Wednesday, January 19

ഗാന്ധിസ്ക്വയര്‍; കളത്തറ ഗോപന്റെ കവിത

കളത്തറ ഗോപന്‍ 

ഒരാള്‍ രാവെന്നോ പകലെന്നോ
മഴയെന്നോ വെയിലെന്നോയില്ലാതെ
നൂല്‍ നൂറ്റുകൊണ്ടേയിരുന്നു .
വിവസ്ത്രയായ പെണ്‍കുട്ടിക്ക്
ഉടുതുണി കൊടുക്കാനാവാതെ .

രാജു അല്പം മാറിയിരുന്ന്
കുടകളും ചെരുപ്പുകളും
നന്നാക്കി കൊടുക്കുമായിരുന്നു.
അവന്‍റെ നേരെയെതിരെയാണ്
മുന്‍സിപ്പല്‍ മൈതാനം.
അവിടെ ദിനവും
രാഷ്ട്രിയവിശദീകരണയോഗങ്ങള്‍ നടക്കും.
പുള്ളിയുടെ മുഖത്തുനോക്കി
നേതാക്കള്‍ ചോദിക്കും
1975 ല്‍ ഇവിടെ എന്തു സംഭവിച്ചു ..?
2016 ല്‍ ഇവിടെ എന്തു സംഭവിച്ചു ?
കക്ഷി വാപൊളിച്ച് അങ്ങുമിങ്ങുംനോക്കിയിട്ട്
ആള്‍ക്കാരുടെ കാലുകളില്‍ മാറിമാറി നോക്കും
നൂറുരൂപ കൂടി കിട്ടിയിരുന്നെങ്കില്‍
എന്നുവിചാരിക്കും .
ആരവങ്ങളൊഴിഞ്ഞുപോയി.
അദ്ദേഹവും രാജുവും തനിച്ചായ് .

അദ്ദേഹം ഒരിക്കലും നെയ്തെടുക്കാനാവാത്ത-
തുണിക്കുവേണ്ടി നൂലുകള്‍
നൂറ്റുകൊണ്ടേയിരുന്നു.
അവന്‍ നിരാശയോടെ തോട്കടന്ന്,ഇടവഴികേറി
മലയുടെ മണ്ടയില്‍
മിന്നിമിന്നിയിരിക്കുന്ന വീട്ടിലെത്തുന്നു.

Spread the love
Read Also  ശ്രീദേവി എസ് കർത്തയുടെ രണ്ട് കവിതകൾ

Leave a Reply