Wednesday, June 23

മലയാളത്തിന്റെ പ്രിയകവി സുഗതകുമാരി വിടവാങ്ങി

മലയാളത്തിന്റെ പ്രിയകവി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10 52നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ കോവിഡ് പോസിറ്റിവ് ആയിരുന്നതിനാൽ കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സംസ്കാരം

ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ സജീവ പ്രവർത്തകനായ ബോധേശ്വരന്റെ മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍നിന്നും ബിരുദാനന്തര ബിരുദമെടുത്തു

സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ കേരളത്തിന്റെ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പ്രകൃതി സംരക്ഷണസമിതി സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

കേരളത്തില്‍  ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

‘മുത്തുച്ചിപ്പി’,  പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി കൃതികള്‍

എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധന്‍ നായരായിരുന്നു ഭര്‍ത്താവ്. ലക്ഷ്മി മകളാണ്.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴൽ, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍,  തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്.

Spread the love
Read Also  ഡോ. പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു