Monday, January 24

കലാകാരന്‍റെ സ്വാതന്ത്ര്യം അഥവാ സാംസ്കാരിക രാഷ്ട്രീയ സാക്ഷരതയുടെ ആവശ്യകത

SEELENVERBOT (SOUL BAN)

Painting by Horst Gabriel, Austria

നിങ്ങള് ചാമ്പിക്കോ, ഞങ്ങളുണ്ട് കൂടെ എന്ന് പ്രോംപ്റ്റ് ചെയ്യലല്ല, കലാകാരന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടത്,  സാംസ്കാരിക രാഷ്ട്രീയ സാക്ഷരതയാണ്

 

 

 

 

 

സുനില്‍

പണ്ട്, എന്നു പറഞ്ഞാല്‍ വളരെ പണ്ടൊന്നുമല്ല, ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍, എന്‍റെ കുട്ടിക്കാലത്ത്. അതായത് കാര്‍ഷികച്ചന്തകളും കാലിച്ചന്തകളും നാട്ടിന്‍പുറത്ത് സാംസ്കാരികത നില നിര്‍ത്തിയിരുന്ന കാലം. സര്‍വ്വമത സാഹോദര്യം എന്നൊന്നും മൈക്ക് വെച്ച് വിളിച്ചു പറഞ്ഞോ മനുഷ്യച്ചങ്ങല തീര്‍ത്തോ വിളിച്ചു പറയേണ്ടതില്ലാതിരുന്ന കാലം. ചന്തയില്‍ ഓരോ വീട്ടില്‍ നിന്നും ചുരുങ്ങിയത് ഒരാളെങ്കിലും എന്ന അളവില്‍ എല്ലാവരും കൂടിക്കലരുമായിരുന്നു.

അക്കാലത്ത് നാട്ടിലെങ്ങും വ്യാപിച്ചിരുന്ന ഒരു തമാശയിലേക്ക് തിരിഞ്ഞു നോക്കാം. എല്ലാ ജാതിക്കാര്‍ക്കും ജാതിപ്പേരിനെ കളിയാക്കാന്‍ വേണ്ടി ഇരട്ടപ്പേരുകളുണ്ടായിരുന്നു. മേല്‍ജാതിക്കാരനെന്ന് അഭിമാനിക്കുന്ന നായര്‍ വെറും ‘പേട്ടുതേങ്ങ’യായിരുന്നു. മദ്യനിര്‍മ്മാണത്തിന്‍റെ ചെത്തുവ്യവസായിക വളര്‍ച്ച നേടിയ ഈഴവര്‍ സാമുദായികമായി ‘കൊട്ടി’കളായിരുന്നു. ഭൂമിയൊക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും അടിമകളായി ഏറാന്‍ മൂളി നിന്നിരുന്നവരായതിനാല്‍ കുറവര്‍ ‘മൂളി’കളായി. നക്കിത്തരത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ എന്ന നിലയില്‍ മാപ്പിളമാര്‍ ‘പത്തര’കളായിരുന്നു. മാപ്പിളമാര്‍ എന്ന് ഞങ്ങടെ നാട്ടില്‍ വ്യവഹരിച്ചിരുന്നത് കൃസ്ത്യാനികളെയായിരുന്നു. മുസ്ലീങ്ങള്‍ ഞങ്ങടെ നാട്ടില്‍ മേത്തന്മാരായിരുന്നു. അവര്‍ സൗകര്യം പോലെ ‘പന്നി’ എന്നും പരിഹാസത്തിന്‍റെ മേമ്പൊടിയില്‍ ‘മുറിയന്‍’ എന്നും അറിയപ്പെട്ടു. മുക്കിലൊക്കെ പലരും ഇത് പരസ്യമായി തങ്ങളില്‍ വിളിക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നു. ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ കൂട്ടുകാര്‍ തങ്ങളിലും അങ്ങനൊക്കെ വിളിക്കുമായിരുന്നു. പക്ഷെ ഒരു ഗുണമുണ്ടായിരുന്നു. അങ്ങനെ വിളിക്കുന്നതിലോ മതങ്ങളുടെ ദോഷങ്ങളെ പരിഹസിച്ചാലോ അന്ന് ആര്‍ക്കും അതിന്‍റെ പേരില്‍ വികാരമോ വ്രണമോ ഉണ്ടാകാറില്ല എന്നതായിരുന്നു. നാറ്റം പരത്താന്‍ അഴുകിയ കുരുക്കളൊന്നും പൊട്ടുകയുമില്ലായിരുന്നു.

അതേ, എഴുപതുകളുടെ മധ്യകാലം ഇന്ത്യയില്‍ കലാകാരന്‍റെ സ്വാതന്ത്ര്യം ഏറെ പ്രതിസന്ധികളിലായ കാലമായിരുന്നു. പലരും ജയിലില്‍ അടയ്ക്കപ്പെട്ടു. പക്ഷെ, ഭരണകൂട അക്രമത്തിന്‍റെ കാലത്ത്, അന്ന് കലാകാരന് വേണ്ടിയിരുന്നത് പുതിയൊരു സാമൂഹ്യ നിര്‍മ്മിതിയ്ക്കു വേണ്ടിയുള്ള നിലവിളികളുടെ സ്വാതന്ത്ര്യമായിരുന്നു.

കാലം മാറി, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയാവസ്ഥകള്‍ മാറി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പോലും മാറി. അധ്വാനമില്ലാത്ത ജീവിതത്തില്‍ മനുഷ്യശരീരത്തില്‍ മാത്രമല്ല, സമൂഹശരീരത്തിലും ചില ദുര്‍മേദസുകള്‍ ഉരുണ്ട് കൂടി. മാട്ടിറച്ചി ഒഴിവാക്കിയാലും വെജിറ്റേറിയനിസം കൊണ്ടാന്നും തടയാനാവാത്ത പുളിച്ചു തികട്ടലുകളാണ് അതിന്‍റെ സമകാല ബഹിര്‍ഗമനങ്ങള്‍. മുന്നേറ്റത്തിലാണെന്ന് നാം കരുതിയിരുന്ന സാംസ്കാരികരാഷ്ട്രീയം പിന്തിരിഞ്ഞാണ് പാഞ്ഞത് എന്നതാണ് നമ്മുടെ രാഷ്ട്രീയത്തിന് പറ്റിയ വലിയ അപകടം. ദിശാബോധമറ്റ പ്രത്യയശാസ്ത്രപാഠശാലകളില്‍, സ്വത്വബോധങ്ങളില്‍ അബോധപരമായ ചില പൗരാണിക മോഹഭംഗങ്ങള്‍ ചിറക് വിരിക്കുകയായിരുന്നു. സാംസ്കാരിക നവോത്ഥാനകാലത്ത് നാം നേടി എന്നഭിമാനിക്കുന്ന മൂല്യങ്ങള്‍ ജാതീയവും മതപരവുമായ പുതിയ മേച്ചില്‍പ്പുറങ്ങളില്‍  ഇളനാമ്പു തിന്ന് വളരുകയായിരുന്നു.

കലാകാരന്‍റെ സ്വാതന്ത്ര്യം ലോകകലാചരിത്രത്തില്‍ എക്കാലത്തെയും പ്രശ്നം തന്നെയാണ്. കല കലയ്ക്കു വേണ്ടിയോ സമൂഹത്തിന് വേണ്ടിയോ എന്ന ചര്‍ച്ചയൊക്കെത്തന്നെ കലാകാരന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ടതാണ്. വ്യക്തിത്വത്തിന്‍റെ ആവിഷ്കാരം എന്ന് പറയുമ്പോഴും ചിന്തകളുടെ, വികാരങ്ങളുടെ, ആഗ്രഹങ്ങളുടെ, ആന്തരികപ്രത്യക്ഷങ്ങളുടെ ആവിഷ്കാരമെന്ന നിലയില്‍ അത് മറ്റൊരു ലോകനിര്‍മ്മിതി ആവുന്നുവെന്ന് ബോധ്യമുള്ള ഒരു രാഷ്ട്രീയചിന്താക്രമത്തില്‍ മാത്രമേ കലാകാരന് സ്വാതന്ത്ര്യം അനുഭവിക്കാനാവൂ. അത്തരം രാഷ്ട്രീയചിന്തയ്ക്ക് കലയുടെ ലോകത്തെ മറി കടക്കുന്ന തത്ത്വചിന്തയുടെ പിന്‍ബലം ഉണ്ടായിരിക്കണം. പൗരാണിക കലാനിര്‍മ്മിതികളില്‍ നിന്നുള്ള സങ്കല്പങ്ങളില്‍ രൂപപ്പെട്ടതാണ് തങ്ങള്‍ കുമ്പിട്ടു നില്കുന്ന ഈശ്വരന്മാര്‍ എന്നു പോലും ചിന്തിക്കാത്ത മതാന്ധകാലത്തില്‍ ഇവിടെ കല സാല്‍വദോര്‍ ദാലിയുടെ മീശ പിരിക്കാന്‍ തോന്നലല്ല. മാനസികമായ അടിമത്തങ്ങളില്ലാത്ത ലോകത്തെ കലാകാരന്‍റെ സ്വാതന്ത്ര്യത്തെ അസഹിഷ്ണുതകളുടെ രാഷ്ട്രീയങ്ങള്‍ക്ക് ഒരിക്കലും സഹിക്കാനാവില്ല.

ഇപ്പോള്‍ കലാകാരന്‍റെ നില ഇരുതലമൂരിയുടെ മുന്നില്‍ അകപ്പെട്ടതുപോലെയാണ്. ഒരു വശത്ത് ഭരണകൂടം സെന്‍സര്‍ഷിപ്പ് കത്തികളുമായിരിക്കുന്നു. കലയിലെ ആക്ഷേപഹാസ്യത്തെയും രതിയെയുമെല്ലാം സ്വകാര്യാനുഭവശേഷം കത്രിച്ച് ചണ്ടിയാക്കി കാഴ്ചക്കാരന് കൊടുക്കല്‍. ഇനിയിപ്പോ എഴുത്തു രചനകളെയും വെട്ടിത്തിരുത്താന്‍ കത്രിക വെപ്പുകാരായ ക്ഷുരകസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നു കഴിഞ്ഞു. അതായത് ഇനിമേലില്‍ കൊട്ടാരം കവികളും കലാകാരന്മാരും മതിയാകുമെന്ന് സാരം. അപ്പോഴും പ്രഭാ വര്‍മ്മയെപ്പോലുള്ളവര്‍ എല്ലാത്തരം ഭീഷണികളെയും അവഗണിക്കാന്‍ ഭരണപരമായിത്തന്നെ പ്രാപ്തരായിരിക്കും.

ഒരു വശത്ത് സര്‍ക്കാരില്‍ നിന്നാണെങ്കില്‍ മറുവശത്ത് ഒരു കാലത്ത് അക്ഷരത്തില്‍  നിന്നും ദൂരെ നിര്‍ത്തപ്പെട്ടിരുന്ന, സാര്‍വ്വത്രിക വിദ്യാഭ്യാസം നേടിയിട്ടും അക്ഷരങ്ങളില്‍ നിന്നും ശരിയായ വാക്കുകളില്‍ നിന്നും അകലം പാലിക്കുന്ന, യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിക്കുന്ന ശൂദ്രവില്ലാളികളുടേതാണ്. അത്തരക്കാര്‍ക്കിപ്പോള്‍ വാളെടുക്കാനാണ് താല്പര്യം. കലാകാരന്‍റെ കൈയ്യും നാവും തലയുമൊക്കെ അരിയാന്‍ അവരുടെ കൈ തരിക്കുകയാണ്. അവരെ അടക്കി ആധിപത്യം നേടുന്ന ദുരഭിമാനത്തിന്‍റെ കളനാമ്പുകളരിയാന്‍ അവരൊട്ടു തയ്യാറുമല്ല. കലയിലൂടെ അവിടവിടെ മുഴങ്ങുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളാണ് ചിന്തയുടെ കാഴ്ചയറ്റ ഇരുട്ടില്‍ നിന്ന് അവരെ പേടിപ്പെടുത്തുന്നത്. അവര്‍ക്ക് പെട്ടെന്ന് വികാരവും വ്രണവും വരുമെന്ന് പറഞ്ഞാല്‍ അത് നമ്പ്യാര്‍ പറയുന്ന ഉണ്ടു മടുത്ത തമ്പുരാന്‍റെ വിളി തോന്നലോ കളി തോന്നലോ ലൈംഗികരോഗസൂചനയോ അല്ല.

അപ്പോള്‍ എവിടെ നിന്നാണ് നമുക്കീ വികാരങ്ങളും വ്രണങ്ങളും വരുന്നത്. അത് ശരിയായതും മനുഷ്യോപകാരപ്രദവുമായ ഒരു രാഷ്ട്രീയസാക്ഷരതയുടെ അഭാവത്തില്‍ നിന്നുള്ളതാണ്. കേരളപ്പിറവിയോടെ പാര്‍ലമെന്‍ററിയായി ലോകരാഷ്ട്രീയചരിത്രത്തില്‍ ഇടം നേടിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയചിന്തയ്ക്ക് രാഷ്ട്രീയസാക്ഷരത വലിയ പ്രശ്നമൊന്നുമായിരുന്നില്ല. നേതാക്കള്‍ക്ക് അഭിമതരായവര്‍ സ്ഥാനമാനങ്ങളില്‍ ഉയര്‍ത്തപ്പെടും എന്നാണ് അവരുടെ ഇപ്പോഴത്തെ യുവനേതാക്കളുടെ പ്രവര്‍ത്തനശൈലി തന്നെ. പ്രത്യശാസ്ത്രപാഠങ്ങളും പ്രായോഗികതയും ഒത്തു പോകില്ലെന്ന് അവരെ ആരും പറഞ്ഞ് പഠിപ്പിക്കണ്ട.

ഏത് രാഷ്ട്രീയപ്പാര്‍ട്ടിയിലായാലും മാനുഷികമൂല്യങ്ങള്‍ക്കു വേണ്ടി നില കൊള്ളുകയാണെങ്കില്‍ ആദ്യം ഭരണകൂടങ്ങള്‍ക്കെതിരെയാവും പോരാടേണ്ടി വരുക എന്നറിയാവുന്ന യുവനേതാക്കള്‍ അധികാരസ്ഥാനങ്ങളിലെത്താന്‍ ഏത് അക്രമപ്രവര്‍ത്തനത്തിനും സജ്ജരാണ്. അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് പകരം ‘നിങ്ങള് ചാമ്പിക്കോ ഞങ്ങളുണ്ട് പിന്നില്‍’ എന്നാണ് നേതാക്കള്‍ പിന്നണിയില്‍ പ്രോംപ്റ്റ് ചെയ്യുന്നത്. അതിന്‍ പ്രകാരം പശുവും കോഴിയും അന്യസംസ്ഥാനക്കാരനും ദളിതനും മുസ്ലീമുമായെല്ലാം മനുഷ്യര്‍ ഇനം തിരിക്കപ്പെടും. പോകുന്ന വഴിയില്‍ അലസമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന കലാകാരനെ കണ്ടാല്‍ കൂട്ടത്തില്‍ ഒന്നു ചാമ്പിയേക്കാം എന്നൊരു തോന്നല്‍ അവരുടെ മാനദണ്ഡങ്ങളുടെ പരിധിയില്‍ പെടാത്തതിലുള്ള അസൂയ കൊണ്ടുണ്ടാവുന്നതാണ്. അതുകൊണ്ടാണ് ഇവിടെ മാനുഷികമൂല്യങ്ങളിലും സാര്‍വ്വത്രികപുരോഗതിയിലും അധിഷ്ഠിതമായ രാഷ്ട്രീയസാക്ഷരത വരും തലമുറയില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കേണ്ടതിന്‍റെ ആവശ്യകത ഉയര്‍ന്നു വരുന്നത്. അങ്ങനെയെങ്കില്‍ നമ്മുടെ കപടസദാചാരബോധങ്ങളും ജാതി മതാന്ധതകളും ദുരഭിമാനങ്ങളും ഈശ്വരാഭിനിവേശങ്ങളുമെല്ലാം രക്തം ചിന്താതെ കട പുഴക്കി അറബിക്കടലില്‍ അലിയിച്ചു കളയാവുന്നതേ ഉള്ളൂ. വെറുതെ എന്തിന് സ്വന്തം അണികളെ വികാര, വ്രണരോഗങ്ങള്‍ക്ക് അടിമകളാക്കുന്നു. അത് സംക്രമിക്കാതിരിക്കാന്‍ മാനസികനിയന്ത്രണത്തിന്‍റെ മിനിമം ഉറ ഉപയോഗിക്കാനെങ്കിലും അണികളെ പരിശീലിപ്പിക്കു…

Spread the love