Wednesday, January 19

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ; വിഭജനത്തിന്‍റെ അതിഭീകരകാഴ്ചകള്‍: അജിജേഷ് പച്ചാട്ട്

അജിജേഷ് പച്ചാട്ട്

ആസ്വാദനത്തിന്റെ അടിസ്ഥാനത്തില്‍ സ്വാധീനം എന്ന വാക്കിനേക്കാള്‍ എനിക്കിഷ്ടം അത്ഭുതം എന്ന വാക്ക് ഉപയോഗിക്കാനാണ്. അങ്ങനെ അത്ഭുതപ്പെടുത്തിയവര്‍ ഒരുപാടുണ്ട്. ചിലപ്പോള്‍ പുസ്തകത്തിന്റെ രൂപത്തില്‍ അല്ലെങ്കില്‍ സിനിമയുടെ രൂപത്തില്‍ അതുമല്ലെങ്കില്‍ നാടകത്തിന്റെ രൂപത്തില്‍ ഇതൊന്നുമല്ലെങ്കില്‍ ലോകത്തുള്ള ഏതെങ്കിലുമൊരു കലയുടെ രൂപത്തില്‍, മറ്റുചിലപ്പോള്‍ മനുഷ്യരുടെ രൂപത്തില്‍ അതുമല്ലെങ്കില്‍ ഏതെങ്കിലും ജീവിയുടെ രൂപത്തില്‍….. അതുകൊണ്ടുതന്നെ സ്വാധീനത്തിന് മുന്നില്‍ നിന്നല്ല, അത്ഭുതത്തിന് മുന്നില്‍ നിന്നാണ് ഓരോ പുതിയ കണ്ടെത്തലും രൂപം കൊള്ളുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

വിഭജനം എന്ന വാക്ക് ഒരു നീറ്റലായി മനസ്സിലേക്ക് വന്നുവീണത് അത്തരത്തില്‍ അത്ഭുതപ്പെടുത്തിയ ഒരു പുസ്തകത്തിലൂടെയായിരുന്നു. ആ വാക്ക് പാഠപുസ്തകങ്ങളില്‍ നിന്നും പഠിക്കുമ്പോള്‍ അത്ര തീവ്രമായി തോന്നിയിട്ടുണ്ടായിരുന്നില്ല. വാക്കുകള്‍ പ്രയോഗിക്കുന്ന ഇടങ്ങള്‍ക്കനുസരിച്ചാണല്ലോ അവയുടെ തീവ്രത കുറയുകയും കൂടുകയും ചെയ്യുക. മുറിക്കുക എന്നതിനേക്കാള്‍ എത്രയോ തീവ്രമാണ് വിഭജിക്കുക എന്നതെന്ന് ആ പുസ്തകം രണ്ടുമൂന്ന് രാത്രികള്‍ കൊണ്ട് എന്നെ പഠിപ്പിച്ചു.  അതൊരു കനമുള്ള പുസ്തകമായിരുന്നു, രണ്ട് വിദേശികള്‍ ചേര്‍ന്ന് അവരുടേതല്ലാത്ത ദേശത്തെപ്പറ്റി എഴുതിയ പുസ്തകവുമായിരുന്നു. ഒരു ഫ്രഞ്ചുകാരനും അമേരിക്കക്കാരനും ചേര്‍ന്ന് തയ്യാറാക്കിയ ആ പുസ്തകം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മഴക്കാലത്താണ് വായനശാലയില്‍ നിന്നും എന്റെ കൂടെ വീട്ടിലേക്ക് എത്തുന്നത്.

ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും

പരന്നു കിടക്കുന്ന ഒരു ഭൂപ്രദേശത്തേയും അതില്‍ താമസിക്കുന്ന മനുഷ്യരേയും വിഭജിക്കുന്ന കാഴ്ച അതിഭീകരമായിരുന്നു. പല അദ്ധ്യായങ്ങളും വായിച്ച് പുറത്ത് മഴ പെയ്യാതെത്തന്നെ ഞാന്‍ തണുത്ത് വിറച്ചു. മഹാത്മാഗാന്ധിയെ കുറിച്ച് അതുവരെ വായിച്ചറിഞ്ഞതിലും അപ്പുറത്തേക്കുള്ള കാഴ്ചകളിലേക്കായിരുന്നു ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും (വിവര്‍ത്തകര്‍- ടി.കെ.ജി നായര്‍, എം.എസ് ചന്ദ്രശേഖരവാരിയര്‍) എന്നെ കൂട്ടിക്കൊണ്ടുപോയത്. ഒരു ചരിത്രത്തെ, എഴുത്തുകാരുടെ രീതിയില്‍ വിശദീകരിക്കുന്ന പുസ്തകം മാത്രമായിരുന്നില്ല അത്. മറിച്ച് ചരിത്രത്തോട് ദേശത്തിന്റെ ഭൂമിശാസ്ത്രവും മതവും ഭാഷയും വര്‍ഗവും വേഷവും നിറവുമെല്ലാം കൂട്ടിക്കുഴച്ച് വൈകാരികതയുടെ അതിസാധാരണമായി പിടയ്ക്കുന്ന നൂറുകണക്കിന് ആത്മാക്കളെ അടക്കം ചെയ്ത പുസ്തകമായിരുന്നു അത്. വായനയുടെ പല ഘട്ടങ്ങളിലായി ആകാംക്ഷയും നിരാശയും സങ്കടവും എല്ലാം തോന്നി. പഴയ ഇന്ത്യയുടെ അവസ്ഥയും അന്നത്തെ മനുഷ്യരുടെ മാനസിക വ്യവഹാരങ്ങളും പുസ്തകത്തില്‍ കടല് പോലെ ഉടനീളമുണ്ട്. ഗാന്ധിജി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍…. മൗണ്ട് ബാറ്റണ്‍ പ്രഭുവുമായുള്ള ഗാന്ധിജിയുടെ ചര്‍ച്ചകള്‍, ഓരോ ഇടങ്ങളിലും ചെന്ന് ഗാന്ധിജി ആളുകളെ അനുനയിപ്പിക്കുന്നത്, പ്രധാനമന്ത്രി പദത്തിനായുള്ള അടിയൊഴുക്കുകള്‍, അങ്ങനെയങ്ങനെ നിരവധി സംഭവങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം സത്യത്തില്‍ വല്ലാതെ ഞെട്ടിച്ചുകളയുക തന്നെ ചെയ്തു. ഭൂപടം വെട്ടിമുറിക്കുന്ന സമയത്ത് റാഡ്ക്ലിഫ് അതിര്‍ത്ഥി ഏതിലൂടെ നിശ്ചയിക്കും എന്ന ചിന്തയില്‍ വിസ്മയപ്പെട്ട് ഇരിക്കുന്നുണ്ട് അതില്‍. വിഭജിച്ച് കഴിഞ്ഞ് ജംഗമവസ്തുക്കള്‍ക്കുള്ള ആളുകളുടെ പിടിവലികളുടെ വലിയൊരു നരേഷന്‍ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. എന്തൊക്കെ അവരവര്‍ക്ക് വേണമെന്നുള്ള വാശിയും അതിനുള്ള നെട്ടോട്ടങ്ങളും രേഖപ്പെടുത്തുമ്പോള്‍ പുസ്തകം ഒരു നോവലിന്റെ സ്വഭാവം ആര്‍ജ്ജിക്കുകയും ചെയ്യുന്നുണ്ട്.

നിര്‍ഭാഗ്യവശാലാണ് വിഭജനം നടന്നതെന്ന ചെറിയൊരു കണ്ടെത്തലും കൂടി പുസ്തകം നല്‍കുന്നുണ്ട്. തീരുമാനം വളരെ കുറച്ചു മാസങ്ങള്‍ കൂടി നീണ്ടിരുന്നെങ്കില്‍ വിഭജനം തന്നെ ഉണ്ടാകുമായിരുന്നില്ല എന്ന് ഗ്രന്ഥാകാരന്‍മാര്‍ ജിന്നയുടെ അസുഖം ചൂണ്ടിക്കാട്ടി സൂചിപ്പിക്കുന്നുണ്ട്. അവിടെയാണ് നമ്മള്‍ തകര്‍ന്നുപോകുക. കാരണം, വിഭജനകാലത്തെ അക്രമണങ്ങളും പരസ്പരയുദ്ധങ്ങളും വല്ലാത്ത വേദന സമ്മാനിക്കുന്നവയായിരുന്നു. ശരിക്കും നോവിന്റെ കാലഘട്ടമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയെ കൂടി അടയാളപ്പെടുത്തിക്കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്.

വളരെ കുറഞ്ഞസമയം കൊണ്ട് വായന പൂര്‍ത്തിയാക്കി നെടുവീര്‍പ്പിടുമ്പോള്‍ അറിയാത്ത വഴികളിലൂടെ സഞ്ചരിച്ച അത്ഭുതമായിരുന്നു ചുറ്റിലും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വായിച്ചറിയേണ്ട അനുഭവിച്ചറിയേണ്ട പുസ്തകമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, സംശയമില്ല.

 

 

 

Spread the love