Thursday, January 20

ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നും ഒഴിവായി

ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നും ഒഴിവായി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്ത് വന്നു.എല്ലാം ദൈവത്തിനു കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർഥിക്കണമെന്നും ബിഷപ്പ് സർക്കുലറിൽ പറഞ്ഞു. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണച്ചുമതല. ഫാ.ബിബിൻ ഓട്ടക്കുന്നേൽ ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും ചുമതലകൾ ഉണ്ട്. അന്വേഷണത്തിന്റെ ഫലം അറിയുന്നത് വരെയാണ് മാറ്റം.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതയിൽ തനിക്കുള്ള ചുമതലകൾ കൈമാറിയത്. ഇതോടെ ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേയ്ക്ക് എത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

പീഡന പരാതിയെ തുടർന്നു ചുമതലയില്‍ നിന്നു മാറിനില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാൻ ആവശ്യപ്പെടുമെന്നു വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ചുമതലകള്‍ ഒഴിഞ്ഞുകൊണ്ടുള്ള ഫ്രാങ്കോയുടെ സര്‍ക്കുലര്‍ പുറത്ത് വന്നത്. ബുധനാഴ്ചയാണ് ബിഷപ്പിനോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടതല്‍ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിന്‍റെ അറസ്റ്റ് സംബന്ധിച്ച തീരുമാനങ്ങള്‍ പൊലിസ് കൈക്കൊള്ളും എന്നാണ് അറിയുന്നത്.

അതേസമയം ആയിരങ്ങള്‍ നാളെ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എത്തും. നാളെ രാവിലെ പത്ത് മണിക്കാണ് ‘പൊരുതുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളം സമരപന്തലിലേയ്ക്ക്’ എന്ന സോഷ്യല്‍ മീഡിയ ആഹ്വാനം ഏറ്റെടുത്ത് ആയിരകണക്കിന് ആളുകള്‍ എറന്നാകുളത്ത് എത്തുക.

Spread the love
Read Also  ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി; കോടതി ബിഷപ്പിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു