Thursday, January 20

തൊണ്ണൂറ്റിയൊൻപതിലെ വെള്ളപ്പൊക്കം..ഒരു മഹാപ്രളയത്തിൻ്റെ ഓർമ്മ.

മഴ അതിൻ്റെ എല്ലാ സൗന്ദര്യങ്ങളും വെടിഞ്ഞ് അതിഭീകരമായി വേട്ടയാടുകയാണ്.മനുഷ്യൻ പ്രകൃതിശക്തികൾക്കു മുൻപിൽ എത്രമാത്രം നിസ്സഹായനും ഭയചകിതനുമാണെന്നു പ്രകൃതിനൽകുന്ന ഈ മുന്നറിയിപ്പിൽ നിന്നും പഠിക്കേണ്ടകാലം അതിക്രമിക്കുന്നു വെന്നു ചിലർ പറയുമ്പോഴും.മറ്റ് ചില സംശയങ്ങൾ നിലനിൽക്കുന്നു…

മലകൾവെട്ടിയടർത്തിയും പാടങ്ങൾ നികത്തിയും കായലും കരയും കയ്യേറിയും ആധുനിക മനുഷ്യൻ നമ്മുടെ ചെറിയനാടിനെ വെട്ടിമുറിക്കുകയും അവൻ്റെ യിഷ്ടത്തിനു മാറ്റുകയും ചെയ്തത് ഈ പുതിയ കാലത്താണ്.എല്ലാ തെറ്റുകളും ഏറ്റുപറയാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്.ഇനിയും പ്രകൃതിയുമായി ചൂതാട്ടത്തിനില്ലെന്ന തീരുമാനത്തിൽ നമ്മളോരൊരുത്തരും എത്തണം ,,,

ഇതെല്ലാം സത്യമായും ശാസ്ത്രീയമായും തെളിയിക്കപ്പെടുമ്പോൾതന്നെ മറ്റ് ചിലതുകൂടി ഓർമ്മിക്കാം

ഇത്രയേറെ കാടുകയ്യെറ്റങ്ങളൊ മണ്ണിൻ്റെ ചാരിത്ര്യത്തെ അപമാനപ്പെടുത്തുകയോ ചെയ്യുന്നതിനുമുൻപ്.നമ്മുടെ കേരളത്തിൽ ഒരു പ്രളയം ഉണ്ടായത് പറഞ്ഞുകേട്ടിട്ടുണ്ട്…

തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം

കൊല്ലവർഷം 1099ലാണ് അതു സംഭവിച്ചത് അതിനാൽ തന്നെ അതു പിന്നീട് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ അറിയപ്പെട്ടുതുടങ്ങി.

 

1099 കർക്കിടകം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു.

.. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലേക്ക് ജനങ്ങൾ പ്രാണഭയം കൊണ്ട് ഓടി രക്ഷപെട്ടു

 

മദ്ധ്യ തിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങി. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിനെയും പ്രളയം കനത്തതോതിൽ ബാധിച്ചു.

തെക്കേ മലബാറിലെ പല ഭാഗങ്ങളും  വെള്ളത്തിനടിയിലായി.

സമുദ്രനിരപ്പിനടുത്തുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിൽ അത്ഭുതമില്ല . എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പോക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും അമ്പരപ്പിച്ചത്.

1924 ജൂലൈ മാസത്തിൽ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപെട്ടിയിലെ  രണ്ടു മലകൾ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി (ഇന്നവിടെ ഒരണക്കെട്ടുണ്ട്). തുടർന്നുള്ള ദിവസങ്ങളിൽ രാവും പകലും പെയ്ത മഴയിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു .

.

പൂർണ്ണമായും തകർന്ന മൂന്നാറിനെ വീണ്ടും ഒരുയർത്തെഴുനേൽപ്പിനു സഹായിച്ചത് ബ്രിട്ടിഷുകാർ  തന്നെ. വീണ്ടും തേയില നട്ടു, റോഡുകൾ നന്നാക്കി, മൂന്നാർ പഴയ മൂന്നാറായി. എന്നാൽ ആ വെള്ളപ്പൊക്കത്തിൽ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടമാണ് പിന്നീടൊരിക്കലും അവിടേയ്ക്ക് തീവണ്ടി ഓടിക്കയറിയിട്ടില്ല എന്നത്.

 

Read Also  പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഇടുക്കിയിൽ സ്ഥാനാർത്ഥിയാകും

അക്കാലത്തെ പത്രങ്ങൾ സംസാരിച്ചത്…

“ഇന്നുച്ച വരെ വെള്ളം കുറേശെയായി താണുകൊണ്ടിരുന്നു. പിന്നീട് താഴുന്നില്ലെന്നു തന്നെയല്ല, അൽപാൽപം പോങ്ങിക്കൊണ്ടിരിക്കുന്നതായും കാണുന്നു.മഴയും തുടരെ പെയ്തുകൊണ്ടിരിക്കുന്നതിനാൽ ഇനിയും വെള്ളം പോങ്ങിയെക്കുമെന്ന് വിചാരിച്ചു ജനങ്ങൾ ഭയവിഹ്വലരായിത്തീർന്നിരിക്കുന്നു”.

“ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭയങ്കരാവസ്ഥ കൂടിക്കൂടിവരുന്നു. പന്തളം ആറിൽകൂടി അനവധി ശവങ്ങൾ, പുരകൾ, മൃഗങ്ങൾ മുതലായവയും ഒഴികിപ്പോയ്ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളിൽ അത്യധികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും അതിനടുത്ത ചാരുപ്പാടം എന്ന പുഞ്ചയിൽ അനവധി മൃതശരീരങ്ങൾ പോങ്ങിയതായും അറിയുന്നു. അധികവും ഇടനാട്, മംഗലം, കൊടയാട്ടുകര ഈ തീരങ്ങളിലാണ് അടിഞ്ഞിരിക്കുന്നത്”.

“പീരുമേടിനും മുണ്ടക്കയത്തിനും മദ്ധ്യേ 43മത് മൈലിനു സമീപം മല ഇടിഞ്ഞു റോഡിലേക്ക് വീഴുകയാൽ അനേകം പോത്തുവണ്ടികൾക്കും വണ്ടിക്കാർക്കും അപകടം പറ്റിയതായി അറിയുന്നു” എന്നാണു ഒരു റിപ്പോർട്ട്.

ചേർത്തലയിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ: വേമ്പനാട്ട് കായലിലെ കഠിനമായ വെള്ളപ്പൊക്കം നിമിത്തം കായൽത്തീരസ്ഥലങ്ങളും കായലിനോടു സംബന്ധിച്ച തോട്ടുതീരങ്ങളും ഇന്നലെയും ഇന്നും കൊണ്ട് മിക്കവാറും വെള്ളത്തിനടിയിലായിരിക്കുന്നു. സമുദ്രത്തിലെ ഉഗ്രമായ ക്ഷോഭം നിമിത്തം സമുദ്രജലം കരയിലെക്കടിച്ചു കയറുന്നതല്ലാതെ കായൽ വെള്ളം ലേശവും സമുദ്രത്തിലേക്ക് പോകുന്നില്ല”.

 

ഇതു കൂടി കാണാതെ പോകരുത്..

..

ചിത്രം. മനോരമ

Spread the love