Sunday, January 16

ഫുട്ബാളും സിനിമയും അഥവാ കളിയും കലയും

കളിയും കലയും രണ്ട് ലോകങ്ങളിലെ പ്രവര്‍ത്തനമാണ്. കളി കായികബലത്തിന്‍റെ ലോകത്തും കല മാനസികവ്യാപാരത്തിന്‍റെ ലോകത്തുമാണ് വ്യാപരിക്കുന്നത്. ദൃശ്യപരതയുടെ പ്രാധാന്യം മൂലം മറ്റേത് കലാരൂപത്തെക്കാളും കളികളുടെ ആവിഷ്കാരം സിനിമയിലാണ് ശ്രദ്ധ നേടുന്നത്. ലോകം ഫുട്ബാളിന്‍റെ യുദ്ധക്കളത്തില്‍ ജയത്തിനായി പരസ്പരം പോരാടുമ്പോള്‍ ലോകസിനിമയില്‍ ഫുട്ബാള്‍ നേടിയിട്ടുള്ള പ്രധാന ഇടങ്ങളെ അവലോകനം ചെയ്ത് നോക്കാവുന്നതാണ്. ഫുട്ബാള്‍ പ്രധാന പ്രമേയമാകുന്ന സിനിമകള്‍ ലോകത്താകമാനം നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും, ഫുട്ബോള്‍ സിനിമയുടെ അന്തര്‍ധാരയെ സ്വാധീനിച്ച ചില ചിത്രങ്ങള്‍ പരിശോധിക്കാം.

എഡ്വര്‍ഡ് സെഡ്ഗ്വിക്ക് സംവിധാനം ചെയ്ത് 1931ല്‍ പുറത്തിറങ്ങിയ ‘മേക്കര്‍ ഓഫ് മാന്‍’ (മെലോഡ്രാമ), ബ്രിട്ടീഷ് ഫിലിം മേക്കറായ തൊറോള്‍ഡ് ഡിക്കിന്‍സന്‍ സംവിധാനം ചെയ്ത് 1939ല്‍ പുറത്തിറങ്ങിയ ‘ദ ആഴ്സനല്‍ സ്റ്റേഡിയം മിസ്റ്ററി’ (ത്രില്ലര്‍) മുതലായവ പുട്ബ്ള്‍ പ്രമേയമാകുന്ന ആദ്യകാലസിനിമകളാണ്.

‘മേക്കര്‍ ഓഫ് മാന്‍’
‘ദ ആഴ്സനല്‍ സ്റ്റേഡിയം മിസ്റ്ററി’

1962ല്‍ സോള്‍ട്ടാന്‍ ഫാബ്രി സംവിധാനം ചെയ്ത് പുറത്തിറക്കിയ ഹംഗേറിയന്‍ ചിത്രമായ ‘റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല്‍’ എന്ന ചിത്രമാണ് ഫുട്ബോള്‍ സിനിമയുടെ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള ലോകേതിഹാസം. പവറിന്‍റെ കൂടി കളിയായ ഫുട്ബാളിനെ അധികാരത്തിന്‍റെ കളി കൂടിയാക്കി മാറ്റുന്ന ചിത്രം ലോകക്ലാസിക് സിനിമാചരിത്രത്തില്‍ പ്രധാന സ്ഥാനം നേടിയിട്ടുള്ളതാണ്. ദ ലാസ്റ്റ് ഗോള്‍ എന്ന പേരിലും അറിയപ്പെടുന്ന ചിത്രം രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ പടയാളികളും ഉക്രെനിയന്‍ തടവുപുള്ളികളും തമ്മില്‍ നടന്ന മരണക്കളി എന്നറിയപ്പെടുന്ന ഫുട്ബാള്‍ മാച്ചിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷെ ചിത്രത്തില്‍ യുദ്ധത്തടവുകാര്‍ ഹംഗറിക്കാരാണ്.

‘റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല്‍’

1944ലെ വസന്തകാലം. ഹിറ്റ്ലറുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരു ഫുട്ബാള്‍ മത്സരം സംഘടിപ്പിക്കാന്‍ നാസി പട്ടാളമേധാവികള്‍ തീരുമാനിക്കുന്നു. ജര്‍മ്മന്‍ ടീം ഹംഗേറിയന്‍ യുദ്ധത്തടവുകാരുടെ ടീമിനോട് കളിക്കുന്നു. തടവുകാരിലൊരാളായ ഹംഗേറിയന്‍ ഫുട്ബാള്‍ താരം ഒനോഡിയെ വിളിച്ച് ടീമുണ്ടാക്കാന്‍ ആവശ്യപ്പെടുന്നു. ടീമുണ്ടാക്കാന്‍ സമ്മതിക്കുന്ന ഒനോഡി അതിനുവേണ്ട ചില ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നു. അധികഭക്ഷണം, തനിക്കും തന്‍റെ ടീമിനും മത്സരം വരെ കളിച്ച് പരിശീലിക്കാന്‍ ഒരു ബാള്‍, മറ്റ് ജോലികളില്‍ നിന്നൊഴിവാക്കി കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരം മുതലായവയാണ് ഒനോഡിയുടെ ആവശ്യം. ജര്‍മ്മന്‍കാര്‍ ഒനോഡിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ടീമില്‍ ജൂതരാരും ഉണ്ടാകരുതെന്ന നിബന്ധന വെക്കുന്നു. ഒനോഡിയ്ക്ക് അങ്ങനെ ഒരു ടീമുണ്ടാക്കുക പ്രയാസമായിരുന്നു. തന്‍റെ ക്യാമ്പിലുള്ള 98 ഹംഗറിക്കാരില്‍ എട്ടു പേര്‍ക്കേ ഫുട്ബാള്‍ കളിക്കാനറിയൂ. അതിനാല്‍ മറ്റ് കമ്പനികളില്‍ നിന്നുകൂടി താരങ്ങളെ കണ്ടെത്താന്‍ ഒനോഡി നിര്‍ബന്ധിതനാവുന്നു. അവരിലൊരാളായ സ്റ്റെയിനര്‍ ജൂതനാണെന്ന് മാത്രമല്ല, ഫുട്ബാള്‍ കളിക്കാന്‍ അറിയാത്ത ആളുമാണ്. പരിശീലനത്തിനിടയില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നവര്‍ പിടിയിലാകുന്നു.

കളിയുടെ തുടക്കത്തില്‍ ഒനോഡിയുടെ ടീം ആകെ അടിപതറുന്നു. ജര്‍മ്മന്‍ ടീം മൂന്ന് ഗോളടിച്ചു. ഹംഗേറിയന്‍ ടീമിന്‍റെ ഒരു ഗോളോടെ 3-1 എന്ന നിലയില്‍ ജര്‍മ്മനിയ്ക്കനുകൂലമായി ആദ്യപകുതി അവസാനിക്കുന്നു. കളിയില്‍ തോറ്റാല്‍ അവര്‍ വധിക്കപ്പെടില്ലെന്ന് ഹംഗേറിയന്‍ കമാന്‍ഡര്‍ വിശ്രമവേളയില്‍ അവരോട് പറയുന്നു. അത് വിശ്വസിക്കാതെ അവര്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ നേടി വിജയിക്കുന്നു. കളിയില്‍ വിജയിച്ച അവരെ ജര്‍മ്മന്‍ പട്ടാളമേധാവികള്‍ കളിക്കളത്തില്‍ത്തന്നെ വെടിവെച്ച് കൊന്നു വീഴ്ത്തുന്നു.

Read Also  ആമിര്‍ ഖാന്‍ ആമിര്‍ ഖാന്‍ മാത്രമല്ലെന്ന് അമിതാഭ് ബച്ചന്‍

രണ്ടാം ലോകമഹായുദ്ധത്തെയും നാസി ഭീകരതയെയും ഫുട്ബാളിന്‍റെ മാസ്മരികപ്രകടനത്തിലൂടെ കാഴ്ച വെക്കുന്ന ചിത്രം അധികാരഘടനയെ ശക്തമായി പ്രതിനിധാനം ചെയ്യുന്നു. ഫുട്ബാള്‍ കളി, നാസി ഭീകരത, യുദ്ധം മുതലായവയെ രസകരമാം വിധം കോര്‍ത്തിണക്കിയിട്ടുള്ള ഈ ചിത്രം ഫാന്‍സിനു വേണ്ടി മരിക്കുന്ന ഫുട്ബാള്‍ പ്രേമികള്‍ തീര്‍ച്ചയായും കാണേണ്ടതാണ്. കാരണം ഇത് മരിക്കാതിരിക്കാനുള്ള ശക്തമായ കളിയാണ്.

1974ല്‍ പുറത്തിറങ്ങിയ റോബര്‍ട്ട് ആല്‍ഡ്രിച്ചിന്‍റെ ദ ലോംങ്ങസ്റ്റ് യാര്‍ഡ് റീമേക്കല്ലെങ്കിലും ടു ഹാഫ് ടൈംസ് ഇന്‍ ഹെല്ലിനോട് ഏറെ സാദൃശ്യം പുലര്‍ത്തുന്ന സിനിമയാണ്.

എസ്കേപ് ടു വിക്ടറി
എസ്കേപ് ടു വിക്ടറി

ജോണ്‍ ഹൂസ്റ്റന്‍ സംവീധാനം ചെയ്ത് 1981ല്‍ പുറത്തിറങ്ങിയ എസ്കേപ് ടു വിക്ടറി എന്ന അമേരിക്കന്‍ ബ്രിട്ടീഷ് ചിത്രം ടു ഹാഫ് ടൈംസ് ഇന്‍ ഹെല്ലിന്‍റെ റീമേക്കാണ്. ഇതില്‍ യുദ്ധത്തടവുകാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പ്രധാനമായും അമേരിക്കന്‍ ബ്രിട്ടീഷ് തടവുകാര്‍. സില്‍വസ്റ്റര്‍ സ്റ്റാലനും മൈക്കല്‍ കെയിനിനുമൊപ്പം പെലെയും പ്രധാന റോളില്‍ അഭിനയിക്കുന്നുവെന്നതാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം.

പുരുഷന്മാര്‍ക്ക് മാത്രം പ്രവേശനമുള്ള സ്റ്റേഡിയത്തില്‍ ബഹറിനെതിരായ ഇറാന്‍റെ ലോകകപ്പ് യോഗ്യതാമത്സരം കാണാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം പെണ്‍കുട്ടികളുടെ കഥ പറയുന്ന, ഇറാനിയന്‍ സംവിധാകന്‍ ജാഫര്‍ പനാഹിയുടെ ഓഫ് സൈഡ് സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നു. ഇറാനില്‍ നിരോധിക്കപ്പെട്ട സിനിമയാണിത്.

ഓഫ് സൈഡ്

ഫുട്ബാള്‍ സിനിമകളുടെ കൂട്ടത്തില്‍ എടുത്തു പറയേണ്ട വിഭാഗമാണ് ജീവചരിത്രസിനിമകള്‍. ലോയ്ഡ് ബേക്കണ്‍ സംവിധാനം ചെയ്ത് 1940 പുറത്തിരങ്ങിയ നൂട്ട് റോക്നെ, ആള്‍ അമേരിക്കന്‍ എന്ന ചിത്രം നോത്രദാം കോച്ചായിരുന്ന നൂട്ട് റോക്നെയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ഈ ചിത്രത്തിലെ അഭിനയിനയമാണ് റൊണാള്‍ഡ് റെയ്ഗന് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്കുള്ള വഴിയൊരുക്കിയത്.

പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ്
റൊണാള്‍ഡ് റെയ്ഗന് -നൂട്ട് റോക്നെ, ആള്‍ അമേരിക്കന്‍

ഫുട്ബാള്‍ ജീവചരിത്രസിനിമകളില്‍ എടുത്തു പറയേണ്ടത് പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ് ആണ്. പെലെയുടെ ബാല്യം ഈ സിനിമയുടെ പ്രധാന ആകര്‍ഷണീയതയാണ്. പെലയും പിതാവുമായുള്ള ബന്ധത്തിന്‍റെ ആഴം ഈ സിനിമയെ വൈകാരികമായി പിടിച്ചു നിര്‍ത്തുന്നു. മറഡോണയുടെ ജീവിതം ആസ്പദമാക്കി മാര്‍ക്കോ റിസി സംവിധാനം ചെയ്ത മറഡോണ, ദ ഹാന്‍ഡ് ഓഫ് ഗോഡ് മറഡോണയുടെ ബാല്യം മുതലുള്ള ജീവിതത്തെ ആവിഷ്കരിക്കുന്നു. വി.പി.സത്യന്‍റെ ജീവിതം ആസ്പദമാക്കി മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ ക്യാപ്റ്റന്‍ എന്ന സിനിമയും ഈയവസരത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്. പരാമര്‍ശിക്കപ്പെടാതെ പോയിട്ടുള്ള നിരവധി സിനിമകളും ഡോക്യുമെന്‍ററികളും ഈ വിഭാഗത്തില്‍ ഇനിയും നിരവധിയുണ്ട്.

repost 

Spread the love