ് ഭീതിയെത്തുടർന്നു ​പല നഗരങ്ങളിലും വാഹന ഗതാഗതം നിലച്ചതും ഫാക്​ടറികൾ അടച്ചിട്ടതും കാരണം അന്തരീക്ഷ മലിനീകരണത്തി​​ന്റെയും വായുമലീനീകരണത്തി​​ന്റെയും അളവ് ക്രമാതീതമായി കുറയുകയൂം കാർബണിന്റെ അളവിൽ വ്യതിയാനം സംഭവിക്കുകയും ചെയ്തതോടെ പ്രകൃതി അതിന്റെ ജൈവാവസ്ഥ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് എന്നത് ആശ്വാസകരമായ വാർത്ത തന്നെയാണ്

Spread the love
Read Also  മൂന്നു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ; തിരുവനന്തപുരം സ്വദേശിക്കും രണ്ടു വിദേശികൾക്കും

Leave a Reply