Thursday, February 25

വെള്ളപ്പൊക്കവും നാട്ടറിവുകളും ; തുടർച്ചയായി മൂന്നാം വർഷവും പമ്പാനദി പെരുകി

 

2018ലെ പെരും പ്രളയത്തിൻ്റെ നടുക്കുന്ന ഓർമ്മകൾ വിട്ടുമാറാത്തതുകൊണ്ട് പമ്പാതീരവാസികൾ മഴയും വെള്ളപ്പൊക്കവും കണ്ട് വിഹ്വലരായി. ഈ വർഷവും ഒരു രാത്രി അവരിൽ ഭൂരിപക്ഷവും ഉറങ്ങിയില്ല. ഭാഗ്യത്തിന് മഴ ശമിച്ചു. മലവെള്ളം മുറ്റത്തും പടിക്കലും വന്ന് നോക്കിയിട്ട് മടങ്ങി. ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ മുങ്ങുകയും ചെയ്തു.
വെള്ളപ്പൊക്കം വരുമ്പോൾ നാട്ടറിവുകൾ പലതും ഓർമ്മ വരാറുണ്ട്. ആയിരത്തി തൊള്ളായിരത്തി എഴുപതുകൾക്കു ശേഷം പമ്പാനദിയിൽ വെള്ളപ്പൊക്കം തീരെ കുറഞ്ഞു. അതിനു മുമ്പ് പമ്പയിൽ പ്രളയം സാധാരണമായിരുന്നു.

പമ്പയിൽ ഡാമുകൾ വന്നതാണ് വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാകാനുള്ള പ്രധാന കാരണം. എത്ര മഴ പെയ്താലും വെള്ളം ഒരു പരിധിയിലപ്പുറം ഉയരുകയില്ല. പമ്പയിലെയും പോഷകനദികളിലെയും ഡാമുകളിൽ വൃഷ്ടിപ്രദേശത്തെ പെയ്ത്തു വെള്ളം ശേഖരിച്ചു വെക്കുന്നു.

വല്ലപ്പോഴും ചിലവർഷങ്ങളിൽ വെള്ളം പൊങ്ങിയിരുന്നെങ്കിലും ആളുകളെ പേടിപ്പിക്കും വിധം എരച്ചു കയറി വന്നിരുന്നില്ല. വടശ്ശേരിക്കരയിലും മറ്റും ആൾതാമസമുള്ള പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഏതാനും ജീവനുകൾ ഇതിനിടയിൽ പൊലിഞ്ഞെങ്കിലും റാന്നി,ആറന്മുള, ചെങ്ങന്നൂർ മേഖലകളിലുള്ള ആറ്റോരവാസികളെ വെള്ളപ്പൊക്കം വലുതായി അലോസരപ്പെടുത്തിയിരുന്നില്ല.

ഇതിൻ്റെ ഫലമായി ആറ്റുതീരങ്ങളിലെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. കേരളത്തിൽ മൊത്തം ജീവിത രീതിയിൽ വന്ന മാറ്റങ്ങൾക്ക് അനുരൂപമായിരുന്നു അത്. ഈ മേഖല പ്രവാസികളാൽ സമ്പന്നമാണു താനും. തീരെ താണ പ്രദേശങ്ങളിലും ആറ്റുമട്ടലുകളിലും ധാരാളം വീടുകൾ പണിതുയർത്തി. താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ ഉയർത്തിവെക്കാമായിരുന്നു. പക്ഷേ അതൊന്നും ചെയ്തില്ല. ആറിനെ ആളുകൾ മറന്നു പോയിരുന്നു.
ആയിരത്തി തൊള്ളായിരത്തി എൺപതുകൾ വരെ പമ്പാനദിയും പരിസര പ്രദേശങ്ങളും വളരെ സജീവമായിരുന്നു. വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ മാർക്കറ്റുകൾ ഉൾപ്പടെ നദി കേന്ദ്രീകരിച്ചാണ് രൂപപ്പെട്ടത്.

പണ്ടേയ്ക്കു പണ്ടേ നദിയിലൂടെ കെട്ടുവള്ളങ്ങൾ പലവിധ ചരക്കുകളുമായി ചന്തക്കടവുകളിൽ വരികയും പോകുകയും ചെയ്തു. കൊപ്രാത്തട്ടികളും കച്ചികെട്ടും ഓലമെടച്ചിലും ആറ്റുമണൽത്തിട്ടകളെയും തീരങ്ങളെയും എപ്പോഴും ആളനക്കമുള്ളതാക്കി. കടത്തുവള്ളങ്ങളും ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരും കുളി കാരും നനകാരും എല്ലാം കൂടി ആറ്റിനെ എപ്പോഴും ചലിപ്പിച്ചു കൊണ്ടിരുന്നു. ആറ്റുതീരങ്ങളിലെ വഴികളെല്ലാം ആറ്റിലാണ് ചെന്നു തീരുന്നത്.

ആറന്മുള വള്ളംകളി, മാരാമൺ കൺവൻഷൻ, ചെറുകോൽപ്പുഴ കൺവൻഷൻ തുടങ്ങി വലുതും ചെറുതുമായ ഒരു പാട് ഉത്സവങ്ങൾക്കും കൺവൻഷനുകൾക്കും പമ്പ അരങ്ങൊരുക്കി. ഒരു കാലം വരെ ആറന്മുള ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന വമ്പൻ കച്ചവടത്തിൻ്റെ വേദി പമ്പാ മണൽപ്പുറമായിരുന്നു. ശബരിമല തീർത്ഥാടകരുടെ പമ്പാ സ്നാനവും പമ്പവിളക്കും പമ്പാ സദ്യയും പമ്പയെ പുണ്യനദിയാക്കി.

പക്ഷേ പമ്പയെ ആളുകൾ മറന്നത് അതിവേഗത്തിലായിരുന്നു. ആറ്റുകടവുകൾ പലതും അടച്ചു. ആറ്റുവഴികൾ അനാഥമായി. കുളിയും നനയും വീട്ടിലായി. കടത്തുവള്ളങ്ങൾ പലയിടത്തും ഗൃഹാതുര സ്മൃതികളായി. ആറ്റുതീരത്തു താമസിക്കുന്ന പുതിയ തലമുറ നീന്തും വള്ളം തുഴച്ചിലും അറിയാത്തവരായി.
വെള്ളപ്പൊക്കത്തെ നേരിടാൻ പമ്പാതീരവാസികൾ അവലംബിച്ചിരുന്ന നാട്ടറിവുകൾ പലതും വിസ്മരിക്കപ്പെട്ടു. വെള്ളം പൊങ്ങി വരുന്നതനുസരിച്ച് വീട്ടു സാധനങ്ങളും വളർത്തുമൃഗങ്ങളും മനുഷ്യരും വെള്ളം കയറാത്ത ഇടങ്ങളിലേക്ക് മാറി മാറിപ്പോകുന്ന ഒരു താളം അവർ മറന്നു പോയി.

Read Also  'മയിൽപ്പീലിത്തൂക്കം - താളപ്പെരുമയുടെ കല '

ഒരു വിധം വെള്ളപ്പൊക്കങ്ങൾ ആറ്റുതീരത്തുള്ളവരെ ബാധിച്ചിരുന്നേയില്ല. നല്ല നീന്തും തുഴയും വശമുള്ളവർ ആറ്റിലൂടെ ഒഴുകി വരുന്ന തടിയും വിറകും ശേഖരിച്ചു. കുട്ടികൾ പിണ്ടിച്ചെങ്ങാടം കെട്ടി വയലുകളിലൂടെയും തോടുകളിലൂടെയും തുഴഞ്ഞു നടന്ന് വെള്ളപ്പൊക്കം ആഘോഷിച്ചു.

ഇപ്പോൾ വെള്ളപ്പൊക്കവുമായി പൊരുത്തപ്പെടാനുള്ള ഒരു മനസ്സ് ആളുകൾക്കു വീണ്ടും വന്നു തുടങ്ങി. ഈ വർഷം അവർ ഉറക്കമിളച്ച കൂട്ടത്തിൽ ഒരു പാട് മുൻ കരുതലുകൾ എടുക്കയും ചെയ്തു. പല ഗ്രാമങ്ങളിലും യുവാക്കൾ ചേർന്ന് രക്ഷാ സേനകൾ അനൗപചാരികമായെങ്കിലും രൂപീകരിച്ചിരുന്നു. ചെറുവള്ളങ്ങൾ പലരും നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്ക സംബന്ധമായ പഴയ പല നാട്ടറിവുകളും പ്രയോഗിച്ചു നോക്കാൻ തുടങ്ങിയിരിക്കുന്നു.

പമ്പയെ സജീവമാക്കി നിർത്താൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും പലതും ചെയ്യാൻ കഴിയും. വേനൽക്കാലത്തും മഴക്കാലത്തും പമ്പാതീരങ്ങൾ മനോഹരങ്ങളാണ്. ചെറിയ ബോട്ടിംഗ്, മത്സ്യ ബന്ധനം തുടങ്ങിയവയൊക്കെ ഏർപ്പെടുത്തി ചെറിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആക്കി മാറ്റുവാൻ പറ്റിയ നിരവധി സ്പോട്ടുകൾ പമ്പയാറ്റിലുണ്ട്. കടവുകൾ വീണ്ടെടുക്കുകയും നീന്തുപഠിക്കുകയും തുഴച്ചിൽ പഠിക്കുകയും ചെയ്യുക എന്നത് ആറ്റുതീരത്തു താമസിക്കുന്നവരുടെ കടമയാണ്. പമ്പാതീരവാസികളുടെ ജീവിതത്തെ ആറുമായി ഇണക്കമുള്ളതാക്കി മാറ്റാനുള്ള പദ്ധതികൾ തയ്യാറാക്കി അവ പ്രായോഗികമാക്കാൻ ഏതെങ്കിലും കൺസൾട്ടൻസികളെ ഏർപ്പെടുത്തിയാലും അത് അധികമാകില്ല.

ഇപ്പോൾ വെള്ളം പൊങ്ങുമ്പോൾ കൊല്ലത്തു നിന്ന് വള്ളവുമായി മത്സ്യ ബന്ധനത്തൊഴിലാളി സുഹൃത്തുക്കൾ സർക്കാർ നിർദ്ദേശപ്രകാരം പമ്പാതീരത്തെത്തുകയാണ്. പാരമ്പര്യത്തുഴച്ചിലിനും പാട്ടിനും വലിയ പ്രാധാന്യമുള്ള ആറന്മുള വള്ളംകളിക്കും പല പള്ളിയോടങ്ങളിലും തുഴച്ചിൽക്കാരെ പടിഞ്ഞാറുനിന്ന് കൊണ്ടുവന്ന് തുഴയിക്കുകയാണ്. നീന്തറിയാൻ പാടില്ലാത്ത ന്യൂ ജെന്നിന് എങ്ങനെ മറിയാൻ സാധ്യതയുള്ള വള്ളങ്ങളിൽ കേറി കളിച്ചു മറിയാൻ  സാധിക്കും. പരിസരങ്ങളുമായി ഇണങ്ങി ജീവിക്കാത്തവർ ഭയന്നു കൊണ്ടിരിക്കും. സന്തോഷം അവർക്ക് അന്യമായിരിക്കും.

Spread the love