Friday, May 27

തകരുന്ന ഫെഡറലിസവും നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വയംഭരണാധികാരവും: പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ് സംസാരിക്കുന്നു

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചും സംസ്ഥാനങ്ങളുടെ സ്വയംനിര്‍ണയാധികാരത്തെ കുറിച്ചും ആഴത്തില്‍ വിശകലനം ചെയ്തിട്ടുള്ള സാമ്പത്തികശാസ്ത്ര ഗവേഷകനാണ് പ്രൊഫസര്‍ കെ കെ ജോര്‍ജ്ജ്. അദ്ദേഹം ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളൊക്കെ തന്നെയും അക്കാദമിക് മേഖലയില്‍ വലിയ സംവാദങ്ങള്‍ക്ക് വഴി തുറന്നിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറലിസത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ എല്ലായിപ്പോഴും വഴികാട്ടിയായിട്ടുണ്ട്. കേരള മാതൃക (kerala model) എന്ന് കൊട്ടിഘോഷിക്കപ്പെട്ട വികസനപാതയെ യുക്തിപൂര്‍വമായി ചോദ്യം ചെയ്ത ആദ്യ വ്യക്തികൂടിയാണ് കെകെ ജോര്‍ജ്ജ്. ലിമിറ്റ്‌സ് ടു ദ കേരള മോഡല്‍ ഓഫ് ഡെവലപ്‌മെന്റ്: ആന്‍ അനാലിസിസ് ഓഫ് ഫിസ്‌കല്‍ ക്രൈസിസ് ആന്റ് ഇറ്റ്‌സ് ഇംപ്ലിക്കേഷന്‍സ്, ഡോക്ടര്‍ ഐ എസ് ഗുലാത്തിയോടൊപ്പം ചേര്‍ന്ന് എഴുതിയ ‘എസ്സേയ്‌സ് ഇന്‍ ഫെഡറല്‍ ഫിനാന്‍ഷ്യല്‍ റിലേഷന്‍സ്’ തുടങ്ങിയ പുസ്തകങ്ങള്‍ ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്.
പ്രൊഫസര്‍ ജോര്‍ജ്ജിനെ പോലെയുള്ള ഒരാളെ പരിചയപ്പെടുത്തി ആമുഖം എഴുതേണ്ട അവസ്ഥയാണ് നിര്‍ഭാഗ്യവശാല്‍ കേരളസമൂഹത്തില്‍ നിലനില്‍ക്കുന്നത്. മുഖ്യധാരാമാധ്യമങ്ങളുടെ ഉപരിപ്ലവബോധവും കാര്യങ്ങളെ ആഴത്തിലിറങ്ങി വിശകലനം ചെയ്യാനുള്ള കഴിവില്ലായ്മയും വ്യക്തമാക്കുന്നതാണ് ഈ ഒരു അവസ്ഥ. സിനിമയില്‍ അഭിനയിക്കുന്നവരും അപൂര്‍വം ചില സാഹിത്യകാരന്മാരും മാത്രം ചര്‍ച്ചാവിഷയമാക്കുന്ന അവര്‍ക്ക് ദൈനംദിന രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടില്‍ അഭിരമിക്കാനാണ് താല്‍പര്യം. അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ പൊതുവേദികളില്‍ ചര്‍ച്ചയാവുന്നത് എന്തെങ്കിലും കക്ഷി രാഷ്ട്രീയ പിന്‍ബലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ പ്രൊഫസര്‍ കെ കെ ജോര്‍ജ്ജിനെ പോലെയുള്ള സ്വതന്ത്ര ചിന്തകര്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു.
പ്രൊഫസര്‍ ജോര്‍ജ്ജിന്റെ സംഭാവനകളിലേക്ക് വെളിച്ചം വീശാന്‍ ഉതകുന്ന ഒരഭിമുഖത്തെ മുഖ്യവാര്‍ത്തയാക്കിക്കൊണ്ടാണ് പ്രതിപക്ഷം.ഇന്‍ ആരംഭിക്കുന്നത്. കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലുള്ള ഡോക്ടര്‍ ജോണ്‍ മത്തായി സെന്ററിലെ അസിസ്റ്റന്റെ പ്രൊഫസര്‍ ഷൈജന്‍ ഡേവിസ്, പ്രൊഫസര്‍ ജോര്‍ജ്ജുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ഷൈജന്‍ ഡേവിസ്: ഒരു സാമ്പത്തികകാരന്‍ എന്ന നിലയില്‍ സാറിന്റെ ഒരു പ്രധാന ഗവേഷണ മേഖല കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളായിരുന്നു. ഇപ്പോള്‍ 15-ാം ധനകാര്യ കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സ് വിവാദമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെ എങ്ങനെ വിലിയിരുത്താനാവും? അത് വെറും ഫണ്ട് കൈമാറ്റത്തിന്റെ തലത്തില്‍ നില്‍ക്കുന്നതാണോ?
പ്രൊഫസര്‍ കെകെ ജോര്‍ജ്ജ്: കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെ വെറും ഫണ്ട് കൈമാറ്റം മാത്രമായി ചുരുക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഇവിടെ ഇന്ത്യ ഒരു ഫെഡറല്‍ റിപബ്ലിക്കാണെന്നും ഭരണഘടനയുടെ കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങളിലും കണ്‍കറന്റ് പട്ടികയിലും ഒരളവ് വരെ രാഷ്ട്രീയ, സാമ്പത്തിക സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും മറന്നുപോകുന്നു. കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളില്‍ അടിസ്ഥാനപരമായി ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയ ചോദ്യമിതാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഭരണഘടനാപ്രകാരം സ്വതന്ത്രമായിരിക്കണം എന്ന് വിവക്ഷിക്കപ്പെടുന്ന രാജ്യത്തിലെ എല്ലാ സ്ഥാപനങ്ങളിലും എന്ന പോലെ ധനകാര്യ കമ്മീഷനിലും രാഷ്ട്രീയ സ്വാധീനം പ്രകടമാവുന്നു. അവരുടെ നിലപാടുകള്‍ പലപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ചാവുന്നതാണ് കൂടുതല്‍ കൂടുതല്‍ കണ്ടുവരുന്നത്. ഇതിന് ഉത്തമോദാഹരണമാണ് ഇപ്പോള്‍ രൂപീകരിച്ച ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ്.
ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരത്തിലുള്ള സ്വേച്ഛാധിപത്യത്തിന് സ്ഥാനമില്ല. എന്നാല്‍ ഇന്ന് സംഭവിക്കുന്നത് കണ്‍കറന്റ് പട്ടികയിലേക്ക് കൂടുതല്‍ കൂടുതല്‍ വിഷയങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക അധികാരം തട്ടിയെടുക്കുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത്. ശരിക്കും പറഞ്ഞാല്‍ സംസ്ഥാനത്തിന്റെ അധികാരപരിധികളിലേക്ക് കേന്ദ്രം നഗ്നമായ കടന്നുകയറ്റം നടത്തുന്നു. ഇവിടെ മറ്റൊരു കാര്യം സൂചിപ്പിക്കാനുണ്ട്. ഡോ. ഐഎസ് ഗുലാത്തിയും ഞാനും ചേര്‍ന്നാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ നിര്‍വചിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാരിയ (മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്) കമ്മീഷന് സമര്‍പ്പിക്കാനുള്ള പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന്റെ മെമ്മൊറാണ്ടം തയ്യാറാക്കിയത്. പ്രമുഖ സാമ്പത്തികകാരനും അന്നത്തെ ബംഗാള്‍ ധനകാര്യ മന്ത്രിയുമായിരുന്ന അശോക് മിത്രയുടെ താല്‍പര്യ പ്രകാരമായിരുന്നു അത്. കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങള്‍ സംബന്ധിച്ച് ഗുലാത്തിയും ഞാനും ചേര്ന്ന് എഴുതിയ ചില പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മെമ്മൊറാണ്ടം തയ്യാറാക്കാനുള്ള ചുമതല അദ്ദേഹം ഞങ്ങളെ ഏല്‍പ്പിച്ചത്. രാഷ്ട്രീയ സ്വയംഭരണാധികാരത്തിന് അത്യന്താപേക്ഷിത ഘടകമാണ് ധനകാര്യ സ്വയംഭരണാധികാരം എന്ന് ഞങ്ങള്‍ ആ മെമ്മൊറാണ്ടത്തില്‍ അടിവരയിട്ട് പറഞ്ഞിരുന്നു. കാരണം ധനകാര്യ സ്വയംപര്യാപ്തതയില്ലാതെ രാഷ്ട്രീയ സ്വയംഭരണത്തെ കുറിച്ച് ആലോചിക്കാനേ പറ്റില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വയംനിര്‍ണയാധികാരം ഒലിച്ചു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണതയ്ക്ക് തടയിടേണ്ടതിന്റെ പ്രാധാന്യം അശോക് മിത്രയെ പോലുള്ളവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ പിന്നീട് പശ്ചിമ ബംഗാള്‍ ഈ ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോയി. കേരളവും പിന്നാക്കം പോയി. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിലവിലുണ്ടായിരുന്നപ്പോള്‍ വലതുപക്ഷത്തിന് ഇതിനെതിരെ പോരാടാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെ കാര്യം അങ്ങനെയല്ല. ഇവിടെയാണ് ഞാന്‍ കേരളത്തിലെ ജനപ്രിയ ഇടതുപക്ഷങ്ങളോട് വിയോജിക്കുന്നത്. സാമ്പത്തിക ശാസ്ത്ര അടിത്തറയുള്ള സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെ പോലുള്ളവര്‍ക്ക് പോലും അതിന്റെ പ്രാധാന്യം മനസിലാവുന്നില്ല. അവിടെയാണ് എന്നെ പോലുള്ളവര്‍ അദ്ദേഹത്തോട് വിയോജിക്കുന്നത്. ആ വിയോജിപ്പ് ശക്തമാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. സ്വന്തം അധികാരങ്ങള്‍ തീറെഴുതി കൊണ്ടുള്ള ഒരു കീഴടങ്ങലാണ് ഇവിടെ നടക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഈ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്ന് പറയുന്ന സംവിധാനങ്ങളൊക്കെ സംസ്ഥാനങ്ങളുടെ അധികാരം തട്ടിപ്പറിയ്ക്കുന്നതിന്റെ ഭാഗമാണ്. ഇത്രയും വൈവിദ്ധ്യമുള്ള ഒരു രാജ്യത്തിന് വേണ്ടി ഒറ്റ പദ്ധതി വിഭാവന ചെയ്യുക. അതിന്റെ നടത്തിപ്പിന് വിഹിതം നിശ്ചയിക്കുക. ഇതൊക്കെ സംസ്ഥാനങ്ങളുടെ വൈവിദ്ധ്യവും തനത് സംസ്‌കാരവും കണക്കിലെടുക്കാതെ ചെയ്യുന്ന കാര്യങ്ങളാണ്. സംസ്ഥാനങ്ങള്‍ തങ്ങളുടെ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അധികാരം ലഭിക്കാതിരിക്കുക എന്നാല്‍ അവരുടെ സ്വയംഭരണാധികാരം ഇല്ലാതാവുന്ന എന്ന് തന്നെയാണ് അതിനര്‍ത്ഥം. പക്ഷെ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷം പരമാവധി കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനായി രാഷ്ട്രീയ സ്വയംഭരണാധികാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മറക്കുന്നു. അധികാരത്തില്‍ എത്തുമ്പോള്‍ കേന്ദ്രീകരണവും അധികാരത്തിന് പുറത്ത് നില്‍ക്കുമ്പോള്‍ വികേന്ദ്രീകരണവും എന്ന നയമാണ് ഇപ്പോള്‍ ഇടതുപക്ഷം പിന്തുടരുന്നത്.
ഫെഡറലിസത്തെ സംബന്ധിച്ച ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പൊതു ധനകാര്യത്തിന്റെയും (Public finance), രാഷ്ട്രീയ സമ്പദ്ഘടനയുടെയും (Political Economy) ഉപകരണങ്ങള്‍ വേണ്ട വിധം മനസിലാക്കാതെ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെ കുറിച്ച് ശക്തമായ ഒരു കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതായത് ഫെഡറലിസത്തിന്റെ രാഷ്ട്രീയ ആശയം മനസിലാക്കാതെ ഈ വിഷയത്തില്‍ മുന്നോട്ട് പോവുക അസാധ്യമാണ്.
ചോദ്യം: ഇതേ വിഷയത്തിന്റെ കുറച്ചു കൂടി വികസിതമായ ഒരു ആശയം എന്ന് വിശേഷിപ്പിക്കാവുന്ന ദേശീയതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും (Nationality Question) താങ്കളുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും കേരള ദേശീയതയുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍. ഇതൊന്ന് വിശദീകരിക്കാമോ?
ഉത്തരം: ഞാന്‍ ജനിച്ചത് പെരുമ്പാവൂരിനടുത്ത് വേങ്ങൂര് എന്ന സ്ഥലത്താണ്. അതായത് പഴയ തിരുവിതാംകൂര്‍ രാജ്യം. പിന്നീട് ഞാന്‍ തിരുക്കൊച്ചി രാജ്യത്തിന്റെ പൗരനും അതിന് ശേഷം കേരളീയനും ആകുന്നു. അപ്പോള്‍ തന്നെ ചില ചോദ്യങ്ങള്‍ എന്നെ അലച്ചിടിലുന്നു. ഈ വിഷയത്തില്‍ ഒരു വ്യക്തത കൈവരുന്നത് മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തിലുള്ള പഴയ കെ എസ് പി (കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി) പ്രവര്‍ത്തകനായിരുന്ന ജെഎഫ് കുര്യനുമായി ബന്ധപ്പെടുന്നതോടെയാണ്.
ജെഎഫ് കുര്യന്‍ വളരെ സവിശേഷതയാര്‍ന്ന ഒരു വ്യക്തിത്വമായിരുന്നു. വാസ്തവത്തില്‍ ദേശീയതയെ സംബന്ധിച്ച ചോദ്യം ആദ്യം ഉയര്‍ത്തുന്നത് സര്‍ സിപി രാമസ്വാമി അയ്യരാണ്. പിന്നീട് ആ ചോദ്യം മുന്നോട്ട് കൊണ്ടുപോകുന്നത് കെസ്പിയും. കോട്ടയത്തെ ഒരു കുലീന കുടുംബത്തില്‍ പിറന്ന കുര്യന്‍ കെഎസ്പിയുടെ സജീവ പ്രവര്‍ത്തനായിരുന്നു. എന്നാല്‍ മത്തായി മാഞ്ഞൂരാന്റെ മരണത്തോടെ കെഎസ്പി ശിഥിലമായി. തുടര്‍ന്ന് കേരള കോണ്‍ഗ്രസിന് ഇത്തരത്തിലുള്ള ഒരു ആശയ അടിത്തറ രൂപീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ അവസാന ആശ്രയമായിരുന്നു അത്. എന്നാല്‍ കേരള കോണ്‍ഗ്രസ് റബ്ബര്‍ മുതലാളിമാരുടെയും കത്തോലിക്ക പുരോഹിതരുടെയും കൈകളില്‍ വീണതോടെ കുര്യന്‍ ഹതാശയനായി. ഈ സമയത്താണ് ബോംബെയില്‍ (ഇന്നത്തെ മുംബെ) ശിവസേന ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വിശിഷ്യ മലയാളികള്‍ക്കെതിരെ മണ്ണിന്റെ മക്കള്‍ സമരം അഴിച്ചുവിടുന്നത്. ആ സമയത്ത് ഞാന്‍ ബോംബെയില്‍ സ്‌റ്റേറ്റ് ബാങ്കിന്റെ സാമ്പത്തിക ഗവേഷണ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. രൂക്ഷമായ ആക്രമണ സമരമായിരുന്നു ശിവസേനയുടേത്. വിക്ടോറിയ ടെര്‍മിനസ് (ഇന്നത്തെ ഛത്രപതി ശിവജി ടെര്‍മിനസ്) പരിസരത്തൊക്കെ ധാരാളം മലയാളി തെരുവ് കച്ചവടക്കാരും കരിക്ക് വില്‍പനക്കാരും ഉണ്ടായിരുന്നു. അവരെയെല്ലാം കലാപകാരികള്‍ ഓടിച്ചുവിട്ടു. മലയാളികള്‍ക്കിടയില്‍ ആകെ ഭീതിയും നിരാശയും നിറഞ്ഞു നില്‍ക്കുന്ന സമയം. എന്നാല്‍ ഈ സ്ഥിതിവിശേഷത്തെ ഒരു സാധ്യതയായാണ് കുര്യന്‍ കണ്ടത്. അദ്ദേഹം നേരെ ബോംബെയിലെത്തി. ഒരുതരം സാഹസികത എന്ന് പറയാം. അന്ന് കുര്യന്‍ ചെറുപ്പക്കാരനും ദൃഢഗാത്രനും സുന്ദരനുമായിരുന്നു. ഈ ആക്രമണത്തെ പ്രതിരോധിക്കണമെന്ന് അവിടുത്തെ മലയാളികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്തൊക്കെ പറഞ്ഞാലും കുര്യന്റെ സാന്നിധ്യം മലയാളികള്‍ക്ക് ഒരു ആത്മവിശ്വാസം പകര്‍ന്ന് നല്‍കി. തങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ല എന്ന തോന്നല്‍ അവര്‍ക്കുണ്ടായി. ഒടുവില്‍ കുര്യനെ മഹാരാഷ്ട്ര പോലിസ് അകമ്പടിയോടെ വാഹനത്തില്‍ കേരളത്തില്‍ എത്തിക്കുകയായിരുന്നു. ഈ കഥകളൊക്കെ ബോംബെയില്‍ വച്ച് ഞാന്‍ കേട്ടിരുന്നു. ഞാന്‍ സ്‌റ്റേറ്റ് ബാങ്കിന്റെ കേരളാ ശാഖയില്‍ ജോലി ചെയ്യുമ്പോള്‍ കുര്യന്‍ എറണാകുളത്ത് പത്മ തിയേറ്ററിന് സമീപത്തുള്ള ഒരു ലോഡ്ജില്‍ താമസിക്കുന്നതായി അറിഞ്ഞു. ഇത്രയും ധീരനായ ഒരു മനുഷ്യനെ നേരിട്ട് പരിചയപ്പെടണമെന്ന് തോന്നി. അങ്ങനെ ഞാന്‍ പോയി കാണുകയും അതൊരു ദീര്‍ഘ ബന്ധത്തിന് തുടക്കമാവുകയും ചെയ്തു. പിന്നീട് അദ്ദേഹവുമായുള്ള ചര്‍ച്ചകളാണ് ദേശീയതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ എനിക്ക് വ്യക്തത വരുത്തിത്തന്നത്. ശരിക്കും കുര്യനുമായുള്ള ചര്‍ച്ചകള്‍ തന്നെയാണ് കേന്ദ്ര-സംസ്ഥാന ധനകാര്യബന്ധങ്ങളെ ഒരു പ്രശ്‌നം എന്ന നിലയില്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും.
പിന്നീട് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ (സിഡിഎസ്) എത്തുകയും അവിടെ ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്നും വിരമിച്ച കെടി റാംമോഹനെ പോലുള്ളവരുമായി ബന്ധപ്പെടുകയും ചെയ്തതോടെ ദേശീയത വിഷയം കൂടുതല്‍ വിശാലമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. റാംമോഹന്‍ വഴി സിആര്‍സി, സിപിഎംഎല്‍ പ്രവര്‍ത്തകരുമായും കെ വേണുവിനെ പോലുള്ളവരുമായും ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയതോടെ അത് കൂടുതല്‍ ദൃഢമായി വരികയും ചെയ്തു.
ഇവിടെയും സാമ്പത്തിക സൂചികകള്‍ക്കൊപ്പം തന്നെ രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്കും പ്രാധാന്യമുണ്ട്. അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടിലൂടെ ഫെഡറലിസത്തെ നോക്കിക്കാണുമ്പോഴാണ് ദേശീയതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത്. വിദേശനാണ്യ വിനിമയ മൂല്യവുമായി ബന്ധപ്പെട്ട ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിക്കാം. വിദേശനാണ്യവുമായി തുലനം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കുറയുന്നതിനെ ഇംപീരിയലിസത്തിന്റെ കടന്നുവരവ് എന്നൊക്കെയാണ് ഇടത് സാമ്പത്തികകാരന്മാര്‍ പൊതുവിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന കേരളത്തിലെ സാമ്പത്തിക വിദഗ്ധര്‍ ഫള്‍പ്പെടെ വിലയിരുത്തുന്നത്. വിദേശവിനിമയ നിരക്കിലെ ചോര്‍ച്ച അടിമത്തത്തിലേക്ക് നയിക്കും എന്നൊരു പൊതു നിലപാടാണ് കേരളം പുലര്‍ത്തുന്നതെന്ന് തോന്നുന്നു. കയറ്റുമതിയെ ആശ്രയിക്കുന്ന ഒരു സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം കുറയുന്നത് ഗുണകരമാണ് എന്നാണ് എന്റെ വിലയിരുത്തല്‍. ഉദാഹരണത്തിന് ഞാന്‍ ബാങ്കില്‍ ചേരുന്ന സമയത്ത് രൂപയുടെ മൂല്യം ഒരു ഡോളറിന് 4.6 രൂപയാണ്. പിന്നീട് അത് 7.5 ആയും, 13 ആയും ഒക്കെ ഉയര്‍ന്ന് നിലവില്‍ അറുപത് രൂപയ്ക്ക് മുകളിലായി. കമ്പോള സാമ്പത്തിക്രമം പരമ്പരാഗതമായി തന്നെ രൂപയുടെ മൂല്യം ഇടിയ്ക്കുകയായിരുന്നു. ഇറക്കുമതി ബദലുകളില്‍ (Import Substitute) ഊന്നിയുള്ള ഇന്ത്യയുടെ സാമ്പത്തികനയം വഴി ബോധപൂര്‍വം രൂപയുടെ മൂല്യം ഇടിക്കുകയായിരുന്നു. രൂപയുടെ മൂല്യം അറുപതാണ് എന്ന് സങ്കല്‍പിച്ചാല്‍, ഒരു ഇറക്കുമതിക്കാരനെ സംബന്ധിച്ചിടത്തോളം അറുപത് രൂപ കൊടുത്താല്‍ ഒരു ഡോളര്‍ ലഭിക്കും. അതായത് അറുപത് രൂപയ്ക്ക് ഒരു ഡോളറിന് തുല്യമായ സാധനങ്ങള്‍ അയാള്‍ക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കും. എന്നാല്‍ രൂപയുടെ മൂല്യം എഴുപത് രൂപയാകുമ്പോള്‍, എഴുപത് രൂപ കൊടുത്താല്‍ മാത്രമേ അയാള്‍ക്ക് ഒരു ഡോളറിന് തുല്യമായ സാധനം ഇറക്കുമതി ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതേ അവസ്ഥ ഒരു കയറ്റുമതിക്കാരന് ഗുണകരമായി ഭവിക്കും എന്നും നാം മനസിലാക്കണം. കാരണം അറുപത് രൂപയുള്ളപ്പോള്‍ അയാള്‍ ഒരു ഡോളറിന് തുല്യമായ ഉല്‍പന്നം കയറ്റുമതി ചെയ്യുമ്പോള്‍ അറുപത് രൂപയെ ലഭിക്കുന്നുള്ളു. രൂപയുടെ മൂല്യം കുറയുമ്പോള്‍ തതുല്യ അളവിലുള്ള ഉല്‍പന്നത്തിന് അയാള്‍ക്ക് എഴുപത് രൂപ ലഭിക്കുന്നു. ഇതുകൊണ്ടാണ് കയറ്റുമതിയില്‍ അധിഷ്ടിതമായ ഒരു സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം കുറയുന്നത് ഗുണകരമാണ് എന്ന് പറയുന്നത്. സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ (സിഎഇഎസ്) ഞാനെഴുതിയ വര്‍ക്കിംഗ് പേപ്പറില്‍ ഇത് കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന ഘടകം കൂടി പ്രസക്തമാണ്. കശുവണ്ടി, കയര്‍ തുടങ്ങിയ നമ്മുടെ പ്രധാന ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ എഴുപതുകള്‍ മുതല്‍ കേരള സമ്പദ്ഘടനയുടെ അടിത്തറ പ്രവാസികള്‍ അയയ്ക്കുന്ന വിദേശനാണ്യമാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം കുറയുന്നതാണ് സ്വാഭാവികമായും നല്ലത്. കാരണം, അവര്‍ അയയ്ക്കുന്ന വിദേശനാണ്യത്തിന് നാട്ടില്‍ കൂടുതല്‍ തുക ലഭിക്കുന്നു. അങ്ങനെ നോക്കിയാലും രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്നത് തന്നെയാണ് കേരളത്തിന് നല്ലത്.
കേരള സമ്പദ്ഘടന നിലവില്‍ പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിന്റെ വ്യാപ്തിയും കേരള സമൂഹത്തില്‍ അത് സൃഷ്ടിച്ച പ്രതിഫലനങ്ങളും മനസിലാവണമെങ്കില്‍ ഗള്‍ഫ് കുടിയേറ്റം തുടങ്ങുന്നതിന് മുമ്പുള്ള കേരള സമ്പത്തികരംഗത്തിന്റെ അവസ്ഥ ഒന്ന് ആലോചിച്ചാല്‍ മതിയാവും. ഇവിടെ ഒരു വളര്‍ച്ചയും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാവും. ഇന്ന് കാണുന്ന സാമ്പത്തിക വളര്‍ച്ചയുടെയെല്ലാം അടിസ്ഥാനം പ്രവാസികള്‍ അയയ്ക്കുന്ന പണമാണ്. ഇത്തരത്തിലുള്ള വിദേശബന്ധത്തിന്റെ ചരിത്രപരമായ കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് കേരള ദേശീയതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്നത്. വാസ്‌ഗോഡ ഗാമ കാപ്പാട്ട് കാലുകുത്തുന്നതിന് മുമ്പ് തന്നെ നമുക്ക് വിദേശികളുമായി വ്യാപാരബന്ധമുണ്ടായിരുന്നു. ഈ അറബി മലയാളവും മാപ്പിളപ്പാട്ടുമൊക്കെ അതിന്റെ ഭാഗമായി വരുന്നതാണ്. കുറച്ചുകൂടി ചുരുക്കി പറയുകയാണെങ്കില്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ കേരള സമൂഹം ഏകദേശം സുസ്ഥിരമായിരുന്നു എന്ന് കാണാം. കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെ ഇത്തരം ഒരു പശ്ചാത്തലത്തില്‍ കൂടി മനസിലാക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

Read Also  ദു:ഖം നിറയുന്ന ഓറഞ്ചുകളുടെ നാട് ; ഗസ്സന്‍ കനാഫനിയുടെ കഥ

ചോദ്യം: അതേ സമയം തന്നെ ഭൂതത്താന്‍കെട്ടിലെ ആണവ റിയാക്ടറിനെതിരായ സമരങ്ങള്‍ പോലെയുള്ള സമാന്തര ജനകീയ പ്രക്ഷോപങ്ങളില്‍ സാര്‍ ഇടപെടുന്നുണ്ട്…
ഉത്തരം: അതൊന്നും നേരത്തെ ആലോചിച്ചുറപ്പിച്ച് ചെയ്യുന്നതല്ല. ഭൂതത്താന്‍കെട്ട് എന്റെ ജന്മനാടിന് അഞ്ചെട്ട് കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ്. പെരിയാറിന്റെ തീരത്തെ ജീവിതവും പ്രകൃതിയും സാമ്പത്തിക നിലനില്‍പ്പും അവിടുത്തെ ജനങ്ങളുമൊക്കെ എനിക്ക് സുപരിചിതമാണ്. ആണവ നിലയങ്ങളുടെ അപകടങ്ങളെ കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കുന്ന ചില ലേഖനങ്ങള്‍ അക്കാലത്ത് വായിച്ചിരുന്നു. അമേരിക്കയില്‍ നടന്ന അതിഭീതമായ ഒരു ആണവ റിയാക്ടര്‍ ദുരന്തത്തെ കുറിച്ചുള്ള വാര്‍ത്തകളും അക്കാലത്ത് സജീവമായിരുന്നു. അതുകൊണ്ടുതന്നെ ലോക വ്യാപകമായി ആണവ നിലയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ആണവ മാലിന്യങ്ങളുടെ അളവിനെ സംബന്ധിച്ചും ഭീതിജനകമായ കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ആ സമയത്ത് ഞാനും റാംമോഹനും ഒന്നിച്ച് ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ഈ വിഷയം സംസാരത്തില്‍ വരികയും ഈ വിപത്തിനെതിരെ എന്തെങ്കിലും ചെയ്യണം എന്നൊരു തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തു. റാമിന്റെ താല്‍പര്യം കൂടുതലും രാഷ്ട്രീയപരമായിരുന്നു. എന്നാല്‍ എനിക്ക് രാഷ്ട്രീയ താല്‍പര്യത്തോടൊപ്പം, ശാസ്ത്രീയവും പ്രാദേശികവുമായ താല്‍പര്യങ്ങളും ഉണ്ടായിരുന്നു. പ്രാദേശിക താല്‍പര്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം എന്ന് വേണമെങ്കിലും പറയാം. കാരണം, ഭൂതത്താന്‍കെട്ടിലുണ്ടാവുന്ന ഏതൊരു അപകടവും എന്റെ നാടിനെയും അവിടുത്തെ ജനതയെയുമാണ് നേരിട്ട് ബാധിക്കുക. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തില്‍ എനിക്കൊരു പേഴ്‌സണല്‍ കമിറ്റ്‌മെന്റ് ഉണ്ടായിരുന്നു. അങ്ങനെയാണ് ആക്ടിവിസത്തിലേക്ക് എടുത്ത് ചാടുന്നത്. തെരുവ് മൂലകളില്‍ പ്രസംഗിക്കുക, വിദേശത്ത് നിന്നും വരുന്ന ആണവ വിരുദ്ധ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി നോട്ടീസടിച്ച് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒക്കെയുണ്ടായിരുന്നു. പക്ഷെ വെറും പ്രതിഷേധങ്ങള്‍ കൊണ്ടുമാത്രം കേരളത്തില്‍ ഒന്നും സംഭവിക്കില്ല. എന്ത് പ്രസ്ഥാനം തുടങ്ങിയാലും പണമില്ലെങ്കില്‍ അതിന്റെ നിലനില്‍പ്പിനെ ബാധിക്കും. ഭാഗ്യത്തിന് ഞങ്ങളുടെ ആശയത്തോട് യോജിപ്പുണ്ടായിരുന്ന ഒരാള്‍ പണം മുടക്കാന്‍ തയ്യാറായി രംഗത്തെത്തി. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും എംഫില്‍ നേടിയ കോതമംഗലം കോളേജ് പ്രിന്‍സിപ്പള്‍ എംപി വര്‍ഗ്ഗീസായിരുന്നു ആ വ്യക്തി. കോതമംഗലം കോളേജ് സ്ഥാപിക്കുന്നതിനൊക്കെ മുന്‍കൈ എടുത്ത ആളാണ്. അദ്ദേഹത്തിന്റെ സ്വാധീനവും പണവും ആ സമരത്തിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. വിദേശത്ത് പഠിച്ചിരുന്ന ആളായതിനാല്‍ ഈ വിഷയത്തിലുള്ള ധാരാളം ലേഖനങ്ങളും പഠനങ്ങളും അദ്ദേഹത്തിന് ലഭ്യമായിരുന്നു. മാത്രമല്ല സിആര്‍സി-സിപിഎംഎല്‍ പോലുള്ള ചില സംഘടനകള്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അവരുടെ നേതാക്കളുമായൊക്കെ കൂടുതല്‍ അടുക്കുന്നതും ആ സമരത്തോടെയാണ്. അതിന്റെ പേരില്‍ എന്നില്‍ തീവ്രവാദം ആരോപിച്ച് പോലീസുകാരൊക്കെ കുറെക്കാലം വീട്ടിന് ചുറ്റും അന്വേഷിച്ച് നടക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഒരു മറുവശം കൂടി നമ്മള്‍ കാണേണ്ടതുണ്ട്. ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെട്ട ഒരു സംഘം സമരം പൊളിക്കാനുള്ള നീക്കം. ഒരുതരത്തില്‍ പറഞ്ഞാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അക്കാദമിക് ഇന്റലക്ച്ച്വല്‍ ഡിസ്‌ഹോണസ്റ്റിയുടെ പ്രകടരൂപമായിരുന്നു ആ പ്രതിപ്രസ്ഥാനം. അത് നമ്മളെ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. അമേരിക്കയിലും ജര്‍മ്മനിയിലും ജപ്പാനിലുമൊക്കെ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയൊക്കെ സുരക്ഷിതമാണെന്നും അവര്‍ പ്രചരിപ്പിച്ചു. പിന്നീട് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയ ഒരു വ്യക്തിയൊക്കെയായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ആണവ റിയാക്ടറിന് അനുകൂലമായി വലിയ സെമിനാറൊക്കെ സംഘടിപ്പിച്ചു. പിന്നെ കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വലാശാലയിലെ ഫിസിക്‌സ്, കെമിസ്ട്രി അദ്ധ്യാപകരെയൊക്കെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ രംഗത്തിറക്കി. എന്തൊക്കെയായാലും അന്തിമ ഫലം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. ആണവ റിയാക്ടര്‍ പദ്ധതി ഉപേക്ഷിക്കാന്‍ തന്നെ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിന്നീട് പെരിയാറിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും മറ്റും ചില പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ചോദ്യം: കാഴ്ചപ്പാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ അങ്ങയെ ഒരു ‘ലെഫ്റ്റിസ്റ്റ്’ എന്ന് വിളിക്കാമോ?
ഉത്തരം: ലെഫ്റ്റിസ്റ്റെന്നോ ലിബറല്‍ ലെഫ്റ്റിസ്റ്റ് എന്നോ എന്ത് വിളിച്ചാലും വിരോധമില്ല. പക്ഷെ, മുഖ്യധാര ഇടതുപക്ഷവുമായി പല പ്രശ്‌നങ്ങളിലും ആശയങ്ങളിലും വിയോജിച്ചുകൊണ്ടാണ് ഞാന്‍ മുന്നോട്ട് പോയിട്ടുള്ളത്. പ്രത്യേകിച്ചും കേരള മോഡല്‍ പോലുള്ള സങ്കല്‍പനങ്ങളില്‍. ‘ലിമിറ്റ്‌സ് ടു ദ കേരള മോഡല്‍ ഓഫ് ഡെവലപ്‌മെന്റ്’ (Limits to Kerala Model of Development) എന്ന പുസ്തകത്തില്‍ ഈ വിയോജിപ്പ് ഞാന്‍ വിശദമായി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. കാരണം സാമ്പത്തിക വളര്‍ച്ച കൈവരിക്കാത്ത ഒരു സമ്പദ്ഘടനയ്ക്ക് ക്ഷേമ രാഷ്ട്രം (Welfare State) എന്ന നിലയില്‍ സുസ്ഥിരമായി നിലനില്‍ക്കാന്‍ സാധിക്കില്ല. ഇത് എന്റെ ആശയമല്ല. അമര്‍ത്യ സെന്നൊക്കെ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയില്‍ മാത്രമേ നമുക്ക് ക്ഷേമ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളു. ക്ഷേമരാഷ്ട്ര സങ്കല്‍പങ്ങളില്‍ ഒന്നാണത്. അത് സുസ്ഥിരമായി നിലനില്‍ക്കണമെങ്കില്‍ സമ്പദ്ഘടനയില്‍ വളര്‍ച്ചയുണ്ടാവണം. പക്ഷെ നമുക്ക് അങ്ങനെയൊരു വളര്‍ച്ചയില്ല. നമ്മുടെ സാമ്പത്തിക അടിത്തറയെന്ന് പറയുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ പ്രവാസികള്‍ അയയ്ക്കുന്ന പണമാണ്. അതിന് ഗുണവും ദോഷവുമുണ്ട്. പണം വരുന്നുണ്ട്, അത് ചില ഓളങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. പക്ഷെ വിദേശത്ത് നിന്നും പണം വരാതിരിക്കുന്ന ഒരു സാഹചര്യത്തെ കുറിച്ച് ആലോചിച്ച് നോക്കൂ. ഗള്‍ഫില്‍ എണ്ണ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ അല്ലെങ്കില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ സാങ്കേതിക വൈദഗ്ധ്യം ഉണ്ടായിരുന്നെങ്കില്‍ തുടങ്ങിയ അവസ്ഥകളെ കുറിച്ച് ആലോചിച്ച് നോക്കൂ. അവിടെയാണ് കേരള മോഡല്‍ പരാജയപ്പെടുന്നത്. കൃഷിയിലോ വ്യവസായത്തിലോ ഊന്നിയുള്ള സാമ്പത്തിക അടിത്തറ വികസിപ്പിച്ചെടുക്കാന്‍ നമുക്ക് സാധിച്ചില്ല. കാര്‍ഷീക രംഗത്തെ വളര്‍ച്ച കീഴ്‌പ്പോട്ടാണ്. വ്യവസായരംഗത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പിന്നെയുള്ളത് സേവനരംഗമാണ്. വിദ്യാഭ്യാസം, ആരോഗ്യം പോലെയുള്ളവ. അവിടെയൊക്കെ സ്വകാര്യ മൂലധന നിക്ഷേപം വര്‍ദ്ധിതമായ തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ വളര്‍ച്ചയ്ക്ക് മുഖ്യകാരണം ഉദാരീകരണമാണെന്ന് വാദിക്കാം. എന്നാല്‍ കേരളത്തില്‍ ഉദാരീകരണം നടപ്പിലാക്കുന്നതിന് ആരൊക്കെയാണ് പണം മുടക്കുന്ന ഏജന്‍സികള്‍, എന്താണ് അവരുടെ അത്യന്തികലക്ഷ്യം തുടങ്ങിയ കാര്യങ്ങളില്‍ സൂക്ഷമമായ പഠനങ്ങളും ചര്‍ച്ചകളും നടത്താമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതൊന്നും സംഭവിച്ചില്ല. സ്വാശ്രയ വിദ്യാഭ്യാസമൊക്കെ കുഴഞ്ഞുമറിയുന്നത് ഇത്തരത്തിലുള്ള ഒരു അന്വേഷണത്തിന്റെ അഭാവം നിമിത്തമാണ്. അവിടെ ഇപ്പോള്‍ സംഭവിക്കുന്നത് കുറെ ആളുകള്‍ക്ക് ധാരാളം കള്ളപ്പണം സമ്പാദിക്കാന്‍ സാധിക്കുന്നു എന്ന് മാത്രമാണ്. ഏതായാലും കേരള മോഡല്‍ എന്ന അത്ഭുത പ്രതിഭാസത്തെ കുറിച്ച് നിലവില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം.
ചോദ്യം: ഈ സാഹചര്യത്തിലാണോ നിക്ഷേപ-വായ്പ അനുപാതത്തെ കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്?
ഉത്തരം: ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ വച്ചാണ് അത്തരത്തില്‍ ചില നിരീക്ഷണങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചത്. കേരളത്തിന്റെ ബാങ്കിംഗ് ചരിത്രവുമായി അതിന് ബന്ധമുണ്ട്. ഒരു കാലത്ത് കേരളത്തില്‍ ചെറുകിട ബാങ്കുകളും പ്രാദേശിക ബാങ്കുകളും ചില സമുദായങ്ങളുടെ പിന്തുണയുള്ള ബാങ്കുകളും മാത്രമാണ് ഉണ്ടായിരുന്നത്. കാത്തലിക് സിറിയന്‍ ബാങ്ക്, ലോഡ് കൃഷ്ണ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ഒരു കാലത്ത് ഇന്ത്യയില്‍ കല്‍ക്കട്ട കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാങ്കുകള്‍ ഉണ്ടായിരുന്നത് തൃശ്ശൂരായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രാദേശിക, സാമുദായിക ബാങ്കുകളില്‍ പലതും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ ശാഖകള്‍ ആരംഭിക്കുകയും ചെയ്തു. അവിടുത്തെ സാഹചര്യങ്ങളുമായും ഇടപാടുകാരുടെ സ്വഭാവരീതികളുമായും പൊരുത്തപ്പെടാന്‍ ഇവിടുന്ന് പോയ മാനേജര്‍മാര്‍ക്ക് സാധിച്ചില്ല. ഈ ബാങ്കുകളുടെയൊക്കെ കിട്ടാക്കടങ്ങള്‍ പരിശോധിച്ചാല്‍ 90 ശതമാനവും കേരളത്തിന് പുറത്തുള്ള ശാഖകളിലാണെന്ന് കാണാന്‍ കഴിയും. ബാങ്ക് ജീവനക്കാര്‍ വിശേഷ ദിവസങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കുക, വിലകൂടിയ ഭക്ഷണം നല്‍കുക ഒക്കെ ഉത്തരേന്ത്യന്‍ വ്യവസായികളുടെ ശീലമാണ്. അത്തരം പ്രലോഭനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള മാനേജര്‍മാര്‍ വീണതോടെ കിട്ടാക്കടത്തിന്റെ അളവ് കൂടി. ഇതിന്റെ പ്രശ്‌നം എന്താണെന്ന് ചോദിച്ചാല്‍ കേരളത്തില്‍ നിന്നുള്ള ബാങ്ക് നിക്ഷേപങ്ങളാണ് (പ്രവാസികളുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ) ഇങ്ങനെ പുറത്തേക്ക് ഒഴുകുന്നത്. അതായത് ഇവിടെ വിതരണം ചെയ്യപ്പെടുകയും കേരളത്തിന്റെ വികസനത്തിന് ഉപകാരപ്രദമാവുകയും ചെയ്യേണ്ട പണമാണ് അങ്ങനെ പുറത്തേക്ക് പോവുകയും കിട്ടാക്കടങ്ങളായി മാറുകയും ചെയ്യുന്നത്.
ചോദ്യം: ജയകേരളം, കേരളപഠനങ്ങള്‍ തുടങ്ങിയ സമാന്തര പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്…
ഉത്തരം: കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളൊന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല എന്നതാണ് പ്രശ്‌നം. ദൈനംദിന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചാണ് മുഖ്യധാര മാധ്യമങ്ങള്‍ മുന്നോട്ട് പോകുന്നത്. പ്രശ്‌നങ്ങളുടെ ആഴത്തിലുള്ള അവലോകനങ്ങളൊന്നും അവരുടെ അജണ്ടയില്‍ വരുന്നതേയില്ല. മാത്രമല്ല ഓരോ പത്രത്തിനും ഓരോ പക്ഷം ഉണ്ടാവും. അത് പലപ്പോഴും അധികാര രാഷ്ട്രീയവും ജാതി,മതപരവുമായ പക്ഷഭേദങ്ങളായിരിക്കും. യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്ന് മാത്രമല്ല, തങ്ങളുടെ പക്ഷാഭേദങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഒരവസ്ഥ. പണ്ടൊക്കെ നിലനില്‍പ്പിന് വേണ്ടിയുള്ള ഒരു ഉപാധി മാത്രമായിരുന്നു പരസ്യങ്ങള്‍. എന്നാല്‍ ഇന്ന് പരസ്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയാണ്. പരസ്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായി വാര്‍ത്തകള്‍ മാറുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തനം അത്ര വലിയ അധഃപതനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമാന്തര മാധ്യമ പ്രവര്‍ത്തനത്തിനുള്ള സാധ്യതകള്‍ അനന്തമാണ്. ഈ ആശയം ആദ്യം വരുന്നത് എന്റെ മദ്രാസ് ജീവിതത്തിനിടയ്ക്കാണ്. അവിടുത്തെ ബുദ്ധിജീവികളെ പ്രചോദിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ട് ജീവിച്ചിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എം ഗോവിന്ദന്‍. അദ്ദേഹത്തിന് വരുമാനമൊന്നും ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍ ഭാര്യയുടെ സാമ്പത്തിക സംരക്ഷണത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. എന്നാല്‍ ഗോവിന്ദന് പറയാനുള്ള കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ അദ്ദേഹം സമീക്ഷ എന്നൊരു പ്രസിദ്ധീകരണം നടത്തിയിരുന്നു. കൂടാതെ ലോകവാണി, ജയകേരളം തുടങ്ങിയ സമാന്തര പ്രസിദ്ധീകരണങ്ങളും അവിടെ നിന്നും ഇറങ്ങിയിരുന്നു. പിന്നീട് പ്രൊഫസര്‍ എം ഗംഗാധരന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട് നിന്നും ജയകേരളം എന്ന പേരില്‍ തന്നെ ഒരു പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ ഞാന്‍ അതുമായി സഹകരിച്ചു. ദേശീയ ബാങ്കുകളുടെ നിക്ഷേപ-വായ്പ അനുപാതം കേരളത്തിന് എങ്ങനെ ദോഷകരമാകുന്നു എന്ന് വിവരിക്കുന്ന ലേഖനമായിരുന്നു ആദ്യത്തേത്. ഏകദേശം സമാനമായ കാരണങ്ങള്‍ തന്നെയാണ് കേരളപഠനങ്ങളുമായും സഹകരിക്കുന്നതിന് ഇടയാക്കിയത്. റാംമോഹനായിരുന്നു അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ദൗര്‍ഭാഗ്യവശാല്‍ ആശയങ്ങള്‍ക്കപ്പുറം സാമ്പത്തിക ബാധ്യതകള്‍ മൂലം ഇവയെല്ലാം പൂട്ടിപ്പോയി. പിന്നീട് മാധ്യമപ്രവര്‍ത്തകന്‍ കെ രാജഗോപാലിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സിന്‍ഡിക്കേറ്റ് പ്രസിദ്ധീകരണം തുടങ്ങിയെങ്കിലും അതിന്റെ ഗതിയും ഇത് തന്നെയായിരുന്നു.
ചോദ്യം: തികച്ചും വ്യത്യസ്ത മേഖലകളിലൂടെയാണ് സാര്‍ സഞ്ചരിച്ചത്. ബാങ്കിംഗ് മേഖലയിലെ ഉന്നത നിലയില്‍ നിന്നും അദ്ധ്യാപനത്തിലേക്കും ഗവേഷണത്തിലേക്കുമുള്ള ഒരു മാറ്റം എങ്ങനെയാണ് സാധ്യമായത്?
ഉത്തരം: പലപ്പോഴും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു ജീവിതയാത്രയായിരുന്നില്ല എന്റേത്. ആകസ്മികതകളാണ് എന്റെ ജീവിതത്തെ മുന്നോട്ട് നയിച്ചത്. ചരിത്രമോ രാഷ്ട്രതന്ത്രമോ പഠിക്കണമെന്നായിരുന്നു ആഗ്രഹം. അക്കാലത്തും മെഡിസിന്‍, എഞ്ചിനീയറിംഗ് കോഴ്‌സുകളായിരുന്നു മിക്കവരുടെയും പ്രഥമ പരിഗണന. പിന്നെ ശാസ്ത്രവിഷയങ്ങളും. എന്നാല്‍, ഞാന്‍ സാമൂഹ്യശാസ്ത്രം പഠിക്കണമെന്ന് എന്റെ പിതാവ് നിഷ്‌കര്‍ഷിച്ചു. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നെങ്കിലും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ആളായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ പഠിക്കുന്നതിനെ അക്കാലത്ത് ക്രിസ്തീയ സമുദായം പൊതുവില്‍ പ്രോത്സാഹിപ്പിചിചരുന്നില്ലെങ്കിലും തന്റെ പെണ്‍മക്കള്‍ക്ക് ഉന്നത് വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി. വേണ്ടത്ര മാര്‍ക്കില്ലാത്തതിനാല്‍ സാമ്പത്തികശാസ്ത്രത്തിലാണ് ആലുവ യുസി കോളേജില്‍ പ്രവേശനം ലഭിച്ചത്. അന്ന് ആര്‍ക്കും സാമ്പത്തികശാസ്ത്രത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ ഭാഗ്യത്തിന് അവിടെ മികച്ച ഒരദ്ധ്യാപകന്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ വന്നു. അമേരിക്കയില്‍ ഗവേഷണം നടത്തി തിരിച്ചെത്തിയ പ്രൊഫസര്‍ എംവി കുര്യനായിരുന്നു അത്. അലൂവ യുസി കോളേജില്‍ ഇപ്പോഴും എല്ലാ വര്‍ഷവും എംവി കുര്യന്‍ മെമ്മോറിയല്‍ ലക്ചര്‍ സംഘടിപ്പിക്കാറുണ്ട്. അദ്ദേഹം അമേരിക്കയില്‍ പഠിച്ച ആളാണെങ്കിലും ഇടതുപക്ഷ ചായ്വുള്ള വ്യക്തിയായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ അദ്ധ്യാപന രീതി വളരെ വ്യത്യസ്തമായിരുന്നു. സംവാദാത്മകമായിരുന്നു ക്ലാസുകള്‍. കുട്ടികള്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട എന്ത് ചോദ്യങ്ങളും ചോദിക്കാം. അദ്ധ്യാപകന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാവുന്ന ഒരു രീതി. അപ്പോള്‍ അദ്ദേഹത്തോട് ചോദ്യം ചോദിക്കാനും തര്‍ക്കിക്കാനും മനഃപൂര്‍വം ഞാന്‍ ഒരു വലതുപക്ഷ നിലപാട് സ്വീകരിച്ചു. പ്രായത്തിന്റെ ഒരു കുസൃതിയായിരുന്നു അതെങ്കിലും അതിന് വേണ്ടി കൂടുതല്‍ വായിക്കാന്‍ തുടങ്ങി. അങ്ങനെയാണ് സാമ്പത്തികശാസ്ത്രത്തില്‍ താല്‍പര്യം ജനിക്കുന്നത്. പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറി.
മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍ അദ്ധ്യാപകനായിട്ടാണ് ഔദ്ധ്യോഗിക ജീവിതം ആരംഭിക്കുന്നത്. ആ സമയത്താണ് നേരത്തെ തന്നെ അപേക്ഷിച്ചിരുന്ന സ്‌റ്റേറ്റ് ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ പരീക്ഷയ്ക്ക് വിളിക്കുന്നത്. കോളേജിലെ ചില അദ്ധ്യാപകരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഈ അവസരം മുറുകെ പിടിച്ചു. പരീക്ഷയും അഭിമുഖവും പാസായതിനെ തുടര്‍ന്ന് ബാങ്കില്‍ പ്രവേശിച്ചു. ആറു മാസത്തെ പരിശീലനത്തിന് ശേഷം ഓഫീസറായി നിയമനം ലഭിച്ചു. പക്ഷെ ബാങ്കിലെ നിര്‍ജ്ജീവമായ കണക്കിന്റെ കളികള്‍ എന്നെ മടുപ്പിച്ചു. അപ്പോള്‍ കുറച്ചു കാലം അന്നത്തെ കല്‍ക്കട്ടയിലെ വിദേശനാണ്യവിനിമയ വിഭാഗത്തില്‍ മാറ്റം ലഭിക്കുന്നത്. ആ സമയത്ത് ആകസ്മികമായി പരിചയപ്പെട്ട ഒരു സുഹൃത്താണ് ബാങ്കിന്റെ ഗവേഷണ വിഭാഗത്തിലേക്ക് മാറാന്‍ സഹായിച്ചത്. അങ്ങനെ അപേക്ഷിക്കുകയും ബോംബെയില്‍ ഗവേഷണ വിഭാഗത്തില്‍ നിയമനം ലഭിക്കുകയും ചെയ്തു. അത് വലിയ സാധ്യതയായിരുന്നു. ഒന്ന് സാമ്പത്തിക ഗവേഷണ മേഖലയിലേക്ക് മടങ്ങാന്‍ സാധിച്ചു. രണ്ട് ബോംബെയില്‍ സ്‌റ്റേറ്റ് ബാങ്ക് ലൈബ്രറി കൂടാതെ റിസര്‍വ് ബാങ്ക് ലൈബ്രറി, ബോംബെ സര്‍വകലാശാല ലൈബ്രറി എന്നിവ ഉള്‍പ്പെടെ വിശാലമായ ലൈബ്രറി സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിച്ചു. പില്‍ക്കാലത്ത് നടത്തിയ പല ഗവേഷണങ്ങളിലും ആ അനുഭവം പ്രയോജനം ചെയ്തു. ഏഴ് വര്‍ഷം സ്‌റ്റേറ്റ് ബാങ്കിന്റെ ഗവേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ബാങ്കിന്റെ വെല്ലിംഗ്ടണ്‍ ഐലന്റ് ശാഖയില്‍ ജോലി ചെയ്യുമ്പോഴാണ് കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയില്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ബാങ്ക് മാനേജ്‌മെന്റ് തുടങ്ങുന്നത്. കേരളത്തിലെ സ്വകാര്യ ബാങ്ക് മാനേജ്‌മെന്റുകളുമായുള്ള സഹകരണത്തോടെയാണ് ആ കോഴ്‌സ് തുടങ്ങിയത്. അവിടെ റീഡറായി ചേര്‍ന്നു. ചില ഔദ്ധ്യോഗിക പ്രശ്‌നങ്ങള്‍ ഒക്കെയുണ്ടായെങ്കില്‍ അവിടെ നിന്ന് ഡയറക്ടര്‍ ആയാണ് വിരമിക്കുന്നത്. ബാങ്കില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ഐസിഎസ്എസ്ആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്) സീനിയര്‍ ഫെല്ലോഷിപ്പോടുകൂടി സിഡിഎസില്‍ ഗവേഷണവുമായി മുന്നോട്ട് പോകുന്നത്. അതോടൊപ്പമാണ് ചില സമാനമനസ്‌കരായ ചില പൂര്‍വവിദ്യാര്‍ത്ഥികളോടൊപ്പം ചേര്‍ന്ന് സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക് ആന്റെ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) ആരംഭിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഞാന്‍ ഒരിക്കലും സാമ്പത്തിക ശാസ്ത്ര പഠനത്തില്‍ നിന്നും ഗവേഷണത്തില്‍ നിന്നും വ്യതിചലിച്ചിട്ടില്ല എന്നും പറയാം. തൊഴിലുകള്‍ മാറി മാറി വന്നു എന്ന് മാത്രം.

Spread the love

Leave a Reply