Monday, January 17

ചുവപ്പ്, വെള്ള, കറുപ്പ് കാറുകള്‍ വരും. രക്ഷപെട്ട പത്തു വയസ്സുകാരി നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ യു.പി.യില്‍ അഭയകേന്ദ്രത്തില്‍ നിന്നും 24 പെണ്‍കുട്ടികളെ രക്ഷ പെടുത്തി.

ലൈംഗിക, ശാരീരിക പീഢനങ്ങളെപ്പറ്റി പരാതി വന്നതിനെത്തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ ദേവറിയയില്‍ സത്രീകളുടെ അഭയകേന്ദ്രത്തില്‍ നിന്നും 24 പെണ്‍കുട്ടികളെ രക്ഷ പെടുത്തി. 15 പെണ്‍കുട്ടികളെ ഇപ്പോഴും കണ്ടെത്താനുണ്ട്. നടത്തിപ്പുകാരായ ദമ്പതികളെ അറസ്റ്റ് ചെയ്തു. ചുവപ്പ്, വെള്ള, കറുപ്പ് കാറുകള്‍ രാത്രിയില്‍ വന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു പോകുമെന്നും രാവിലെ തിരികെ കൊണ്ടു വിടുമെന്നും, അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട 10 വയസ്സുകാരി നല്കിയ വിവരങ്ങളനുസരിച്ചാണ് കഴിഞ്ഞ രാത്രി പോലീസെത്തിയത്. അഭയകേന്ദ്രം നടത്തിപ്പുകാരി ഗിരിജാ ത്രിപാഠിയും ഭര്‍ത്താവ് മോഹന്‍ ത്രിപാഠിയും മകളുമാണ് അറസ്റ്റിലായത്. സ്ഥാപനം അടച്ചുപൂട്ടി.

ഗിരിജാ ത്രിപാഠിയും ഭര്‍ത്താവ് മോഹന്‍ ത്രിപാഠിയും കടപ്പാട്: എ.എന്‍.ഐ.

ലക്നൗവില്‍നിന്നും 300 കിലോ മീറ്റര്‍ അകലെ ദാവറിയയില്‍ സ്വകാര്യമായി നടത്തപ്പെടുന്ന അഭയകേന്ദ്രത്തിന് മുമ്പ് ഗവണ്മെന്‍റ് ഫണ്ട് ലഭിച്ചിരുന്നു. എന്നാല്‍ 2017ല്‍ സി.ബി.ഐ. അന്വേഷണത്തെത്തുടര്‍ന്ന് നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ സ്ഥാപനത്തിന്‍റെ അംഗീകാരം റദ്ദാക്കിയിരുന്നു. എങ്കിലും ദമ്പതികള്‍ അംഗീകാരമില്ലാതെ സ്ഥാപനം നടത്തിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തോട് മോശമായി പെരുമാറി അവരെ തിരിച്ചയച്ചിരുന്നു. അതിന്‍റെ പേരില്‍ എഫ്.ഐ.ആര്‍. തയ്യാറാക്കിയതുമാണ്.

കഴിഞ്ഞ രാത്രി അഭയകേന്ദ്രത്തില്‍നിന്നും രക്ഷപെട്ട പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അവിടെ അവളുടെ യാതനകള്‍ പറഞ്ഞപ്പോളാണ് അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കപ്പെടുന്നെന്നും നടത്തിപ്പുകാരായ ദമ്പതികളുടെ അടിമകളായി പണിയെടുപ്പിക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞത്.

രക്ഷപെട്ട പെണ്‍കുട്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി അവിടത്തെ അന്തേവാസിയാണ്. അവളെ നടത്തിപ്പുകാര്‍ വേലക്കാരിയായാണ് പരിഗണിച്ചിരുന്നതെന്ന് അവള്‍ പറഞ്ഞു. രാത്രിയില്‍ കാറുകള്‍ വന്ന് പെണ്‍കുട്ടികളെ കൊണ്ടു പോകുമെന്നും രാവിലെ തിരിച്ചെത്തുന്ന അവര്‍ ദിവസം മുഴുവന്‍ കരയുമെന്നും അവള്‍ വെളിപ്പെടുത്തി. നിയമാനുസൃതമല്ലാത്ത ദത്തു നല്കലും ഇവിടെ നടക്കുന്നുണ്ട്.

രക്ഷ പെടുത്തിയ പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും മജിസ്ട്രേട്ടിനു മുന്നില്‍ മൊഴി എടുക്കുകയും ചെയ്തു. കാണാതെ പോയ പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് റോഹന്‍ പി കാനെ പറഞ്ഞു.

അഭയകേന്ദ്രത്തില്‍ നിന്നും വനിതാപോലീസുകാര്‍ പെണ്‍കുട്ടികളെ കോടതിയിലേക്ക് കൊണ്ടു പോവുകയും തിരികെ കൊണ്ടു വരുന്നതും കാണാമായിരുന്നു എന്നാണ് അഭയകേന്ദ്രത്തിന് സമീപം കട നടത്തുന്ന മനോജ് കുമാര്‍ കേന്ദ്രത്തെപ്പറ്റി പറയുന്നത്.  ഞാനവിടെ എട്ടൊമ്പത് രാത്രികളില്‍ തങ്ങിയിട്ടുണ്ട്. കേന്ദ്രം സമൂഹവിവാഹം നടത്തുകയും ആളുകളെ ദത്തെടുക്കലിന് സഹായിക്കുകയും ചെയ്യാറുണ്ട്. കുറച്ചുകാലം മുമ്പ് ഇവിടെ നിന്നും രണ്ടു പെണ്‍കുട്ടികളെ ഫ്രാന്‍സില്‍ നിന്നുള്ള ദമ്പതികള്‍ ദത്തെടുത്തതായി കേട്ടു എന്നും മനോജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി യോഗിരാഥിത്യ നാഥിന്‍റെ നേതൃത്വത്തില്‍ കാട്ടുവാഴ്ചയാണ് നടക്കുന്നതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷയ്ക്ക് വേണ്ട സത്വരനടപടികള്‍ കൈക്കൊള്ളണമെന്നും മായാവതി ആവശ്യപ്പെട്ടു.

Spread the love