Monday, January 17

പ്രമുഖ ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

പ്രമുഖ ഗസല്‍ ഗായകന്‍ ഉമ്പായി എന്ന പിഎ ഇബ്രാഹിം (68) അന്തരിച്ചു. മലയാളത്തിന്റെ ഗസല്‍ മുഖമായിരുന്നു ഉമ്പായി. അദ്ദേഹത്തിന്റെ ആല്‍ബങ്ങള്‍ ആയിരക്കണക്കിന് ആരാധകരെയാണ് ആകര്‍ഷിച്ചിരുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. ഇരുപതോളം ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ‘നോവല്‍’ എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

ആദ്യ ആല്‍ബം 1988ല്‍ പൂറത്തിറങ്ങി. പാടുക സൈഗാള്‍ എന്ന ആല്‍ബം ഏറെ ആരാധക പ്രശംസ പിടിച്ചു പറ്റി. ഫോര്‍ട്ട് കൊച്ചിയുടെ സംഗീത പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം ഏറെ സംഭാവനകള്‍ നല്‍കി. സംസ്‌കാരം നാളെ വൈകിട്ട് നാലുമണിക്ക്. രാവിലെ പത്തര മുതല്‍ ഫോര്‍ട്ട് കൊച്ചി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Spread the love