Sunday, September 20

ഗാന്ധിയും ഗോഡ്സേയും

 

ഗാന്ധി അരി വാങ്ങുവാൻ ക്യൂവിൽ തിക്കിനിൽക്കുന്നു. ഗോഡ്സേ ചാക്കിനമ്പതു രൂപാ ലാഭത്തിൽ തൻ്റെ കൈയിലെ സ്റ്റോക്കൊഴിച്ചിട്ടു കൂറ്റൻ കാറിൽ ഗാന്ധിക്കരികേ കൂടി ക്ലബ്ബിലേക്കു പോകുന്നു. ഗോഡ്സേ വ്യാപാരി മാന്യൻ. ഗാന്ധി കുടിലിൽ കഴിയുന്ന വൃദ്ധൻ.

ഗാന്ധി പാർക്കിൻ മുന്നിലെ നടപ്പാത കോൺക്രീറ്റിൽ അന്ത്യശ്വാസം വലിച്ചു കിടക്കുന്നു. ഗോഡ്സേ ‘ചത്ത ഹിന്ദുവിന്നാർഷസംസ്കാരമേകാൻ വേണ്ടി ‘ കൈപ്പാട്ട നീട്ടി വെൺ തൊപ്പിയും വെൺ ജൂബ്ബയുമിട്ട് പിരിവ് നടത്തുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ അയാൾ സ്ഥാനാർത്ഥിയാണ്. അതിനാണീ ജനസേവനപ്പിരിവ്.
ഗോഡ്സേ പ്രോജക്ട് ഹൗസിൽ അന്തി നേരത്ത് കാറിൽ വന്നിറങ്ങുന്നു. മന്ത്രിയെ കാണാൻ മുന്തിയ സന്ദർശകർ നിരവധി പേർ എത്തുന്നു. മദ്യവും മദിരാക്ഷിയായ സാമൂഹ്യ പ്രവർത്തകയുമുണ്ട്. അന്നഗാമിനിയായ അന്തിമാതിഥിയെ കാറിൽ കയറ്റുവാൻ അനുയാത്ര ചെയ്ത് യാത്രയാക്കി തിരിയവേ ഗെയ്റ്റടയ്ക്കുവാൻ നിൽക്കുന്ന ഗാന്ധിയെ ഗോഡ്സെ കാണുന്നു. പുലരിക്കുളിരാലാണോ ഗാന്ധി വിറകൊള്ളുന്നു.
ഗാന്ധിയെ കൊന്നതിൻ്റെ വാർഷികം. ഗോഡ്സേ പരിവാര സമേതനായി രാജകീയാഡംബരത്തോടെ എത്തി ഗാന്ധിയുടെ ചിതാഭൂമിയിൽ പുഷ്പ ചക്രം വെക്കുന്നു. ശിലയിൽനിന്നുതിരുന്ന പൂക്കളിൽ, കർഷകന്റെ പാട്ടിൽ , മില്ലിനു മുന്നിൽ പണിയില്ലാതെ നിൽക്കുന്ന തൊഴിലാളികളുടെ ആക്രോശത്തിൽ , അരിക്കായി ക്യൂവിൽ കാത്തുനിൽക്കുന്ന സ്ത്രീകളുടെ മന്ത്രിപ്പിൽ ഹാ രാം, ഹാ രാം എന്ന് ഗോഡ്സേ കേൾക്കുന്നു. അയാൾ കീശയിൽ നിന്ന് തോക്കെടുത്ത് തുറന്ന് നിറത്തോട്ടകൾ ആശ്വാസത്തോടെ എണ്ണുന്നു.

ഗാന്ധി പ്രാർത്ഥനയ്ക്കായി അന്ന് പോകവേ മതിഭ്രമം മൂർത്തിയാർന്ന പോലെ ഗോഡ്സേ മുന്നിൽ എത്തി. കുനിഞ്ഞത് കാൽ തൊടാനല്ല ,കൈത്തോക്കെടുക്കാനാണ്. കാരീയത്തീയുണ്ടപ്പൂവ് ഗാന്ധിയുടെ മാറിൽ ഗോഡ്സേ ചൊരിഞ്ഞു.ഗാന്ധി ഹാ രാം എന്ന് ആക്രന്ദിച്ചു. ഗാന്ധി നേടിയെടുത്തതെല്ലാം ഇന്ന് ഗോഡ്സേയുടേതായി. ആരോടൊന്നിക്കാൻ ഗാന്ധി കൊതിച്ചുവോ ആ ഗ്രാമീണ ഭാരതീയരെ ചതച്ചരച്ചു. ആ കളിമണ്ണാൽ നുണയെ വിവേകമായ്, ദുരയെ തപസ്യയായ് പുണരും നരപിശാചങ്ങളെ പടച്ചു. മണ്ണിൽ ശയിക്കുന്ന ഗാന്ധിയുടെ മെയ്യിൽ ഇടയ്ക്കിടെ പൂവിൻ വെളളീയ തീയുണ്ടകൾ ഒഴിച്ചു. ക്രോധത്തെ ജയിച്ച ഗാന്ധിയുടെ ആത്മാവിൽ സനാതന ക്രോധം ‘ഹാ ,രാം ‘ എന്ന് ഉഗ്രമായി ഉദ്ഗളിക്കുന്നു. ദുഷ്ട!
എൻ.വി.കൃഷ്ണവാര്യരുടെ ‘മോഹൻദാസ് ഗാന്ധിയും നാഥുറാം ഗോഡ്സേയും ‘ എന്ന കവിതയുടെ ഏകദേശ പരാവർത്തനമാണ് മുകളിൽ എഴുതിയിരിക്കുന്നത്. 1968 ലാണ് ഗാന്ധിയും ഗോഡ്സേയും എന്ന കവിതാ സമാഹാരം ഇറങ്ങിയത്. അമ്പതു കൊല്ലം തികഞ്ഞിരിക്കുന്നു ഈ കവിത ഇറങ്ങിയിട്ട്. അതിനും ഏതാനും കൊല്ലം മുമ്പ് മാതൃഭൂമിയിൽ ഈ കവിത പ്രസിദ്ധീകരിച്ചിരുന്നു. ഗാന്ധിയെയും ഗോഡ്സെയും ഒന്നിച്ചു ചേർത്ത തലക്കെട്ടു തന്നെ പലരെയും ഞെട്ടിച്ചിരുന്നു.

ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത വിധം ഇന്ന് ഈ കവിത ഈയത്തീയുണ്ടപോലെ വന്ന് ഹൃദയം തുളയ്ക്കുന്നു. എൻ.വി.കണ്ടതൊക്കെ കുറേക്കൂടി വ്യക്തമായി ഇന്നും സംഭവിക്കുന്നു. ഹേ രാം.

Read Also  ഗോഡ്സെയെ വാഴ്ത്തിയ പ്രജ്ഞക്കെതിരെ കടുത്ത നടപടി

ഭാരത വാനിലുയർന്നു തിളങ്ങുന്ന ഭാസുര മോഹനയുഗ സൂര്യനായി എൻ.വി. ഒരു കവിതയിൽ ഗാന്ധിയെ ചിത്രീകരിച്ചിരുന്നു. ഗാന്ധി എന്ന സൂര്യനുദിച്ചിട്ട് നൂറ്റമ്പത് സംവൽസരമാകുന്നു. സത്യത്തിന്റെ കിരണങ്ങൾ പ്രസരിപ്പിച്ച ആ സൂര്യൻ മാഞ്ഞു മറഞ്ഞു പോയോ?


‘മരണം ഗാന്ധിയെപ്പോലും വലുതാക്കുന്നു ‘ എന്ന പി.എൻ. ഗോപീകൃഷ്ണന്റെ ഒരു കവിതയുണ്ട്. നാലു കൊല്ലം മുമ്പെഴുതിയ കവിത. മരിച്ചതിൻ്റെ പിറ്റേന്ന് ഗാന്ധി ആശ്രമത്തിലെത്തിയപ്പോൾ കണ്ട കാഴ്ചയാണ് ഈ കവിതയിൽ .ഗാന്ധി എന്ന ഓർമ്മയോട് തന്നോട് എന്നതിനേക്കാൾ ഭവ്യമായി മരണപ്പിറ്റേന്നു മുതൽ ആളുകൾ പെരുമാറുന്നത് ഗാന്ധി കാണുന്നു. ഗാന്ധി വിഗ്രഹമായി. ഗാന്ധിയുടെ സംശയങ്ങളും സങ്കടങ്ങളും തോൽവികളും ആളുകൾ പിറ്റേന്നു തന്നെ ഒതുക്കിക്കളഞ്ഞു. ഗാന്ധി എന്ന സത്യപുരുഷനെ മനുഷ്യനെ ഇന്ത്യൻ ജനത മറന്നു. മനുവിന്റെയോ ആഭയുടെയോ തോളുകളുടെ സഹായമില്ലാതെ തിരിച്ചു പോകുന്ന ഗാന്ധിയെ ഒരു നിഴൽച്ചിത്രമായി ഗോപീകൃഷ്ണൻ ആവിഷ്ക്കരിക്കുന്നു.

കാൽപ്പനികതയുടെ ആഘോഷ കാലത്ത് കല്ലിൽ കൊത്തിയ കവിത എഴുതിയ ആളാണ് എൻ.വി.കൃഷ്ണവാര്യർ. രാഷ്ട്രീയ കവിതയാണ് ഗാന്ധിയും ഗോഡ്സേയും. കവിതയിൽ ഒറ്റയാനായിരുന്ന എൻ.വി.യുടെ ചില തുടർച്ചകൾ മലയാള കവിതയിൽ ഇപ്പോഴില്ലേ? എൻ.വി. എഴുതിയ രീതിയിലല്ലെങ്കിലും മലയാള കവിതയിൽ ചില രാഷ്ട്രീയ കവിതകൾ ഇപ്പോൾ ഉണ്ടാകുന്നുണ്ട്.

Spread the love

57 Comments

Leave a Reply