Wednesday, January 19

അമ്മ നിയാന്തര്‍താല്‍, അച്ഛന്‍ ഡെനിസോവന്‍, സങ്കരവര്‍ഗ്ഗമനുഷ്യതെളിവ് കണ്ടത്തി, നാമിവിടെ വിവാഹേതരലൈംഗികത കൂടി കുറ്റകരമാക്കുന്നു

90,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ സൈബീരിയന്‍ ഗുഹയില്‍ കണ്ടെത്തി. അത് പകുതി നിയാന്തര്‍താലും പകുതി ഡെനിസോവനുമാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അനുമാനം. ആദ്യമായാണ് ഇത്തരം വ്യത്യസ്ത വര്‍ഗ്ഗസങ്കരം കണ്ടെത്തുന്നത്. ആഗസ്റ്റ് 22ന് നേച്ചര്‍ മാസികയിലാണ് കണ്ടെത്തലിനെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ജര്‍മ്മനിയില്‍ ലെയ്സ്പ്സിഗിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷണറി ആന്ത്രോപ്പോളജിയിലെ പാലിയോ ജനറ്റിസിസ്റ്റുകളായ വിവിയന്‍ സ്ലോന്‍, സ്വാന്തേ പാബോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ കണ്ടത്തിയത്. റഷ്യയിലെ അല്‍ത്തായ് പര്‍വ്വതത്തിലെ ഡെനിസോവ ഗുഹയില്‍ നിന്നും കണ്ടത്തിയ എല്ലിന്‍റെ അവശിഷ്ടങ്ങള്‍ പഠിച്ച ശേഷമാണ് അവര്‍ നിഗമനത്തിലെത്തിയത്.

ഗുഹ പേരു കൊണ്ടു തന്നെ ഡെനിസോവനെ സൂചിപ്പിക്കുന്നതാണ്. അല്‍ത്തായ് മേഖലയും സമീപപ്രദേശങ്ങളും നിയാന്തര്‍താലുകളുടെയും ആവാസകേന്ദ്രമായിരുന്നു. സങ്കരവര്‍ഗ്ഗത്തിലെ ആദ്യ തലമുറ മനുഷ്യാവശിഷ്ടം കണ്ടെത്തിയത് തികച്ചും അസാധാരണമായിരിക്കുന്നു എന്നാണ് ഇതേപ്പറ്റി ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോപ്പുലേഷന്‍ ജനെറ്റിസിസ്റ്റ് പോന്‍റസ് സ്കോഗ്ലന്‍റ് അഭിപ്രായപ്പെട്ടത്.

Spread the love