ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ സസ്പെൻഡു ചെയ്യപ്പെട്ടതിനെ തുടർന്ന് ഓൺലൈൻ മാഗസിനുകളിലും ഫേസ്ബുക്കിലും മറ്റും വരുന്ന വാർത്തകളിലും കുറിപ്പുകളിൽ പലതും പർവ്വതീകരിച്ചതാണെന്ന് ഫൈൻ ആർട്സ് കോളേജിലെ അപ്ളൈഡ് ആർട്സ് വിഭാഗം മേധാവി വി ജയചന്ദ്രൻ പ്രതിപക്ഷം.ഇന്നിനോട് പറഞ്ഞു. അവയോടുള്ള അഭിപ്രായങ്ങളും ഐക്യപ്പെടലുകളും ഈ മനംമടുപ്പിന് ആക്കം കൂട്ടുന്നുണ്ട്. നുണകളും ദുർവ്യാഖ്യാനങ്ങളും ചേർത്തുവെച്ചുണ്ടാക്കിയ അത്തരം വാർത്തകൾക്ക് ഏതെങ്കിലും രേഖയുടെ പിൻബലമോ ആത്മാർത്ഥതയുടെ ഉൾക്കരുത്തോ ഇല്ലെന്ന് അദ്ദേഹം വാദിക്കുന്നു .

അരാജകത്വത്തിന്റെയും സർഗസ്വാതന്ത്ര്യത്തിന്റെയും കേട്ടുപഴകിയ ആശയങ്ങളോട് ആഭിമുഖ്യം വെച്ചുപുലർത്തുന്ന പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ വിദ്യാർഥികളുടെ നിയമലംഘനങ്ങളിൽ മൗനം പാലിച്ചു. ആ മൗനാനുമതിയിൽ കരുത്താർജ്ജിച്ച സാമൂഹ്യ വിരുദ്ധരും കുറച്ചു വിദ്യാർത്ഥികളും പഠനാന്തരീക്ഷം തകിടം മറിച്ചതായി ജയചന്ദ്രൻ ആരോപിക്കുന്നു. മറുഭാഗത്ത് കുറ്റകൃത്യങ്ങൾ പെരുകി. അവയൊന്നുംതന്നെ കലയുടെ പേരിലുള്ള അരാജകവാദികളുടെ കലാപമായിരുന്നില്ലാ, ലഹരിയിൽ സ്വയം മതിമറന്നു ചെയ്ത ഹീനമായ കുറ്റകൃത്യങ്ങളായിരുന്നു. കുറ്റവാളികൾ എല്ലായ്പ്പോഴും സ്വൈരസഞ്ചാരം നടത്തുന്ന അവസ്ഥയിൽ വിദ്യാർത്ഥികൾ എന്നും ഭയചകിതരായി കഴിഞ്ഞു. ചിലർ ഹോസ്റ്റൽ ഒഴിഞ്ഞ് താമസം പുറത്തേക്ക് മാറ്റിയതായി ജയചന്ദ്രൻ ആരോപിക്കുന്നു.

കുറ്റവാളികൾക്കെതിരെ നടപടിയൊന്നും കൈക്കൊള്ളാത്ത പ്രിൻസിപ്പലിനെ നന്നായി അറിയാവുന്ന വിദ്യാർത്ഥികൾ പിന്നീട് പരാതിപ്പെടാതെയായി. പ്രതിഷേധത്തിന്റെ നേരിയ ശബ്ദംപോലും ഉയർന്നുവരാത്ത ഈ അവസ്ഥയിൽ സ്വയം കരുത്താർജ്ജിച്ച അക്രമണോത്സുകതയാണ് നിസ്സാരമായ കാരണത്തിന്റെ പേരിൽ ഒരു മുതിർന്ന അദ്ധ്യാപകനെ കയ്യേറ്റം ചെയ്യുന്നതിനിടയാക്കിയത്. ജയചന്ദ്രൻ വെളിപ്പെടുത്തുന്നു.

വിദ്യാർത്ഥി ജീവിതത്തിലൂടെ കയ്യാങ്കളി അഭ്യസിച്ച് ആത്മവിശ്വാസം നേടിയ ഒരു വിദ്യാർത്ഥി ഇതിനിടയിൽ നാലുപോലീസുകാരെ അക്രമിച്ചതിന്റെ പേരിൽ റിമാൻഡിലായി. (കൈ്രം നമ്പർ 2162/2018, നെടുമങ്ങാട് പോലീസ് സ്റ്റേഷൻ) അതേക്കുറിച്ച് പത്രത്തിൽ പ്രത്യേക്ഷപ്പെട്ട സചിത്ര വാർത്തയുടെ പകർപ്പ് ഫേസ്ബുക്കിൽ സ്വയം പോസ്റ്റ് ചെയ്ത് തന്റെ സാഹസികതയിൽ ആത്മാഭിമാനം കൊള്ളുന്ന ഈ വിദ്യാർഥി പ്രിൻസിപ്പലിന്റെ വാത്സല്യഭാജനമായിരുന്നു.

അങ്ങിനെ, തടയിടാത്ത തടിമിടുക്ക്, അധികം വൈകിയില്ല, ഒരു അദ്ധ്യാപികയെ കയ്യേറ്റം ചെയ്യുന്നതിലേക്ക് വളർന്നുവന്നു. കാരണമെന്തായാലും സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തുവാനുള്ള സാമാന്യ യുക്തിയോ ഔ ദ്യോഗികമായ ഉത്തരവാദിത്തമോ പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇന്നുവരെ അക്രമത്തിനിരയായ തന്റെ സഹപ്രവർത്തകരോട് കാര്യമെന്തെന്നന്വേഷിക്കുവാൻ അദ്ദേഹം മനസുവെച്ചില്ല. പകരം കുറ്റാരോപിതനായ വ്യക്തി പറഞ്ഞത് മാത്രം വിശ്വസിക്കുന്ന ഒരു മനോനിലയിലേക്ക് അദ്ദേഹം എങ്ങനെയോ എത്തിപ്പെട്ടു.

കുറ്റകൃത്യത്തിന് പ്രോത്സാഹനമേകുന്ന ഇൗ മനോനിലയാണ് കുറ്റകൃത്യങ്ങൾ പെറ്റുപെരുകാൻ ഇടയാക്കുന്നത്. കുറ്റകൃത്യം ചെയ്ത വിദ്യാർത്ഥികൾ ഇൗ സാഹചര്യത്തിന്റെ അടിമകളാണ് എന്ന് ബോദ്ധ്യപ്പെട്ടു. ഇൗ സന്ദർഭത്തിലാണ് പ്രിൻസിപ്പലിന്റെ കുറ്റകരമായ അലംഭാവത്തെ കുറിച്ച് ഉന്നതാധികാരികൾക്ക് പരാതികൾ സമർപ്പിക്കപ്പെട്ടത്. തുടർന്ന് കുറ്റാരോപിതനെ കോളജിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കാൻ ഡയറക്ടർ ഉത്തരവ് നൽകി. എന്നാൽ ഉത്തരവിലെ നിബന്ധനകൾ പാലിക്കാതെ കുറ്റവാളിയെ ഹോസ്റ്റലിലും കോളേജിലും സ്വൈരസഞ്ചാരം നടത്താൻ പ്രിൻസിപ്പലനുവദിച്ചതായി ജയചന്ദ്രൻ ആരോപിക്കുന്നു

Read Also  ഉന്നാവോ അപകടം; ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെ സസ്‌പെൻഡ് ചെയ്തു

ഇത്തരം സംഭവവികാസങ്ങൾക്ക് ശേഷം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ നാലംഗ കമ്മീഷന്റെ പ്രാഥമികാന്വേഷ റിപ്പോർട്ടിന്റെയും പ്രിൻസിപ്പലിന്റെ വിശദീകരണത്തിന്റെയും പശ്ചാത്തലത്തിൽ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ കെ.ടി. ജലീലും പ്രിൻസിപ്പൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുണ്ടായി. വിശദമായ അന്വേഷണത്തിനുവേണ്ടി അദ്ദേഹത്തെ സർവ്വീസിൽ നിന്ന് താൽകാലികമായി മാറ്റി നിർത്തുകയേ ചെയ്തുള്ളൂ , കുറ്റവാളിയായി വിധിയെഴുതിയിട്ടില്ല.

തന്റെ കർമോത്സുകതയും വിശാലമനസ്കതയും മതേതരത്വവും നിരപരാധിത്വവും ആത്മാർത്ഥതയും തെളിയിക്കുവാനുള്ള അദ്ദേഹത്തിനു ലഭിക്കുന്ന അവസരമാണ് വരാനിരിക്കുന്ന അന്വേഷണം. അതിനായി കാത്തിരിക്കേണ്ടതുന്നതിന് പകരം വംശീയതയും വലതുപക്ഷഹൈന്ദവ രാഷ്ട്രീയവുമാണ് പുറത്താക്കൽ നടപടിയെ സ്വാധീനിച്ചതെന്ന നുണപ്രചരണം അദ്ദേഹത്തെ പ്രതികൂട്ടിലാക്കാൻ സ്വയം എറിഞ്ഞുകൊടുക്കുന്ന തെളിവുകളായേ മാറൂ എന്ന് ജയചന്ദ്രൻ അവകാശപ്പെട്ടു.

അതുകൊണ്ട് പട്ടിയുടെയും പക്ഷിയുടെയും മൃഗസ്നേഹത്തിന്റെയും പ്രശ്നമല്ലയിത്. അങ്ങനെയാണെന്ന് വരുത്തിത്തീർക്കുവാനുള്ള ശ്രമമാണ്. അകപ്പെട്ടുപോയ അപകടത്തിൽ നിന്ന് തടിയൂരിയെടുക്കേണ്ടതുണ്ട്. അതിന് നുണകളും കെട്ടുകഥകളും അവ ചേർത്തുവെച്ചുള്ള ദുർവ്യാഖ്യാനങ്ങളും ആവശ്യമുണ്ട്. സൗഹൃദത്തിന്റെ തണലിൽ കിടന്ന് ഉറങ്ങിപ്പോയ അവരുടെ മാധ്യമ സുഹൃത്തുക്കൾക്ക് അവരുടെ ഉള്ളിലിരിപ്പ് അറിയാൻ കഴിഞ്ഞതുമില്ല. സത്യം മൂടിവെക്കാനുള്ള ഉൾക്കരുത്തൊന്നും അത്തരം നുണ പ്രചരണങ്ങൾ ഇനിയും കൈവരിച്ചിട്ടില്ല.

നിഷ്പക്ഷമതികൾ ഇതെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് ജയചന്ദ്രൻ ആവശ്യപ്പെടുന്നു.

“എന്നും ഭീതിയുടെ നിഴലിൽ കഴിഞ്ഞുവരുന്ന അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അദ്ധ്യയനവും പഠനവും മറ്റും സ്വതന്ത്രവും ഉല്ലാസഭരിതവുമായി നിർവ്വഹിക്കുവാൻ കഴിയുമോ? ഭീതിക്കടിമപ്പെട്ട് അവിശ്വസനീയമായ അളവിൽ നിശബ്ദരായ, നിശബ്ദരാക്കപ്പെട്ട ഭൂരിപക്ഷം വിദ്യാർത്ഥികളിൽ കലയേയും രാഷ്ട്രീയത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന വ്യവസ്ഥയ്ക്കെതിരെയുള്ള വിമർശനബുദ്ധി വളർത്തിയെടുക്കാൻ പറ്റുമോ? മൃഗസ്നേഹമെന്ന് അധികഗുണത്തെ ഒരു കലാലയം വരവേൽക്കുമ്പോൾ മനുഷ്യ സ്നേഹത്തിന്റെ തണൽ നഷ്ടമാകുന്നത് എന്തുകൊണ്ടാണ്? ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന അവസ്ഥയിൽ ഒരു പൗരന്റെ മൗലികാവകാശത്തെപ്പോലും അനുവദിച്ചുകൊടുക്കാത്ത കലാപഠനം ഏതളവിലാണ് അർത്ഥവത്താകുന്നത്?”

ജയചന്ദ്രൻ ചോദിക്കുന്നു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here