Thursday, January 20

അണക്കെട്ടുകൾ വില്ലന്മാർ; മനുഷ്യജീവനപഹരിച്ച 80 ഡാമുകൾ ഇനിയും നമുക്ക് വേണോ?

 

ഓഗസ്ററ് 15 . നാം സ്വാതന്ത്ര്യം ആഘോഷിക്കാൻവേണ്ടി കാത്തിരുന്ന ദിനം. അതിതീവ്രമഴ എന്നൊരു വാക്ക് നാം കേട്ടതന്നാണ്. ശ്വാസംമുട്ടിക്കിടന്ന കേരളത്തിലെ 80 ഓളം നദികൾക്കാണ് അന്ന് സ്വാതന്ത്ര്യം ലഭിച്ചത്. വേനലിൽ കുഞ്ഞോളങ്ങൾ സൃഷ്ടിച്ചും മഴയിൽ വലിയ ഒഴുക്കോടെയും നൃത്തം ചെയ്തുകൊണ്ട് പടിഞ്ഞാറേക്കൊഴുകിയ നദികളെ നാം ലാഭേച്ഛയോടെ പിടിച്ചുകെട്ടിയിട്ടിരിക്കുകയായിരുന്നു. ഒഴുകാൻ കാത്തുനിന്ന അവർ സ്വാതന്ത്ര്യം ലഭിച്ചതോടെ ബന്ധനത്തിൽനിന്നും രക്ഷപ്പെട്ട വളർത്തുമൃഗങ്ങളെപ്പോലെ നിയന്ത്രണം വിട്ടു രൗദ്രഭാവത്തിൽ ചീറിപ്പാഞ്ഞു. അവയെല്ലാം മാതൃദാഹത്തോടെ പടിഞ്ഞാറേക്കൊഴുകി. മലയാളി സ്വാതന്ത്ര്യം ആഘോഷിക്കേണ്ട ദിനത്തിൽ അത് കവർന്നെടുക്കപ്പെട്ടപ്പോൾ സ്വന്തം പാർപ്പിടത്തിൽ ജലാശയത്താൽ ചുറ്റപ്പെട്ട രാവിലും ഇരുളിലും രക്ഷതേടി നിലവിളിച്ചുകൊണ്ടിരുന്ന ആ നിമിഷങ്ങൾ…ആ ഭീകരദൃശ്യങ്ങൾ അവസാനിക്കാതെ തുടരുന്നു. ജീവനുവേണ്ടി നിസ്സഹായരായി കേഴുന്ന ആ ദൃശ്യങ്ങൾ കാലങ്ങളോളം മായാതെ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. അളന്നുതിട്ടപ്പെടുത്താനാകാത്ത അതിന്റെ പ്രത്യാഘാതങ്ങൾ നാം വരുംകാലങ്ങളിൽ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. ഇനിയും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത നിരപരാധികളായ ആ മനുഷ്യജീവനുകളെ കുരുതികൊടുത്തതിൽ നമ്മുടെ അണക്കെട്ടെന്ന സങ്കൽപ്പത്തിന് വലിയ പങ്കില്ലേ. ഇനിയും എത്രനാൾ ആ ദൃശ്യങ്ങൾ നമ്മെ വേട്ടയാടും.

അണക്കെട്ടുകൾ ഊർജ്ജത്തിന്റെ പ്രധാന സ്രോതസ്സാക്കാൻവേണ്ടി വാദിക്കുന്നത് ജലവൈദ്യുതിനിലയങ്ങൾ കൊണ്ട് പ്രയോജനം നേടുന്ന ഒരു വിഭാഗം തന്നെയാണെന്ന് അന്താരാഷ്ട്രതലത്തിൽ നടത്തിയ നിരവധി പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

എന്തുകൊണ്ടാണ് പരിസ്ഥിതിവാദികൾ നിരന്തരമായി അണക്കെട്ടിനെതിരെ രംഗത്തുവരുന്നത്?

അണക്കെട്ടുകളെ ഭയന്നതിന്റെ ആദ്യത്തെ അപകടം നാം കഴിഞ്ഞ ദിവങ്ങളിൽ കണ്ടതുപോലെ മഹാപ്രളയങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതുതന്നെയാണ്. തീർച്ചയായും ഇത് മനുഷ്യനിർമ്മിതമായ ദുരന്തം തന്നെയാണ്.  ഡാമുകളെക്കുറിച്ചു നടത്തിയ ഇരുന്നൂറോളം പഠനങ്ങള്‍  തീവ്രമായ വെള്ളപ്പൊക്കസാധ്യത വിലയിരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇനിയും ഇതാവർത്തിക്കുമെന്നുതന്നെ നാം കണക്കുകൂട്ടണം. നിങ്ങൾ ആലോചിച്ചുനോക്കൂ അതിനു സ്ഥാപിതതാല്പര്യക്കാരായ ചിലർ മറ്റു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. എല്ലായിടത്തും വൻ അണക്കെട്ടുകളുടെ കാര്യത്തിൽ വൻ അഴിമതിയുണ്ടായിട്ടുണ്ട്. അവരാണ് അവസരവാദികളായ വിദഗ്ധരെക്കൊണ്ട് അണക്കെട്ടുകളുടെ ശാസ്ത്രീയതയെക്കുറിച്ചു പഠനങ്ങളുണ്ടാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത്.

ഇനി മറ്റൊരു ഗുരുതരമായ പ്രശ്നം കൂടിയുണ്ട്. ഇടുക്കി അണക്കെട്ടിനു സമീപം ചെറിയൊരു ഭൂചലനമുണ്ടായാൽ ഭീകരമായ ദുരന്തമുണ്ടാകും. മൂന്നു ജില്ലകൾ അപ്പാടെ മുങ്ങിപ്പോകും. നാം പ്രളയ ദുരന്തത്തിൽപ്പെട്ടപ്പോൾ വിദേശികൾ മൂക്കത്ത് വിരൽ വെച്ചു. ഈ കൊച്ചു സംസ്ഥാനത്തിൽ 80 ഡാമുകളോ!

പ്രധാനമായും അണക്കെട്ടുകൾ നിർമ്മിച്ച കാലത്തെ ആഴം നോക്കൂ . അത് ക്രമേണ കുറഞ്ഞുവരുന്നുണ്ട്. കാരണം അണക്കെട്ടു നിർമ്മിച്ച് കഴിഞ്ഞയുടൻ മരങ്ങളിൽ കണ്ണുവെക്കുന്നവർ മണ്ണൊലിപ്പ് തടഞ്ഞിരുന്ന ചുറ്റുമുള്ള കൂറ്റൻ മരങ്ങൾ മുറിച്ചുകൊണ്ടുപോകുന്നു. അതിനു കാരണമായി പറയുന്നത് നിർമ്മാണപ്രവർത്തങ്ങൾക്ക് ഭൂമി ഒരുക്കിയെടുക്കുന്നതിനുവേണ്ടിയെന്ന ന്യായം. ഇതുമൂലം മണ്ണൊലിപ്പിലൂടെ അണക്കെട്ടുകളുടെ ആഴം കുറയുന്നു. ചിലർ അവകാശപ്പെടുന്നത് ഡാമുകളിൽ മണൽ വാരാത്തതുകൊണ്ടാണ് ഇതിന്റെ ആഴം കുറഞ്ഞുപോകുന്നതെന്നാണ്. ഒരു കാലത്ത് കേരളശാസ്ത്രസാഹിത്യ പരിഷത്താണ് കേരളത്തിൽ അണക്കെട്ടുകൾക്കെതിരെ രംഗത്തുവന്നത്. അന്ന് അതിന്റെ സജീവപ്രവർത്തകനായിരുന്ന തോമസ് ഐസക്ക് പോലും മന്ത്രിയായതോടെ അണക്കെട്ടുകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയുണ്ടായി. ഇടുക്കിപോലെ 2403 അടി ഉയരമുള്ള, കൂറ്റൻ അണക്കെട്ടുകളിൽനിന്നും മണൽവാരൽ പ്രായോഗികമല്ല.

Read Also  കാലവർഷക്കെടുതിയിലുഴലുന്ന കേരളത്തിന് സ്വാന്തനമേകാൻ നിരവധിപേർ

കാർഷികാവശ്യത്തിനായി ചെറിയ നീർത്തടങ്ങൾ പ്രായോഗികമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ജനകീയാസൂത്രണപദ്ധതിയിലൂടെ നാമമാത്രമായ മേഖലകളിൽ നീർത്തടപദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. നദികളിലെ പാരിസ്ഥിതിക ഗതിവിഗതികളെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പ്രധാനമായും ചെറിയ നീർത്തടങ്ങളെ സംബന്ധിച്ച ഹ്രസ്വകാല പഠനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ നർമ്മദപോലെ സമചതുരപ്രദേശങ്ങളിലെ വലിയ നദികളുടെ പ്രവർത്തനത്തെക്കുറിച്ചും ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഏതെങ്കിലും തരത്തിലുള്ള നദികളേയും കുറിച്ചുള്ള അറിവ് ഇന്ന് പരിമിതമാണ്. അതേക്കുറിച്ചുള്ള പഠനങ്ങളിൽ നിർമ്മാണമേഖലയിലെ കോർപ്പറേറ്റുകൾക്കുവേണ്ടിയുള്ള നിലപാടുകളാണ് സ്വീകരിച്ചുകണ്ടിട്ടുള്ളത്.

നദിയിലെ ജൈവവ്യവസ്ഥയെ തകർക്കുന്നതും, അണക്കെട്ടു വ്യാപിച്ചുകിടക്കുന്നയിടങ്ങളിലെ ചെറുജീവികളുടെയും സാന്നിധ്യം ഇല്ലാതാകുന്നു. പകരം പുതിയവ കുടിയേറുകയും ആ മേഖലയിലെ ജൈവസന്തുലിതാവസ്ഥ തകിടം മറിയുകയും ചെയ്യുന്നു. . കൂറ്റൻ അണക്കെട്ടുകൾ കെട്ടിപ്പൊക്കുന്നതുകൊണ്ടുമൂലം ആവാസവ്യവസ്ഥയ്ക്ക് പ്രതികൂലമായ നിരവധി ഘടകങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു സസ്യജന്തുശാസ്ത്രവിഭാഗം ശാസ്ത്രജ്ഞർ തന്നെയാണ് കണ്ടെത്തിയിട്ടുള്ളത്. പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ പരിസ്ഥിതിദുർബലപ്രദേശത്താണ് ജലവൈദ്യുതപദ്ധതികൾക്കുവേണ്ടിയുള്ള കൂറ്റൻ ഡാമുകൾ സ്ഥിതി ചെയ്യുന്നത്. നദിയെ അണകെട്ടിനിർത്തുന്നതോടെ ജലം പുല്മേടുകളിലേക്കും വനമേഖലയിലേക്കും വ്യാപിക്കുന്നു. ജൈവവൈവിധ്യം നിറഞ്ഞ ഈ പരിസ്ഥിതിപ്രാധാന്യമേറിയ പ്രദേശത്തിലെ അപൂർവ്വസസ്യങ്ങളും ചെറുജീവികളും റിസർവോയറിന്റെ മേഖലയിൽ എന്നെന്നേക്കുമായി നശിച്ചുപോകുന്നു. സങ്കീർണ്ണവും പരസ്പര ബന്ധിതവുമായ പാരിസ്ഥിതിക തടസ്സങ്ങളുടെ ഏറ്റവും വലിയ പരിണതഫലമാണ് ഡാമുകൾ എന്ന് നിസ്സംശയം പറയാം

dam-burst california

 

പ്രകൃതി ഒരുക്കിയ നദികളുടെ സ്വാഭാവികഗതിവിഗതികളെ തടുക്കാൻ മനുഷ്യന് അവകാശമില്ല. നദികൾക്ക് നിശ്ചിതമായ ഒരു സഞ്ചാരപാതയുണ്ട്. അതിനെ തടുക്കാൻ ആരാണ് മനുഷ്യർക്ക് അധികാരം നൽകിയത്. നദിയോരങ്ങൾ കയ്യേറി റിസോർട്ടുകളും കൂറ്റൻ മാളികകളും പണിയുവാനുള്ള എല്ലാ ഒത്തശകളും നൽകുന്ന മാറിമാറിവരുന്ന ഭരണ-രാഷ്ട്രീയനേതൃത്വം  തന്നെയാണ് പ്രതി. അവർ ഇതൊന്നും ഇനിയും അംഗീകരിക്കില്ല. വൈദ്യുതി വിറ്റുകാശാക്കാൻ നദികൾ കെട്ടിനിർത്തി ആവാസവ്യവസ്ഥയെ തകർക്കുന്നതിന് മുൻപ് ഇവർക്ക് പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളെക്കുറിച്ചു ചിന്തിച്ചുകൂടെ. ആറുമാസം കൂറ്റൻ വെയിൽ ലഭിക്കുന്ന കേരളത്തിന് എന്തുകൊണ്ട് സൗരോർജത്തെക്കുറിച്ചു ചിന്തിച്ചുകൂടാ. കൊച്ചി വിമാനത്താവളത്തിന് മുഴുവൻ വൈദ്യുതിയും നൽകാൻ സൗരോർജ്ജത്തിന് കഴിഞ്ഞില്ലേ. ഇനിയുള്ള കാലമെങ്കിലും ജലവൈദ്യതപദ്ധതികളെ ഉപേക്ഷിച്ചു സൗരോർജ്ജത്തിന് വേണ്ടി രംഗത്തിറങ്ങാൻ പരിസ്ഥിതിവാദികളും സാംസ്കാരികപ്രവർത്തകരും ഉൾപ്പെടെയുള്ള എല്ലാ മനുഷ്യസ്നേഹികളും തയ്യാറാകണം. നിരപരാധികളായ മനുഷ്യരെ ഇനി നാം കൊലയ്ക്കു കൊടുക്കാൻ കൂട്ടുനിൽക്കരുത്. എല്ലാ രാഷ്ട്രീയഉഭയജീവികളെയും ഒരു പാഠം പഠിപ്പിക്കാൻ ഈ മഹാപ്രളയം ഒരു നിമിത്തമാകുമോ.

Spread the love