നമ്മുടെ ഫോക് ലോർ പഠനങ്ങളിലും വിചാരങ്ങളിലും കാര്യമായി പരിഗണന ലഭിക്കാത്തവരാണ് വഞ്ചിപ്പാട്ടുകാർ. ഫോക് ലോർ അക്കാദമിയുടെ പുരസ്കാരങ്ങളും അംഗീകാരങ്ങളും വഞ്ചിപ്പാട്ടുകലാകാരൻമാർക്ക് സാധാരണ ലഭിക്കാറില്ല. ഓണക്കാലത്ത് കേരളത്തെ ആനന്ദ കേരളമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന വള്ളംകളിയിലെ പ്രധാന കണ്ണികളാണ് വഞ്ചിപ്പാട്ടുകാർ. ഈ ഗായകരാണ് വഞ്ചി തുഴയലിൽ ആഹ്ലാദം നിറയ്ക്കുന്നത്. തുഴക്കാരെ ഒറ്റത്താളത്തിലാക്കുന്നത് ഇവരുടെ അത്യുച്ചത്തിലുള്ള കണ്ഠം തുറന്നുള്ള പാട്ടാണ്. മണിനാദം പോലെ ഒച്ചയുള്ളവരാണിവർ.
കുട്ടനാട്ടിലും ആറന്മുളയിലും ഒരു കാലത്ത് വള്ളംകളിയിൽ ഏറ്റവും പ്രാമുഖ്യം ഉണ്ടായിരുന്നത് പാട്ടുകാർക്കാണ്. വള്ളംകളിയിൽ മാത്രമല്ല ഇവിടങ്ങളിലെ ഇതര ആചാരവിശേഷങ്ങളിലും വഞ്ചിപ്പാട്ടിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കല്യാണത്തിന് വരനെ സ്വീകരിക്കുമ്പോൾ ,ഉത്സവഘോഷയാത്രകളിൽ, പടേനിയുടെ എടുത്തു വരവിൽ, ബന്ധുകര സ്വീകരണത്തിൽ എല്ലാം വഞ്ചിപ്പാട്ട് മുഴങ്ങും. ‘ഏണിപ്പടികളി’ൽ നായകനായ കേശവപിള്ളയുടെ കല്യാണത്തിന് ‘ പാഞ്ചാല ഭൂപതി തന്റെ മകൾക്കു വേളി ചെയ്യാനായ് ‘ എന്നാരംഭിക്കുന്ന പാട്ട് കരയിലെ കാരണവർ പടുന്നതായി തകഴി വർണ്ണിക്കുന്നുണ്ട്‌ .
ആറന്മുളയിലെ രണ്ടു പ്രമുഖ വഞ്ചിപ്പാട്ടുകാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ. വള്ളംകളി ലോകത്തു മാത്രം അറിയപ്പെടുന്ന ഈ നാട്ടുഗായകരെ പുറം ലോകം അറിയാറേയില്ല. പഴയ കാലത്തെ അനേകം പാട്ടുകാർ അങ്ങനെ അറിയപ്പെടാതെ മൺമറഞ്ഞു പോയി. നൂറു കണക്കിന് പാട്ടുകൾ അവർക്ക് അറിയാമായിരുന്നു. വാമൊഴിയായി പകർന്നു വന്നിരുന്ന പാട്ടുകൾ പലതും എഴുതി സൂക്ഷിക്കാതിരുന്നതിനാൽ പല പാട്ടുകളും പാട്ടുകാരോടൊപ്പം മാഞ്ഞുപോയി. വഞ്ചിപ്പാട്ട് എന്ന കാവ്യ ശാഖയ്ക്ക് ചില്ലറ നഷ്ടമല്ല ഇതു മൂലം ഉണ്ടായത്.
കുചേലവൃത്തം വഞ്ചിപ്പാട്ട് ഉൾപ്പടെ പല പാട്ടുകൾ വള്ളംകളിക്ക് പാടാറുണ്ട്. വള്ളപ്പാട്ട് സംഘഗാനമാണ്. ഒരാൾ പാടിക്കൊടുക്കുന്നു. ഒരു കൂട്ടം ആളുകൾ അത് ഏറ്റു പാടുന്നു. വായ്ത്താരി ചൊല്ലുന്നു. തലപ്പാട്ടുകാരന് പാട്ടുകൾ എല്ലാം മനപ്പാഠമായിരിക്കണം. അങ്ങനെ പാട്ടുകൾ അറിയാവുന്നവർ ഇപ്പോൾ കുറവാണ്. പാട്ട് അറിഞ്ഞാൽ മാത്രം പോരാ അടയ്ക്കാത്ത ഒച്ചയും വേണം. അത്യുച്ചത്തിലാണ് പാട്ട്. താളവും കിറുകൃത്യമാകണം. അല്ലെങ്കിൽ തുഴച്ചിൽ ക്കാരുടെ നയമ്പുകൾ തമ്മിൽ കൂട്ടിയടിക്കും.

  ശശിധരൻ നായരെ ഒരു ചടങ്ങിൽ വീണാ ജോർജ് ആദരിക്കുന്നു
മേലുകര ശശിധരൻ നായർ, ശിവൻകുട്ടി എന്നീ പാട്ടുകാർ ആറന്മുള വള്ളംകളിയിൽ നിലവിൽ പാടിക്കൊണ്ടിരിക്കുന്ന പ്രമുഖരായ രണ്ടു പാട്ടുകാരാണ്. ഇവരെ കൂടാതെ ഇടയാറന്മുള തങ്കപ്പൻ നായർ, മധുസൂദനൻ, ഇടപ്പാവൂർ ചന്ദ്രശേഖരൻ, അയിരൂർ ഓമനക്കുട്ടൻ തുടങ്ങി പ്രശസ്തരായ ഗായകർ വേറെയുമുണ്ട്. മാലക്കര വിനീതിനെപ്പോലെ കുറേ യുവാക്കളും ഇപ്പോൾ വഞ്ചിപ്പാട്ടു രംഗത്ത് ശ്രദ്ധേയരായി ഉയർന്നു വരുന്നുണ്ട്.
അരനൂറ്റാണ്ടുകാലമായി വഞ്ചിപ്പാട്ട് രംഗത്ത് സജീവമാണ് ശശിധരൻ നായരും ശിവൻകുട്ടിയും. നാട്ടറിവുകൾ ധാരളമായി അറിയാവുന്ന മികച്ച ഒരു കർഷകനാണ് ശശിധരൻ നായർ. വഞ്ചിപ്പാട്ടുകൾ കാണാതെ പഠിച്ചെടുക്കുന്നത് അദ്ദേഹം ഒരു നിഷ്ഠയായി കരുതിപ്പോരുന്നു. അമ്പതു വർഷങ്ങളായി ഒരു കൊല്ലം പോലും മുടങ്ങാതെ അദ്ദേഹം വള്ളത്തിൽ കയറി പാട്ടു പാടിക്കൊടുക്കുന്നു. കുത്തുപാട്ടുകൾ പോലെ വള്ളംകളിയിൽ കലഹത്തിന് കാരണമാകുന്ന പാട്ടുകൾ ഒരിക്കലും അദ്ദേഹം പാടിയിട്ടില്ല. സൗമ്യനായ ശശിധരൻ നായർ ആറന്മുള വള്ളംകളിയിലെ ചിട്ടയുടെയും അച്ചടക്കത്തിന്റെയും തനിമയുടെയും കാവലാളാണ്.
ശിവൻകുട്ടിക്ക് അനേകം വഞ്ചിപ്പാട്ടുകൾ ഹൃദിസ്ഥമാണ്. വള്ളസദ്യകള ഉത്സാഹഭരിതമാക്കുന്ന സദ്യപ്പാട്ടുകളും വിഭവങ്ങളുമായി ബന്ധപ്പെട്ട ശ്ലോകങ്ങളും ചൊല്ലുന്നതിൽ അതിസമർത്ഥനാണിദ്ദേഹം. സ്കൂൾ കലോത്സവങ്ങളിൽ വഞ്ചിപ്പാട്ട് ഒരു മൽസര ഇനമാണ് ഇപ്പോൾ. ആ രംഗത്തും പരിശീലകനായി ശിവൻകുട്ടി —പ്രവർത്തിക്കുന്നു.

Read Also  പേമാരി, മലയിടിച്ചിൽ, പ്രളയം, ദുരന്തം, ഗാഡ് ഗിൽ, കടമ്മനിട്ട , വി.എസ്, പി.ടി. തോമസ്.

ശിവൻകുട്ടി .
നാട്ടുകലകളുടെയും നാട്ടറിവുകളുടെയും കലവറയാണ് കേരളം. അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത വിധം. അളക്കേണ്ടവയെപ്പോലും അവഗണിക്കുന്നു എന്നതും നമ്മുടെ ഫോക് ലോർ മേഖലയുടെ പരാധീനതയാണ്. ഈ രംഗത്തേക്ക് അനേകം പഠിതാക്കൾ ഇനിയും ഇറങ്ങി വരേണ്ടതുണ്ട്. കൊള്ളാവുന്ന ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here