Thursday, January 20

ഭരണകൂട നയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല, സ്തുതി പാടുന്നത് ദേശസ്നേഹമാവില്ലെന്നും നിയമ കമ്മീഷൻ

ഭരണകൂട നയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമ കമ്മീഷൻ. ഭരണകൂടത്തിന്റെ നയങ്ങളുമായി പൊരുത്തപ്പെടാത്ത ചിന്തകൾ പങ്ക് വെച്ച് എന്നതിന്റെ പേരിൽ വ്യക്തികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്താനാവില്ലെന്നും കമ്മീഷൻ. രാജ്യദ്രോഹ നിയമയുമായി ബന്ധപ്പെട്ട കണ്‍സല്‍ട്ടേഷന്‍ പേപ്പറിലാണ് ലോ കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. സർക്കാരിനെ അട്ടിമറിക്കുന്നതിനോ പൊതു സംവിധാനം തകർക്കുന്നതിനോ അക്രമണങ്ങളിലൂടെയോ നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയോ ചെയ്യുന്ന പ്രവർത്തനങ്ങളിലെ ഇത്തരം ദേശദ്രോഹകുറ്റം ചുമത്താൻ കഴിയൂ എന്നും കമ്മീഷൻ അധ്യക്ഷൻ ബി എസ് ചൗഹാന്‍ വ്യക്തമാക്കി.

രാജ്യത്തെയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളേയോ വിമര്‍ശിക്കുന്നതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ല. വിമര്‍ശനങ്ങളോട് തുറന്ന സമീപനമല്ല കൈക്കൊള്ളുന്നതെങ്കില്‍ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും ശേഷവും എന്നത് എന്താണ് വ്യത്യാസം, സ്വന്തം ചരിത്രത്തെ വിമര്‍ശന
വിധേയമാക്കുന്നതിനുള്ള അവകാശവും പ്രതിരോധിക്കുന്നതിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കമ്മീഷൻ അഭിപ്രായപ്പെടുന്നു.

ഇൻഡ്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ കമ്മീഷന്‍ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

രാജ്യത്ത് നിയമ രംഗത്തുള്ളവരും സര്‍ക്കാര്‍-സര്‍ക്കാരിതര രംഗത്തുള്ളവരും വിദ്യാര്‍ഥികളും പൊതുജനങ്ങളും വിദ്യാഭ്യാസവിചക്ഷണരും എല്ലാം തമ്മില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളും സംവാദങ്ങളും ഉണ്ടാകണമെന്നും അഭിപ്രായ ബഹുസ്വരതയും വിമര്‍ശനവും സക്രിയ ജനാധിപത്യത്തിന്റെ നിര്‍ണായക ഘടകങ്ങൾ ആണെന്നും അതിനാൽ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സന്ദര്‍ഭങ്ങളെ ശ്രദ്ധാപൂര്‍വ്വം വീക്ഷികാണാമെന്നും കമ്മീഷൻ പറയുന്നു.

കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ വിമത രാഷ്ട്രീയം പറയുന്നവരെയും എതിർ ശബ്ദങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നിരന്തരം നടന്നു കൊണ്ടിരിക്കുന്നത്. ക്യാമ്പസ്സുകളിലും പൊതു വേദികളിലും സ്വതന്ത്രാഭിപ്രായം നടത്തുന്നവരെ ഉൾപ്പടെ ഇല്ലാതാക്കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരെ ഉൾപ്പടെ അറസ്റ്റ് ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിൽ നിയമ കമ്മീഷൻ അഭിപ്രായം കൂടതൽ പ്രസക്തിയാർഹിക്കുന്നു.

Spread the love
Read Also  'കർഷകരെ കമ്പിവേലി കെട്ടിയടച്ച് ചതിയൻ ഹെലിക്കോപ്ടറിൽ ചുറ്റുന്നു'