ദുരിതാശ്വാസ ക്യാമ്പിൽനിന്നും വീട്ടിലേക്ക് മടങ്ങുന്നവരുടെ വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നൽകും. വീടുകളിലെ കിണർ ജലവും മറ്റ് ജലസ്രോതസുകളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശിച്ചു.

സംസ്ഥാനത്തെ 1600 ൽ പരം ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ട് ദിവസംകൊണ്ട് 1,75,250 ലിറ്റർ കുടിവെള്ളം ജലഅതോറിട്ടി വിതരണം ചെയ്തുകഴിഞ്ഞു. 13,000 ലിറ്റർ ജലം ടാങ്കറിലും ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളക്ഷാമം ഉണ്ടാകാതെ നോക്കുന്നതിൽ ജല അതോറിട്ടി ജീവനക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

ഈ പ്രളയകാലത്ത് ജല അതോറിട്ടിയുടെ 236 കുടിവെള്ള വിതരണ പദ്ധതികളാണ് തകരാറിലായത്. 3,64,000 കണക്ഷനുകളാണ് വിച്ഛേദിക്കപ്പെട്ടത്. 21,52,000 ഉപഭോക്താക്കളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ചെളി കയറി പമ്പുകൾ കേടായതാണ് പ്രധാന കാരണം. 61 പദ്ധതികൾ വൈദ്യുതി ലഭ്യമല്ലാത്തതിനാൽ നിർത്തിവയ്ക്കേണ്ടി വന്നവയാണ്. ഇത് പരിഹരിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്.

മഴ കുറയുകയും ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടർ തഴ്ത്തിത്തുടങ്ങി. ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ജല സംഭരണികളിൽ ആറ് എണ്ണം മാത്രമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. രണ്ട് ഡാമുകളിൽ സ്പിൽവേയിലൂടെയും വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. വാളയാർ, കാരാപ്പുഴ ഡാമുകളും മൂലത്തറ റെഗുലേറ്ററും ഭൂതത്താൻകെട്ട്, മണിയാർ, പഴശി ബാരേജുകളുമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. മംഗലം, കുറ്റ്യാടി എന്നിവയുടെ സ്പിൽവേ ഷട്ടറുകൾ തുറന്നുവച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് 26.27 ശതമാനം കുറവ് ജലമേ ജലവിഭവ വകുപ്പിന്റെ ജലസംഭരണികളിൽ ആകെയുള്ളൂ.

കോഴിക്കോട് ജില്ലയില്‍ പ്രളയ ബാധിത ക്ഷീര കര്‍ഷകര്‍ക്കു വേണ്ടി ക്ഷീര വികസന വകുപ്പ് മുഖേന സൗജന്യമായി കാലിത്തീറ്റ വിതരണം തുടങ്ങി. വിവിധ ബ്ലോക്കുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ക്ഷീര സംഘങ്ങളിലെ കര്‍ഷകര്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ – 0495 2371254.

Read Also  ശരണം കിട്ടിയത് ഭരണത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here