Thursday, January 20

ഗിരീഷ് കുമാർ, ഇടതുപക്ഷനന്മയുടെ പ്രതീകം; സുരേഷ് കുറുപ്പും എസ് ജോസഫും അനുസ്മരിക്കുന്നു.

പ്രതിസന്ധിയിൽ പെട്ട ചങ്ങാതികൾക്കു ഒരു വിശാലമായ തണലായിരുന്നു  ചിത്രകാരനായ  ഗിരീഷിന്റെ സാന്നിധ്യം. അതുകൊണ്ടുതന്നെ സൗഹൃദങ്ങളുടെ സമുദ്രമായിരുന്നു ഗിരീഷിന്റെ വീട്. പല തവണ വീടുകൾ മാറിയിട്ടും സുഹൃത്തുക്കൾ ഗിരീഷിന്റെ സാന്നിധ്യം തേടിയെത്തി. ദുരന്തങ്ങളുടെ തുടർച്ചയായിരുന്നു ഗിരീഷിന്റെ ജീവിതം. അത് ഓരോ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും സ്വന്തം ദുരിതങ്ങള്‍  മൂടിവെച്ചു ഒരു  മഹാവൃക്ഷത്തിന്റെ തണലൊരുക്കാൻ ഗിരീഷ് എപ്പോഴും ശ്രദ്ധിച്ചു. സുഹൃത്തുക്കളുടെ രാഷ്ട്രീയ-സിനിമ-സാഹിത്യ- ചിത്രകലായാത്രകളില്‍ എല്ലാ പിന്തുണകളുമായി ഒപ്പം നിന്നിരുന്ന വ്യക്തിത്വം. സുഹൃത്തുക്കൾക്കും സാംസ്കാരികലോകത്തിനും മറക്കാനാവാത്ത  ഗിരീഷിനെ  സുരേഷ് കുറുപ്പും ജോസഫും ഓർക്കുന്നു.

സ്നേഹത്തിന്‍റെ  പ്രതീകമായിരുന്നു: 

സുരേഷ് കുറുപ്പ് എം എൽ എ

 

ആദ്യകാലംമുതൽ ഗിരീഷ് എന്റെ നല്ല സുഹൃത്തതായിരുന്നു. എപ്പോഴും വളരെയേറെ ആത്മാർത്ഥതയും സ്നേഹവും നിഴലിക്കുന്ന ഒരു സുഹൃത്ത്. ആരെയും പെട്ടെന്ന് ആകർഷിക്കാനുള്ള കഴിവ് ഗിരീഷിനുണ്ടായിരുന്നു. വളരെ ടാലന്റഡ് ആയ ഒരാളായിരുന്നു. ആ കഴിവ് വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. തികഞ്ഞ സഹൃദയനായിരുന്നു. എല്ലാവര്ക്കും അറിയാവുന്നതുപോലെ ചിത്രകാരനായിരുന്നു. വ്യവസ്ഥിതിയോടു പൊരുതിക്കൊണ്ടിരുന്ന ഒരാളായിരുന്നു.

എന്റെ എല്ലാ തെരഞ്ഞെടുപ്പിലും ഗിരീഷ് വളരെ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയനിലപാടുണ്ടായിരുന്നു. എടുത്തുപറയേണ്ട കാര്യം ഗിരീഷ് എല്ലാവരോടും പുലർത്തിയിരുന്ന സ്നേഹമായിരുന്നു. രണ്ടുമാസം മുമ്പ് ബാങ്കിൽനിന്ന് ജോലി വിടുന്നതിനുമുമ്പ് ഞാനും ഒരു സുഹൃത്തുംകൂടി പോയി ഗിരീഷിനെ കണ്ടിരുന്നു. ഇതിനിടയിൽ പല തവണ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. കല്ലാറിൽ ചികിത്സയിലായിരുന്നപ്പോൾ ഫോണിൽ വിളിച്ചു. അന്ന് ആരോഗ്യം മോശമായിരുന്നു എന്നറിഞ്ഞതുകൊണ്ടാണ് വിളിച്ചത്. പക്ഷെ എനിക്ക് ഇപ്പോൾ വേറെ കുഴപ്പമൊന്നുമില്ല, എന്നാണു പറഞ്ഞത്. അതൊക്കെ ഞങ്ങൾ വിശ്വസിക്കുകയും ചെയ്തു. ഇത്രയും ആരോഗ്യം വഷളായിരിക്കുമ്പോഴും ഗിരീഷ് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണു. എല്ലാവരും ബലമായിട്ടല്ലേ പി ആർ എസിൽ കൊണ്ടുവന്നത്.

കഴിഞ്ഞ വര്ഷം നടത്തിയ ഹിമാലയയാത്രയില്‍ ഗിരീഷും മിനിയും –ഫോട്ടോ :വി.വിനയകുമാര്‍ 

 

ഗിരീഷിന്‍റെ വിമര്‍ശനം എന്‍റെ കാവ്യജീവിതത്തിലെ വഴിത്തിരിവായി :

എസ് ജോസഫ്

 

ആദ്യമായി ഗിരീഷിനെ ഞാൻ കാണുന്നത് അൻവർ അലിക്കൊപ്പം കോട്ടയത്തെ ഒരു ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു. ഗിരീഷുമായി പരിചയപ്പെട്ടുടനെ ഒരു കവിത വായിക്കണമെന്ന് പറഞ്ഞു. എന്റെ ദീർഘമായ ഒരു കവിത ചൊല്ലിക്കേൾപ്പിച്ചപ്പോൾ ഗിരീഷിന്റെ പെട്ടെന്നുണ്ടായ പ്രതികരണം ഇത് ആധുനികതയുടെ വല്ലാത്ത സ്വാധീനമുള്ളതാനെന്നും ഈ കവിത ശരിയല്ലെന്നുമായിരുന്നു. ഇനി ഇങ്ങനെ എഴുതരുതെന്നും ഉപദേശിച്ചു. അത് എനിക്ക് വല്ലാത്തോരു ഷോക്കായിരുന്നു. ഗിരീഷ് മാരകമായി വിമർശിക്കുന്ന ആളാണെന്നു അൻവർ ഉടനെ എന്നെ ആശ്വസിപ്പിച്ചു. അന്ന് ഞങ്ങളൊരു ബാറിലേക്കുപോയി. ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു പക്ഷെ അന്ന് ഗിരീഷ് അങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത് ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. ഞാനും ഒരു സ്വയംവിമര്ശനത്തിനു തയ്യാറായി. ആധുനികതയിൽനിന്നും മറ്റൊരു വഴിയിലേക്ക് മാറണമെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്. പക്ഷെ ഗിരീഷ് ആധുനികതയെ സജീവമായി ഉൾക്കൊണ്ട ഒരാളായിരുന്നു.

പിന്നീട് കുടമാളൂരും മറ്റു പല വാടകവീടുകളിലും വെച്ച് പല തവണ ഗിരീഷുമൊത്ത് നിരവധി സന്ദർഭങ്ങളിൽ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. ഗിരീഷിന് ഒരു കാൽ നഷ്ടപ്പെട്ട ശേഷം കൂത്താട്ടുകുളത്ത് മിനി സുകുമാറിന്റെ കുടുംബവീട്ടിൽവെച്ച് ഗിരീഷിനെ കണ്ടു. ഗിരീഷിന്റെ ആവശ്യപ്രകാരം എന്റെ ‘ദിഗംബരം’ എന്ന കവിത ചൊല്ലി കേൾപ്പിച്ചു. അത് ഗിരീഷിന് നന്നായി ഇഷ്ടപ്പെട്ടു. കാൽ നഷ്ടപ്പെട്ട വേദനയിലായിരുന്ന ഗിരീഷിന് ഞാനും എന്റെ കവിതയും വലിയ ആശ്വാസമായി

ഗിരീഷ് തിരുവനന്തപുരത്തേയ്ക്ക് കൂടുമാറിയതിനുശേഷം അവിചാരിതമായി ചിത്രകലയിലേക്കു തിരിഞ്ഞു. ഒരു ദിവസം നഗരത്തിൽവെച്ച് കണ്ടുമുട്ടിലായപ്പോൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അന്നും പിന്നെ കാണുമ്പോഴുമോക്കെ ചലിത്രകലയെക്കുറിച്ചു ഏറെനേരവും ചർച്ചയിലേർപ്പെട്ടിരുന്നു. ഇടയ്ക്കിടെ ഞങ്ങൾ ഫോണിലും ആ ചർച്ചകൾ നീട്ടിക്കൊണ്ടുപോയി.

ഒരുപാട് മനുഷ്യരുടെ സ്നേഹവായ്പുകൾ പിടിച്ചെടുക്കാൻ കഴിവുള്ള സുഹൃത്തായിരുന്നു ഗിരീഷ്. കാൽ നഷ്ടപ്പെടുന്നതിനുമുമ്പ് ധാരാളം സുഹൃത്തുക്കളെ തന്നിലേക്കടുപ്പിക്കാനുള്ള മാന്ത്രികമായ ഒരു ശേഷി ഗിരീഷിനുണ്ടായിരുന്നു. വളരെയധികം സുഹൃത്തുക്കളുടെ ഒരു സങ്കേതമായിരുന്നു ഗിരീഷിന്റെ വീട്. സ്വന്തം വീടുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരന്തരീക്ഷം അവിടെ നിലനിന്നിരുന്നു.

സാംസ്കാരികമേഖലയിലെ ഒരു പ്രേരകശക്തിയായിരുന്നു ഗിരീഷ്. മികച്ചൊരു സംഘാടകനായിരുന്നു. ഗിരീഷിന്റെ ചിത്രങ്ങളൊക്കെയും അമൂർത്തങ്ങളായിരുന്നു. അതിജീവനത്തിന്റെ ഭാഗമായിട്ടായിരുന്നു ചിത്രരചന. വല്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോയൊരു ജീവിതമായിരുന്നു ഗിരീഷിന്റേത്. പൊരുതി മുന്നോട്ടുപോയ ഒരു ജീവിതം. എല്ലാവരെയും വിമർശിക്കുന്ന പൊതുസ്വഭാവം ഗിരീഷിനുണ്ടായിരുന്നു. സുഹൃത്തുക്കളായിരുന്നു ഗിരീഷിന്റെ സമ്പത്ത്. ഗ്രാമപ്രദേശത്തുനിന്നും വന്ന എനിക്ക് ഗിരീഷിനെയൊക്കെ കണ്ടുമുട്ടിയശേഷമായിരുന്നു സൗഹൃദത്തിന് ഇങ്ങനെയൊരു തലമുണ്ടെന്നു ബോധ്യപ്പെട്ടത്. ലോകത്തിന്റെ വിശാലതയിലേക്കു സുഹൃത്തുക്കളെ നയിച്ച ഒരാളായിട്ടാണ് ഗിരീഷിനെ കാണുന്നത്.

നഷ്ടപ്പെട്ടുകൊണ്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷനന്മയുടെ അവസാനകണ്ണികളിലൊരാളായിരുന്നു ഗിരീഷ് എന്ന സുഹൃത്ത്.

Spread the love