Wednesday, January 19

ശബരിമല യുവതീപ്രവേശം, അസ്വസ്ഥതകൾ താൽക്കാലികം മാത്രം ; ദേവദാസ് വി എം

1991വരെ ഭാഗികമായി സ്ത്രീപ്രവേശനം അനുവദിച്ചിരുന്ന ശബരിമലയിൽ തുടർന്നതൊരു കോടതിയുത്തരവിലൂടെ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക്‌ പ്രവേശനം അസാധ്യമാകുകയും, ഇരുപത്തിയേഴ് ‌വർഷങ്ങൾക്കു ശേഷമുണ്ടായ മറ്റൊരു കോടതി വിധിയിലൂടെ പുനപ്രവേശനം ‌സാധ്യമാകുകയും ചെയ്‌തിരിക്കുന്നു. നിയമപരമായ തടസ്സങ്ങൾ അവസാനിച്ചുവെങ്കിലും, രാഷ്ട്രീയമായും വിശ്വാസപരമായും അതിന് തടസ്സം സൃഷ്ടിക്കുന്നൊരു ഒരു കൂട്ടത്തിന്റെ നിരന്തരമായ എതിർപ്പിനെ മറികടന്നുകൊണ്ടാണ് സ്ത്രീ പ്രവേശനം സാധ്യമായിരിക്കുന്നത് എന്നത് അത്ര ചെറിയ കാര്യമല്ല. ചിലപ്പോഴെങ്കിലും ഒരടി മുന്നോട്ട് ‌രണ്ടടി പിന്നോട്ടെന്ന് സംശയം ജനിപ്പിച്ചിരുന്നെങ്കിലും, പുനപ്രവേശനത്തിനായി ചെറുതും വലുതുമായ ശ്രമങ്ങൾ നടത്തിയ വ്യക്തികൾ, കൂട്ടങ്ങൾ, സംഘടനകൾ, സർക്കാർ സംവിധാനങ്ങൾ എന്നിവ തീർച്ചയായും പുരോഗമന കേരളത്തിന്റെ അഭിനന്ദനമർഹിക്കുന്നു. പക്ഷെ മറ്റൊന്നുണ്ട്, ശബരിമലയിലെ സ്ത്രീ പ്രവേശനം പൂർണ്ണമായും വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നായിരുന്നില്ല, മറിച്ച് അത് ‌ലിംഗപരമായ അയിത്തവുമായി ‌ബന്ധപ്പെടുത്തിയാണ് കോടതി നിരീക്ഷിച്ചതും, പുനപ്രവേശനത്തെ അനുകൂലിക്കുന്ന പ്രതിഷേധങ്ങൾ ഉണ്ടായതും. അതുകൊണ്ട് തന്നെ അയിത്താചാരവുമായി ബന്ധപ്പെട്ട പുണ്യാഹ ശുദ്ധിക്രിയകളാണ് ഇനിയെതിർക്കപ്പെടേണ്ടത്. അവർണ്ണർക്കു തൊഴാനായി പ്രത്യേക ദിവസമോ സംവിധാനങ്ങളോ ഒരുക്കിയല്ല ക്ഷേത്രപ്രവേശനം നിലവിൽ ‌വന്നതെന്നോർക്കണം. ക്ഷേത്രപ്രവേശനം നിയമമായതിനു ശേഷം അവർണ്ണർ പ്രവേശിച്ചാൽ ശുദ്ധിക്രിയകൾ ചെയ്യുന്ന പതിവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ‌പുണ്യാഹ ശുദ്ധിയെന്ന ആചാരവും കാലക്രമത്തിൽ മാറുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തിനകത്ത് ‌പ്രവേശിക്കുന്ന ചെറിയ കുട്ടികൾ മൂത്രമൊഴിച്ചാലോ (ഡയപ്പർ ഉപയോഗിച്ചാൽ കുഴപ്പമില്ല), ശീവേലിക്കല്ലിൽ തട്ടിയെങ്ങാനും ഭക്തരുടെ കാലു മുറിഞ്ഞാലോ (അറിയാതിരുന്നാൽ കുഴപ്പമില്ല) ഒക്കെ ചെയ്യുന്ന താരതമ്യേന ലളിതമായൊരു പരിഹാരക്രിയയാണ് പുണ്യാഹം എന്നതു ശരിയാണ്. പക്ഷെ ഇവിടെയത് തുടരുന്നതാകട്ടെ ‌ലിംഗപരമായ അയിത്തമെന്നതിനെ ഊട്ടിയുറപ്പിക്കുന്ന ഒന്നായി മാറുന്നു. തീവ്ര ഹൈന്ദവതയുടെ വക്താക്കൾക്കുമാത്രമല്ല, ഒരു ശരാശരി വിശ്വാസിക്കുപോലും ചിലപ്പോൾ തെല്ലൊരു നടുക്കമുണ്ടാക്കുന്നതായിരിക്കും നിലവിലെ സംഭവഗതികൾ. അതെല്ലാം കാലാന്തരേണ മാറുമെന്നും, നടപടികൾക്കു സ്വാഭാവികത കൈവരിക്കുമെന്നും കരുതാം, അതാണ് ചരിത്രവും. ശുഭപ്രതീക്ഷകളോടെ…

Spread the love
Read Also  മനിതി സംഘം മടങ്ങി; വിധി നടപ്പിലാക്കാൻ ഒന്നും ചെയ്യാതെ സർക്കാർ

Leave a Reply