നാലാമത് അടൂർ രാജ്യാന്തര ചലച്ചിത്രമേള 28 മുതൽ മാർച്ച് ഒന്ന് വരെ അടൂർ സ്മിത തിയേറ്ററിൽ നടക്കും. അതിർത്തികൾ, ദേശീയത, മാനവികത എന്നീ വിഷയങ്ങൾ തീമായി വരുന്ന ചലച്ചിത്രങ്ങളുടെ പ്രദർശനമാണ് ഈ വർഷത്തെ ചലച്ചിത്രമേളയുടെ പ്രധാന ഹൈലൈറ്റ്.

എട്ട് ലോക സിനിമകളും രണ്ട് ഇന്ത്യൻ സിനിമകളും രണ്ട് മലയാളസിനിമകളും കൂടാതെ മാസ്റ്റേഴ്സ് വിഭാഗത്തിലും ഹോമേജ് വിഭാഗത്തിലും ഓരോ സിനിമയും മേളയിൽ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ ഡാർക്ക്‌നെസ്, ചിൽഡ്രൻ ഓഫ് മെൻ, ബലൂൺ, എസ്കേപ് ഫ്രം സോബി ബോർ, എ ബാഗ് ഓഫ് മാർബിൾസ്, ബോയ്സ് ഇന്നേ സ്ട്രിപ്പട് പൈജാമ, എ ട്രാൻസ്‌ലേറ്റർ, ദ് പിയാനിസ്റ്റ്, ഇന്ത്യൻ വിഭാഗത്തിൽ വിഡോ ഓഫ് സൈലൻസ്, മലയാളത്തിൽ റൺ കല്യാണി, ഇരുട്ട്, ഹോമേജ് വിഭാഗത്തിൽ ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം, മാസ്റ്റേഴ്സ് വിഭാഗത്തിൽ ജി.അരവിന്ദന്റെ വാസ്തുഹാര എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. ഇതരഭാഷാ സിനിമകൾ മലയാളം സബ്ടൈറ്റിലോടുകൂടിയാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ മത്സരത്തിനെത്തിയ ഷോർട്ട് ഫിലിമുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമാ വിഭാഗത്തിൽപ്പെട്ട മായിഘട്ട് ക്രൈം നമ്പർ 103 ആണ് ഉദ്ഘാടനചിത്രം.

പോളിഷ് സംവിധായിക അഗ്നേഷ്യ ഹോളണ്ട് സംവിധാനം ചെയ്ത ഇൻ ഡാർക് നെസ് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ പീഡനങ്ങളിൽ ഭയന്ന് പലായനം ചെയ്യുന്ന ഒരു കൂട്ടം ജൂതന്മാരെ നഗരത്തിലെ ഭൂഗർഭ ക്കുഴലുകളിൽ ഒളിച്ചു പാർപ്പിക്കുന്ന ഒരു ഓട തൊഴിലാളിയുടെ അത്യന്തം സംഘർഷഭരിതമായ ജീവിതമാണ് പറയുന്നത്. അൽഫോൺസോ ക്വാറോണിന്റെ ചിൽഡ്രൻ ഓഫ് മെൻ അഭയാർത്ഥി പ്രവാഹവും കലാപവും കലുഷിതമാക്കിയ യു.കെ.യിൽ നടക്കുന്ന സംഭവങ്ങളെ ചിത്രീകരിക്കുന്നു. മിഖായേൽ ഹെർപിഗ് സംവിധാനം ചെയ്ത ബലൂൺ 1979-ൽ ശീതയുദ്ധം നടക്കുന്ന സമയത്ത് രണ്ട് ജർമ്മൻ കുടുംബങ്ങൾ നടത്തിയ അതിർത്തി ലംഘന പ്രശ്നമാണ് പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.. ജാക് ഗോൾഡ് സംവിധാനം ചെയ്ത എസ്കേപ് ഫ്രം സോബിബോർ രണ്ടാം ലോകയുദ്ധകാലത്തെ നാസികളുടെ തടങ്കൽ പാളയമായ പോളിഷ് റിപബ്ളികിലെ സോബിബോറിൽ നിന്നും യുദ്ധതടവുകാരായി പിടിക്കപ്പെട്ട ജൂതന്മാർ രക്ഷപ്പെടുവാൻ നടത്തുന്ന ജീവിതസമരം പറയുന്നു. ക്രിസ്റ്റ്യൻ ദുഗ്ഗോയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ എ ബാഗ് ഓഫ് മാർബ്ൾസ് രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ അധിനിവേശ പ്രദേശത്തു നിന്നും ഒളിച്ചോടുന്ന രണ്ട് കൗമാരക്കാരുടെ സാഹസിക യാത്രയിലൂടെയാണ് വികസിക്കുന്നത്. മാർക് ഹെർമാൻ സംവിധാനം ചെയ്ത ദി ബോയ്സ് ഇൻ എ സ്ട്രിപ്ഡ് പൈജാമാസും നാസി തടങ്കൽ പാളയത്തിലെ 8 വയസ്സ് മാത്രം പ്രായമുള്ള രണ്ട് ആൺകുട്ടികളുടെ അതിജീവന പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ക്യൂബൻ കനേഡിയൻ ചിത്രമായ എ ട്രാൻസ് ലേറ്റർ ചെർനോബിൽ ആണവദുരന്തത്തിൽ പരിക്കേറ്റ സോവിയറ്റ് റഷ്യക്കാരെ രക്ഷപ്പെടുത്തുന്ന ക്യൂബൻ പ്രോഗ്രാമറുടെ കഥയാണ്. റോഡ്രിഗോ ബറൂസോയും, സെബാസ്റ്റ്യൻ ബറൂസോയും ചേർന്നാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ ജൂതന്മാരെ വേട്ടയാടുന്ന വേളയിൽ തകരുന്ന വാർസോ നഗരത്തിൽ നിന്നും രക്ഷപ്പെടുവാൻ ശ്രമിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതകഥയാണ് തന്റെ ദി പിയാനിസ്റ്റ് എന്ന സിനിമയിലൂടെ റോമൻ പോളാൻസ്കി ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

മാസ്റ്റേഴ്സ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ജി.അരവിന്ദന്റെ വാസ്തുഹാരയിൽ തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് അഭയാർത്ഥികളാക്കപ്പെട്ട മനുഷ്യരുടെ ആത്മവേദനകൾ സംവേദനം ചെയ്യുന്നു. കൊൽക്കത്താ ഇന്റർനാഷണൽ സ്പെഷ്യൽ ജൂറി പുരസ്ക്കാരം നേടിയ റൺ കല്യാണിയുടെ സംവിധായിക ഡോ.ഗീതയാണ്. വീട്ടുജോലി ചെയ്ത് ജീവിതം മുൻപോട്ടു കൊണ്ടു പോകുന്ന കല്യാണി എന്ന തമിഴ് ബ്രാഹ്മിൺ പെൺകുട്ടിയുടെ സംഭവബഹുലമായ ജീവിതത്തെ അടയാളപ്പെടുത്തുന്നു.ഇരുട്ട് എന്ന സിനിമയിലൂടെ സംവിധായകരായ സന്തോഷ് ബാബു സേനനും, സതീഷ് ബാബു സേനനും ജോലിയിൽ നിന്നും വിരമിച്ച സ്വതന്ത്ര ചിന്തകനായ രാംദാസ് എന്ന ചരിത്ര പ്രൊഫസറുടെ സാമൂഹ്യ-സാംസ്ക്കാരിക ഇടപെടലുൾ വ്യക്തിപരമായി അദ്ദേഹത്തിന് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അനാവരണം ചെയ്യുന്നു. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം മാവോയ്സ്റ്റ് ആരോപണത്തേ തുടർന്ന് കാടുകയറുന്ന ഒരു കൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുന്നു.ഇന്ത്യൻ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന പ്രവീൺ മോർച്ചാലെ സംവിധാനം ചെയ്തിരിക്കുന്ന ഉറുദു ഭാഷയിലുള്ള വിഡോ ഓഫ് സൈലൻസ് ഒരു കാഷ്മീരി വിധവ നിലനിൽപ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. മലയാളിയായ ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത മറാത്തി ചിത്രമായ മായ്ഘട്ട് കേരളത്തിൽ പോലീസ് കസ്റ്റഡിയിൽ ഉരുട്ടി കൊല ചെയ്യപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മ മകന്റെ മരണത്തിന് കാരണക്കാരായ പോലീസ് കാർക്കെതിരെ നടത്തിയ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന്റെ കഥയാണ്.

നാലാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംവിധായിക ജെ.ഗീതയും സംവിധായകൻ സതീഷ് ബാബു സേനനും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here