Monday, January 17

മത്സ്യത്തൊഴിലാളികളുടെ നെഞ്ചില്‍ ചവിട്ടിയാണ് സര്‍ക്കാരും മാധ്യമങ്ങളും ഫോര്‍മാലിന്‍ പേടി പടര്‍ത്തുന്നത്: അഭിലാഷ് പടച്ചേരിയുടെ റിപ്പോര്‍ട്ട്

അഭിലാഷ് പടച്ചേരി

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ പരിശോധനയില്‍ മാരകമായ ഫോര്‍മാലിന്‍ ഉള്‍പ്പടേയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ 28000 കിലോ മല്‍സ്യം പിടിച്ചെടുത്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സാഗര്‍ റാണി എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു രാസവസ്തുക്കള്‍ കലര്‍ത്തിയ മീനുകള്‍ പിടിച്ചെടുത്തത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മീനുകളിലായിരുന്നു രാസവസ്തുക്കള്‍ കണ്ടെത്തിയത്.

മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തി വില്പന നടത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ മീന്‍ ഇഷ്ടവിഭവമായ മലയാളികളില്‍ ഉണ്ടാക്കിയ ആശങ്ക ചെറുതല്ലാത്തതായിരുന്നു. മത്സ്യവിപണിയും കാര്യമായി തന്നെ ഇടിഞ്ഞു. ആളുകള്‍ മത്സ്യം കഴിക്കാന്‍ ഭയപ്പെടുകയും ചെയ്തു. ഇത് ബാധിച്ചത് വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന കേരളത്തിലെ പരമ്പരാഗത മല്‍ത്സ്യത്തൊഴിലാളികളുടെ കൂരകളിലാണ്.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അയല്‍ സംസ്ഥാനത്തു നിന്നുള്ള മത്സ്യ ലോബികള്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മത്സ്യോല്‍പ്പാദനം 12 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ മത്സ്യോല്‍പ്പാദനത്തില്‍ കേരളം ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. 2016 ല്‍ 5.22 ലക്ഷം ടണ്‍ മത്സ്യമാണ് ലഭിച്ചിരുന്നെങ്കില്‍ 2017 ല്‍ 5.85 ലക്ഷം മത്സ്യം കേരളത്തില്‍ ലഭിച്ചു. ട്രോളിംഗ് നിരോധനം ഫലപ്രദമാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മീനുകളില്‍ മാരകമായ വിഷം ചേര്‍ത്തിട്ടുള്ളതായുള്ള വാര്‍ത്തകള്‍ കേരളത്തിലെ മത്സ്യബന്ധന മേഖലയെ വിഷമത്തിലാക്കിയിരിക്കുന്നത്.

പാലക്കാട് വാളയാറില്‍ ഓപ്പറേഷന്‍ സാഗര്‍ റാണിക്ക് നേതൃത്വം നല്‍കിയ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ് വര്‍ഗീസ് പറയുന്നു

‘പരാതികള്‍ പലകോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തെ പരിശോധനയില്‍ ഫോമാലിന്‍ ഉപയോഗിച്ച മത്സ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്മേല്‍ വാളയാറില്‍ പരിശോധന നടത്തിയത്. 55 ലധികം വാഹനങ്ങള്‍ പരിശോധിച്ചു. അതില്‍ ആന്ധ്രയിലെ നെല്ലൂരില്‍ നിന്ന് വന്നിരുന്ന ഒരു വാഹനത്തിലാണ് 4 ടണ്ണോളം ഫോര്‍മലിന്‍ ഉപയോഗിച്ച മീനുകള്‍ കണ്ടെത്തിയത്. വിശദമായ പരിശോധന കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തി. ഒരു കിലോ മത്സ്യത്തില്‍ 4.1 മില്ലി ഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തി. പിന്നീട് മത്സ്യം ആന്ധ്രയിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ മുന്നില്‍ വച്ച് നശിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് വാഹനവും മത്സ്യവും വിട്ടുകൊടുത്തു. ‘

അതേസമയം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ഇന്‍സ്റ്റിട്യൂട്ടില്‍ വികസിപ്പിച്ചെടുത്ത പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിന്‍ ഉപയോഗിച്ച മത്സ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഈ പേപ്പര്‍ സ്ട്രിപ്പ് വ്യാവസായിക ഉല്പാദനത്തിനായി സ്വകാര്യ കമ്പനിയുമായി കരാറും സി.ഐ.എഫ്.ടി ഒപ്പുവച്ചിട്ടുണ്ട്. ഒരു പേപ്പര്‍ സ്ട്രിപ്പിന് അഞ്ചു രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 2017 ഡിസംബറിലാണ് പേപ്പര്‍ സ്ട്രിപ്പ് വികസിപ്പിച്ചെടുത്തത്. 2018 ജനുവരിയില്‍ വിപണിയിലെത്തിക്കും എന്ന് സിഐഎഫ്ടി അവകാശപ്പെട്ടെങ്കിലും വിപണിയില്‍ ഇപ്പോഴും ലഭ്യമല്ല. മനോരമ അടക്കമുള്ള മാധ്യമങ്ങളില്‍ പേപ്പര്‍ സ്ട്രിപ്പ് അടുത്തയാഴ്ച മുതല്‍ വിപണിയിലെന്ന പെയ്ഡ് ന്യുസുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

Read Also  സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത മാധ്യമ പ്രവർത്തകന്റെ വിവാഹം മുടക്കി പോലീസ്

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഫോര്‍മാലിന്‍ പേടി ബാധിച്ചതിനെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് വേണ്ടത്ര പ്രചാരം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ജൂണ്‍ 26 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി.പീറ്റര്‍ പറയുന്നു.

‘തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ പിടിച്ചെടുത്ത ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം തിരിച്ചയക്കുന്ന ഉദ്യോഗസ്ഥര്‍ കോഴവാങ്ങിയിട്ടുണ്ട് എന്ന വസ്തുതയാണ് ഇതില്‍ നിന്ന് വെളിപ്പെടുന്നത്. ആരോഗ്യ വകുപ്പും, ഫിഷറീസ് വകുപ്പും പ്രഹസനമാകുന്ന കാഴ്ചയാണ്. കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍, തദ്ദേശീയ മല്‍സ്യ വിപണനത്തിന്റെ മാര്‍ക്കറ്റ് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് വരേണ്ടി വരും. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പച്ചമീന്‍ കഴിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരവുമായി മുന്നോട്ട് വന്നത്. കോഴിക്കച്ചവട ലോബിയും ഓണ്‍ലൈന്‍ വിപണന ലോബിയും ഇപ്പോഴത്തെ സാഹചര്യത്തെ മുതലെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തേണ്ടതുണ്ട്, ആയിരക്കണക്കിന് വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.’

ഫോര്‍മാലിന്‍ അടങ്ങിയ മീന്‍ വില്പനയ്‌ക്കെത്തുന്നു എന്ന വാര്‍ത്തയ്ക്ക് ശേഷം മീന്‍ വില്പനയില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് കൊച്ചിയിലെ വിവിധ മേഖലകളിലെ ചെറുകിട കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം പകുതിയില്‍ അധികമായി മീനുകളുടെ വിലയിടിഞ്ഞിട്ടുണ്ട്.

കടവന്ത്രയില്‍ മീന്‍ കച്ചവടം നടത്തുന്ന മനു

‘ കച്ചവടം പകുതിയിലധികം ഇടിഞ്ഞിട്ടുണ്ട്. മീനുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്, ഏതാണ്ട് പകുതിയോളം വിലയാണ് കുറഞ്ഞിരിക്കുന്നത്. വൈപ്പിന്‍ കാളമുക്കില്‍ നിന്നാണ് ഞങ്ങള്‍ മീന്‍ എടുക്കുന്നത്. വള്ളക്കാരില്‍ നിന്നാണ് മീന്‍ ശേഖരിക്കുന്നത്, ട്രോളിംഗ് നിരോധനം ആയതുകൊണ്ടുതന്നെ ബോട്ടില്‍ നിന്നുള്ള മീന്‍ ഇല്ല. മീനിന് നല്ല വില ലഭിക്കുന്ന കാലമാണിത്. പുറത്ത് നിന്ന് എത്തുന്ന മീനുകള്‍ ലുലു മാള്‍ പോലുള്ള വലിയ വലിയ കച്ചവടക്കാരിലേക്കാണ് എത്തുന്നത്. അവിടെ മീന്‍ മുറിച്ച് നല്‍കുന്നതിനാല്‍ മായം കലര്‍ത്തിയത് കണ്ടെത്താന്‍ ആകില്ല. നമ്മളെ പോലുള്ളവര്‍ മാത്രമാണ് വള്ളങ്ങളില്‍ നിന്നുള്ള മീനുകള്‍ ശേഖരിക്കുന്നത്. ബാക്കി വരുന്നവ നശിപ്പിക്കുകയാണ് പതിവ്. ഫ്രീസ് ചെയ്തു ഉപയോഗിക്കാന്‍ കഴിയില്ല. ഐസ് മാത്രം ഇട്ടാണ് വില്പനയ്‌ക്കെത്തിക്കുന്നത്. കാളമുക്കില്‍ അടക്കം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പക്ഷെ മായം ചേര്‍ത്ത മീനുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.’

വൈറ്റിലയില്‍ കച്ചവടം നടത്തുന്ന സുനില്‍ കുമാര്‍

‘ സ്ഥിരം ഉപഭോക്താക്കളാണ് മീന്‍ വാങ്ങാന്‍ വരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഇവിടെ കച്ചവടം ചെയ്യുന്നത്. ചെല്ലാനത്ത് നിന്നാണ് മീന്‍ എടുക്കുന്നത്. വള്ളങ്ങളില്‍ നിന്നുള്ള മീന്‍ മാത്രമാണ് ഇവിടെ വില്‍ക്കുന്നത്. വിലയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. അത് ലഭിക്കേണ്ടുന്ന വരുമാനത്തെ ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള പരിശോധന കര്‍ശനമാക്കണം. മത്സ്യത്തില്‍ എന്ന് മാത്രമല്ല മുഴുവന്‍ ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കണം. മാര്‍ക്കറ്റുകളില്‍ വരുന്ന മീനുകളിലാണ് ഏറെയും മായം ചേര്‍ത്ത് എത്തുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും ഇതിലൊരു മാറ്റം വരുമെങ്കില്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കാന്‍ തയ്യാറാണ്.

Read Also  അഭിലാഷിനും ശ്വേതയ്ക്കുമൊപ്പം നിൽക്കേണ്ടതുണ്ട്; പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി യുവജന കൂട്ടായ്മയുടെ പ്രസ്താവന

ജൂണ്‍ 30 ന് എറണാകുളത്തെ മീന്‍ വില / ഫോര്‍മാലിന്‍ ഭീതിക്ക് മുന്‍പും ശേഷവും

ചാള 220/ 100
അയല 240/ 140
ചെമ്മീന്‍ 560/ 400
വെള്ള കൊഴുവ 300/ 160
കിളി മീന്‍ 270/ 120

വില ഇടിഞ്ഞതും വിപണിയിലെ മെല്ലെപ്പോക്കും മത്സ്യമേഖലയില്‍ നിന്നുള്ള വരുമാനത്തെ ബാധിക്കുമെന്നാണ് കണക്കു കൂട്ടല്‍. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മീനുകള്‍ പ്രധാനമായും എത്തുന്നത് മാര്‍ക്കറ്റുകളിലേക്കും മാളുകളിലേക്കുമാണ്. ഫോര്‍മാലിന്‍ കലര്‍ത്തിയ മീനുകള്‍ കണ്ടെത്താന്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വഴികളില്ല. സര്‍ക്കാരില്‍ നിന്നാണ് നടപടികള്‍ ഉണ്ടാകേണ്ടതെന്ന നിലപാടുകളാണ് മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്നത്. അതേസമയം കേന്ദ്ര ഫിഷറസീസ് ടെക്‌നോളജീ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പേപ്പര്‍ സ്ട്രിപ്പിന് വിപണി ഉറപ്പിക്കാനുള്ള തന്ത്രമാണ് ഭീതി പടര്‍ത്തലെന്ന ആരോപണം ഉയരുന്നുണ്ട്.

Spread the love