Thursday, January 20

സേവാഭാരതിയ്ക്ക് വേണ്ടി വീണ്ടും വ്യാജ പരസ്യം; ഷെയർ ചെയ്യുന്നത് ആയിരങ്ങൾ

കേരളം ഇന്നുവരെ അനുഭവിക്കാത്ത പ്രകൃതി ദുരന്തത്തിന്റെ കൈകളിൽ അകപ്പെട്ടിരിക്കുമ്പോൾ സംഘപരിവാർ ഈ അവസരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. അയ്യപ്പൻറെ കോപം ആണെന്നും, സ്ത്രീകൾ മല ചവട്ടുന്നതിനെതിരെ അയ്യപ്പനുള്ള പ്രതിഷേധമാണ് പ്രളയം, ബീഫ് കഴിക്കുന്നതിനുള്ള ശിക്ഷയാണ് പ്രളയം എന്ന തുടങ്ങി മണ്ടത്തരങ്ങളുടെ ഘോഷയാത്രകളായിരുന്നു സംഘപരിവാർ തങ്ങളുടെ സോഷ്യൽ മീഡിയ വഴി നടത്തിയത്. പിന്നീട് അത് ചെയ്യാത്ത കാര്യങ്ങൾ ഏറ്റെടുക്കുന്നതിലായി, ഗുജറാത്തിലെയും മറ്റും ചിത്രങ്ങൾ ഉപയോഗിച്ച് കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതാണെന്ന വ്യാജ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നു. സിപിഐ മന്ത്രി വി എസ് സുനിൽ കുമാർ രക്ഷാ പ്രവർത്തനം നടത്തുന്നത് വരെ തങ്ങളുടെ ആളാണെന്ന രീതിയിൽ സേവാഭാരതി അടങ്ങുന്ന സംഘപരിവാർ വൃന്ദം പ്രചരിപ്പിച്ചു. കേരളത്തിൽ ചിലവായില്ലെങ്കിലും വടക്കേ ഇന്ത്യയിൽ ഒരാളെങ്കിലും ഇത് വിശ്വസിക്കുക എന്നത് മാത്രമേ ഇത്തരക്കാർക്ക് ഉദ്ദേശ്യമുള്ളൂ.

ഏറ്റവും ഒടുവിൽ എബിവിപി പ്രവർത്തകൻ കെ കെ മനോജ് ആണ് സേവാഭാരതിയ്ക്ക് വേണ്ടി വ്യാജ വാർത്തയുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന Council of Scientific & Industrial Research (CSIR)ന്റെ കീഴിലുള്ള CSMCRIന്റെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ സംവിധാനങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം.

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഗുജറാത്ത് സർക്കാരിന്റെ കീഴിൽ ആക്കുകയും സേവാഭാരതിയുടെ നിർദ്ദേശ പ്രകാരം ആണ് ഇത് കേരളത്തിൽ എത്തിയതെന്നും മാധ്യമങ്ങൾ സേവാ ഭാരതിയെ തിരിഞ്ഞു നോക്കുന്നില്ലെന്നു അടക്കമുള്ള നുണകൾ ആണ് ഇവർ പ്രചരിപ്പിക്കുന്നത്. വാഹനത്തിന്റെ മുൻവശത്ത് ഭാരത സർക്കാർ എന്ന വ്യക്തമായി എഴുതിയിട്ടുണ്ട്. പൂർണ്ണമായും സർക്കാർ സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ട് (CSMCRI).

19 മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്ത ഈ വ്യാജ പ്രചാരണത്തിന് ഇത് വരെ 5300ൽ അധികം ലൈക്കുകളും 8300ൽ അധികം ഷെയറുകളും ലഭിച്ചട്ടുണ്ട്. ഒരൊറ്റ അക്കൗണ്ടിൽ നിന്ന് മാത്രം ലഭിച്ച ഷെയർ വിവരം ഇത്രയും വലുതാണ്. ഈ 8300ൽ അധികം അക്കൗണ്ടുകളിൽ നിന്നും പോയിരിക്കുന്ന ഷെയറുകളുടെ എണ്ണവും കൂടി ചിന്തിക്കുമ്പോഴാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ എത്ര അധികം ആളുകളിലേക്ക് എത്തിച്ചേരുന്നുണ്ടെന്ന് മനസ്സിലാവുക. ഇത്തരം സംഘപരിവാർ വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കുക.

Spread the love
Read Also  സർക്കാർ ധനസഹായം എങ്ങനെ ലഭിക്കും എന്ന് പോലും അറിയാതെ ഇതരസംസ്ഥാന തൊഴിലാളികള്‍