വിദ്യാർത്ഥിനികൾ ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്കു വിധേയമാക്കി. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലെ കോളേജിലാണ് സംഭവം. 68 പെൺകുട്ടികളെയാണ് കോളേജ് അധികൃതർ ആർത്തവപരിശോധയ്ക്കു ബലം പ്രയോഗിച്ചു വിധേയനാക്കിയത്. ആര്‍ത്തവസമയത്ത് കോളേജിലെ അടുക്കളയിലും സമീപപ്രദേശത്തുള്ള അമ്പലത്തിലും വിദ്യാര്‍ഥിനികള്‍ കയറിയെന്ന സംശയത്തെ തുടര്‍ന്നാണ് കോളേജ് മേലധികാരികളുടെ മേൽനോട്ടത്തിൽ പരിശോധന നടത്തിയത്. ഭുജിലെ ശ്രീ സഹ്‍ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം.

രാജ്യത്തിന്റെ പെരുമയെ തന്നെ ബാധിക്കുന്ന ഈ ഹീനമായ പ്രവൃത്തിക്കെതിരെ ജനരോഷം ഉയരുകയാണ്. കോളേജ് വിദ്യാർഥിനികളായ 68 പേർക്കാണ് ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയരാവേണ്ടി വന്നത്. ഹോസ്റ്റലിലെ വാർഡന്റെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. നര്‍ നാരായന്‍ ദേവ് ഗഡി വിശ്വാസികളുടെ നേതൃത്വത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. 2012ലാണ് ഇവിടെ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

സഹപാഠികളുമായി ആര്‍ത്തവ സമയത്ത് ഇടപഴകുന്നതിനും കോളേജിൽ വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍ത്തവ സമയമല്ലെന്നു ഉറപ്പുവരുത്താന്‍ പെണ്‍കുട്ടികളെ വരിയായി ഹോസ്റ്റല്‍ ശുചിമുറിയിലേക്ക് നടത്തിയശേഷം അടിവസ്ത്രം അഴിച്ചു പരിശോധിച്ചു. പ്രിന്‍സിപ്പലിന്‍റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധനയെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.

കോളേജിനെതിരെ ഉയർന്ന ആരോപണം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാമജി കൃഷ്ണ വര്‍മ്മ കച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. ഹിന്ദു ആചാരങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന സ്ഥാപനമാണ് കോളേജെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. കോളേജിന് സ്വന്തമായി ഹോസ്റ്റല്‍ കെട്ടിടമില്ലെന്നും സമീപത്തെ സ്കൂള്‍ ഹോസ്റ്റലായി ഉപയോഗിക്കുകയാണെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു

Read Also  അദാനിയുടെ ആശുപത്രിയിൽ കുഞ്ഞുങ്ങളുടെ മരണകാരണം ദുരൂഹം ; 5 വർഷംകൊണ്ട് 1000 മരണം

LEAVE A REPLY

Please enter your comment!
Please enter your name here