ഇന്ത്യയിലെ ദാവൂദി ബോറ സമുദായത്തിലും കേരളത്തിലുള്ള മറ്റ് ചില മുസ്ലീം സമുദായങ്ങളിലും നിലനില്‍ക്കുന്ന പെണ് സുന്നത്ത് (ചേല കര്‍മ്മം) വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ത്യയില്‍ പെണ് സുന്നത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകയായ സുനിത തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് പരമോന്നത കോടതി ഈ നിരീക്ഷണം നടത്തിയത്.
സ്ത്രീകളെ വളര്ത്തുമൃഗങ്ങളായാണോ കാണുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ഭര്‍ത്താവിന്റെ ഇഷ്ടത്തിന്റെ ഭാഗമായി സ്ത്രീകള്‍ എന്തിനാണ് ചേല കര്‍മ്മം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ഓരോ സ്ത്രീക്കും അവരവരുടേതായ അസ്ഥിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീ ചേല കര്‍മ്മം നിരോധിക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ അത് നിരോധിക്കുന്നത് മതാരാധന സ്വാതന്ത്ര്യം ഉറപ്പ് നല്കുന്ന ഭരണഘടനയുടെ ലംഘനമാകുമെന്നുമാണ് ബോറ മുസ്ലീം സംഘടനകള്‍ വാദിക്കുന്നത്.
ചേലകര്‍മ്മം ഒരു ആചാരവും അടിസ്ഥാന മതപ്രമാണവുമാണെന്ന് തങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നതായി അസോസിയേഷന് സെക്രട്ടറി സമിന കാഞ്ച്വാല പറയുന്നു. എന്നാല്‍ സമുദായത്തില്‍ തന്നെയുള്ള ചിലര്‍ ഇത് അനുഷ്ഠിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും അതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നുമാണ് അവരുടെ നിലപാട്.