ണ്ണൂർ ജില്ലയിൽ നിന്ന് കള്ള വോട്ട് സംബന്ധിച്ച വാർത്തകൾ വരുമ്പോൾ തെക്കൻ ജില്ലകളിലെ സി.പി.ഐ.എം കാരും അല്ലാത്തവരും അത്യന്തം നിഷ്കളങ്കമായി ” ബൂത്ത് ഏജന്റന്മാർക്ക്‌ ഒന്ന് ഉറക്കെ കരഞ്ഞൂടായിരുന്നോ ” എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്. അവർക്കെന്തറിയാം മലബാർ യാഥാർഥ്യം !

 ‘പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ’ എന്ന പുസ്തകമെഴുതിയ ഒ. പി. രവീന്ദ്രനും ഞാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗത്തിൽ ഒരേ കാലത്ത് പഠിച്ചവരാണ്. ഒരേ മുറിയിൽ താമസിച്ചവരാണ്. ഡെമോക്രാറ്റിക് ആൾട്ടർനേറ്റിവ് എന്ന വിദ്യാർത്ഥി സംഘത്തിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചവരാണ്. അവിടുത്തെ ‘ഇടതു’ പക്ഷക്കാരുടെ അടിയേറ്റു വീണവരാണ്. അതും കഴിഞ്ഞ് ഒരു ഗ്യാപ്പിനു ശേഷം സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ പുസ്തകശാലയിൽ ഒരുമിച്ചു നിന്നവരും ഒരേ വീട്ടിൽ താമസിച്ചവരും ആണ്. സി.പി.ഐ.എം എന്ന് കേൾക്കുമ്പോൾ നിഷ്കളങ്കമായ ഒരു വികാരവും രണ്ടു മലബാറുകാർക്ക് ഉണ്ടാവുകയില്ല. 

ഇങ്ങനെ ഒരു പൊതുമയും സാഹോദര്യവും ഞങ്ങൾക്ക് തമ്മിൽ ഉണ്ടെങ്കിലും രാഷ്ട്രീയമായി രവീന്ദ്രൻ നടത്തിയിട്ടുള്ള തുടർ യാത്രകൾ വേറിട്ടതും എന്നെ സംബന്ധിച്ച് രാഷ്ട്രീയ ധാരണകൾ പുനഃപരിശോധിക്കാനും പുനർ നവീകരിക്കാനും അവസരമൊരുക്കുന്നതും ആയിരുന്നു.

കേരളത്തിലെ ദലിത് മുന്നേറ്റങ്ങളിൽ അത്രയ്ക്കൊന്നും ദൃശ്യമല്ലാത്തതും എന്നാൽ പല കാരണങ്ങൾ കൊണ്ടും സുപ്രധാനമായതുമായ ഒന്നാണ് ദലിത് സ്റ്റുഡന്റസ് മൂവേമെന്റ് അഥവാ ഡി.എസ്.എം. സംവരണവുമായും സ്റ്റയ്പന്റുമായും ഫെല്ലോഷിപ്പുമായും ബന്ധപ്പെട്ട സമരങ്ങളും സുപ്രധാനമായ സൈദ്ധാന്തികാന്വേഷണങ്ങളും ഡി.എസ്എമ്മിന്റെ മുൻ കയ്യിൽ നടക്കുകയുണ്ടായി. രവീന്ദ്രന് അടി കിട്ടിയത് ഡി.എസ്.എമ്മിലെ സജീവ പ്രവർത്തനത്തിന്റെ കൂടി പ്രത്യാഘാതമായിട്ടാണ്. 

രവീന്ദ്രൻ എഴുതിയ ‘പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ ‘ (മുദ്ര ബുക്സ്, 2018 ) ഇത്തരം പ്രവർത്തനങ്ങളുടെയും അതേത്തുടർന്ന് രൂപീകരിക്കപ്പെട്ട എയിഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതിയുടെ പ്രക്ഷോഭങ്ങളുടെയും അനുഭവങ്ങളുടെ ക്രോഡീകരണവും വിപുലനവുമാണ്. ഇതിനായി ആർ.ടി.ഐ മുഖാന്തിരവും അല്ലാതെയും സ്ഥിതി വിവരക്കണക്കുകളും മറ്റു ചരിത്ര വസ്തുതകളും അദ്ദേഹം ശേഖരിച്ചിരിക്കുന്നു.

അദ്ദേഹം നിരത്തുന്ന ഇനി പറയുന്ന കണക്കു മാത്രം നോക്കുക :

2015 ലെ കണക്കുകൾ പ്രകാരം കേരളത്തിൽ 239 കോളേജുകളുണ്ട്. അതിൽ 59 എണ്ണം സർക്കാർ കോളേജുകളും 180 എണ്ണം എയിഡഡ് കോളേജുകളുമാണ്. ഇതിൽ 71 ,99 എയിഡഡ് കോളേജധ്യാപകരിൽ 11 പേർ മാത്രമാണ് SC / STവിഭാഗങ്ങളിൽ പെട്ടവർ . അതായത് 0 .15 % അര ശതമാനം തികച്ചില്ല. അതേ സമയം 2335 സർക്കാർ അധ്യാപകരിൽ 284 SC വിഭാഗത്തിലെ അധ്യാപകരും 14 ST വിഭാഗത്തിലെ അധ്യാപകരും ആണ്. മൊത്തം 12. 76 %.

നൂറ്റിയെൺപത് എയിഡഡ് കോളേജുകളിൽ 86 എണ്ണം ക്രിസ്ത്യൻ മാനേജ്‌മെന്റിലും 35 എണ്ണം മുസ്ലിം മാനേജ്‌മെന്റിലും 18 എണ്ണം നായർ മാനേജ്‌മെന്റിലും 20 എണ്ണം ഈഴവ മാനേജ്‌മെന്റിലും 7 ദേവസ്വം ബോർഡിനു കീഴിലും 12 എണ്ണം സിംഗിൾ മാനേജ്‌മെന്റും 2 എണ്ണം ശ്രീശങ്കര ട്രസ്റ്റിന് കീഴിലും ( ഉല്പതിഷ്‌ണു – നമ്പൂതിരി ) ആണ്. എന്നു വെച്ചാൽ എയിഡഡ് കോളേജുകളിൽ 88.33 %വും (അതായത് 159 കോളേജുകൾ ) നാലു പ്രബല സമുദായങ്ങളുടെ കയ്യിലാണ്. അതിൽ തന്നെ 67 .22 % (121 കോളേജുകൾ) ന്യൂനപക്ഷ മാനേജ്മെന്റുകളുടെ കയ്യിൽ.

Read Also  യുജിസി നിർത്തലാക്കുന്നതിനെതിരെ തമിഴ്നാട് കേന്ദ്രസർക്കാരിന് കത്തയച്ചു


   എന്താണീ ‘എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം’ എന്നു പറഞ്ഞാൽ? യു.ആർ. അനന്തമൂർത്തി കമ്മീഷൻ നിർവചിച്ചത് “സ്വകാര്യ വ്യക്തികൾ ഭരണം നടത്തുന്ന പൊതു സ്ഥാപനങ്ങൾ ” എന്നാണ്. രവീന്ദ്രൻ അത് കുറച്ചു കൂടി കൃത്യമാക്കി ഇങ്ങനെ നിർവചിക്കുന്നു: “സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മെയിന്റനൻസ് ഗ്രാന്റും ലൈബ്രറി ഗ്രാന്റും ലഭിക്കുന്നതും സ്വകാര്യ വ്യക്തികൾ ഭരണം നടത്തുന്നതുമായ സ്ഥാപനങ്ങൾ”.

   ഇവിടെ നടക്കുന്ന നിയമനങ്ങളിൽ സർക്കാരിന് പ്രത്യേകിച്ച് റോളൊന്നുമില്ല . ഈ സ്ഥാപനങ്ങൾ പൊതുവാണോ സ്വകാര്യമാണോ? സ്വകാര്യ സ്ഥാപനങ്ങളാണ് എന്ന് കോടതിയിൽ വാദിച്ചു ജയിച്ചു മാനേജ്‌മെന്റുകൾ ! വിചിത്രമെന്നു തോന്നുന്ന ഈ നിലപാട് എന്ത് കൊണ്ട് മാനേജ്‌മെന്റുകൾ സ്വീകരിച്ചു? അത് മനസ്സിലാക്കണമെങ്കിൽ അവരങ്ങനെ കോടതിയിൽ വാദിക്കാനിടയായ സാഹചര്യം മനസ്സിലാക്കണം.

   രവീന്ദ്രൻ അവതരിപ്പിക്കുന്ന വിപുലമായ സ്ഥിതി വിവരക്കണക്കുകളിലെ മർമ പ്രധാനമായ ഒരു അംശം മാത്രമാണ് ഞാൻ മുകളിൽ എടുത്തെഴുതിയത്. അത് നോക്കുന്ന എല്ലാവർക്കും ഒറ്റയടിക്ക് മനസ്സിലാവുന്നതാണ് എന്താണതിലെ അനീതി എന്നത് . സർക്കാർ ശമ്പളവും ചെലവും കൊടുക്കുന്ന സ്ഥാപനങ്ങളിൽ സംവരണം ഇല്ല. അതിനാൽ മൊത്തം 71 ,99 എയിഡഡ് കോളേജധ്യാപകരിൽ 11 പേർ മാത്രമാണ് SC / STവിഭാഗങ്ങളിൽ നിന്നുമുള്ളവർ . അതായത് 0 .15 % മാത്രം. 2010 ൽ യു.ജി.സി. മാനദണ്ഡമനുസരിച്ച് SC / ST സംവരണം ഉൾപ്പെടുത്തി എയിഡഡ് കോളേജുകളിലെ 1599 അധ്യാപക പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനം റീ നോട്ടിഫൈ ചെയ്യണം എന്നാവശ്യപ്പെട്ട് രണ്ടു കേസുകൾ പ്രക്ഷോഭ സമിതിയുടെ മുൻ കയ്യിൽ ഫയൽ ചെയ്തു. കേസ് നടക്കുമ്പോൾ തന്നെ മാനേജ്‌മെന്റുകൾ നിയമനങ്ങളുമായി മുന്നോട്ടു പോയി . 5 വർഷത്തിന് ശേഷം 2015 ലാണ് വിധി വന്നത്. ജസ്റ്റിസ് എ .എം .ഷഫീഖിന്റെ ആ വിധിയിൽ എയിഡഡ് കോളേജധ്യാപക – അനധ്യാപക നിയമനങ്ങളിൽ SC / ST സംവരണം നടപ്പിലാക്കണമെന്ന് അസന്ദിഗ്ധമായി പ്രസ്താവിച്ചു.

   മാനേജ്‌മെന്റുകൾ അടങ്ങിയിരുന്നില്ല. എൻ.എസ്.എസ്സും എസ്.എൻ. ട്രസ്റ്റും കോടതിയിൽ പോയി സ്‌റ്റേ വാങ്ങി. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതി കാളീശ്വരം രാജ് മുഖേന കോടതിയെ സമീപിച്ചു. രണ്ടു വർഷത്തോളം ഈ വിധിയിൽ അപ്പീൽ വാദം നടന്നു.

   ഈ അപ്പീൽ വാദ സമയത്താണ് ഇവ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും യു.ജി.സി റെഗുലേഷൻ ബാധകമല്ല എന്നുമുള്ള വാദം മാനേജ്‌മെന്റുകൾ ഉന്നയിച്ചത്. നിർഭാഗ്യകരമെന്നു പറയട്ടെ ആ വാദം അതേ പടി അംഗീകരിക്കുന്ന ഒരു വിധിയാണ് ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ചത് . ഗ്രാന്റ് -ഇൻ .എയ്‌ഡ്‌ എന്നതിനു പകരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം എന്ന പദവി എയിഡഡ് കൊളേജുകൾക്ക് ചാർത്തിക്കിട്ടി ! എന്നിട്ടും “പൊതു’ വിഭ്യാഭ്യാസ വാചകമടികൾക്ക് നാട്ടിൽ യാതൊരു കുറവുമില്ല !

   ഈ വിധിയെ തുടർന്ന് സർക്കാർ സ്വീകരിച്ച സമീപനത്തിലെ ഇരട്ടത്താപ്പ് രവീന്ദ്രൻ പുസ്തകത്തിൽ എടുത്തു കാണിക്കുന്നുണ്ട്. സുപ്രീം കോടതിയിൽ അപ്പീൽ പോവുമെന്നാണ് മന്ത്രി എ.കെ.ബാലൻ പറഞ്ഞത്. സർക്കാരിന് സ്വയം നിയമ നിർമാണം നടത്താവുന്ന കാര്യത്തിൽ അതെന്തു കൊണ്ട് ചെയ്യുന്നില്ല എന്നാണ് രവീന്ദ്രൻ ചോദിക്കുന്നത്. അങ്ങനെ ചെയ്ത ഒരുദാഹരണം എടുത്തു കാണിക്കുകയും ചെയ്യുന്നു. അപ്പീൽ വാദം നടക്കുന്ന 2016 ൽ തന്നെ എയിഡഡ് സ്‌കൂളുകളിൽ ശാരീരിക അവശത അനുഭവിക്കുന്നവർക്ക് (P W D ) നിയമനങ്ങളിൽ 3 % സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട് . എന്നാൽ കോടതിയിൽ കൗണ്ടർ അഫിഡഫിറ്റ് നൽകാൻ വിസമ്മതിച്ച സർക്കാർ ഇക്കാര്യം കോടതിയ്ക്ക് മുമ്പിൽ മറച്ചു വെച്ചു. അങ്ങനെ സൗകര്യ പൂർവം “സ്വകാര്യ പദവി ‘ അവകാശപ്പെടാനും നേടിയെടുക്കാനും മാനേജ്‌മെന്റുകൾക്കായി. (എന്നാൽ പിന്നെ ഗ്രാന്റും ശമ്പളവും സർക്കാരിനങ്ങു നിർത്തരുതോ!)

Read Also  മത രഹിത ജീവിതം നയിക്കുന്നവർക്ക് ഈ 10 ശതമാനം സംവരണത്തിന് അർഹതയുണ്ടോ?

  ഡിവിഷൻ ബഞ്ചിന്റെ വിധി റദ്ദാക്കണമെന്നും സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെടുന്ന പ്രക്ഷോഭ സമിതിയുടെ ഹരജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്. സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

  കേരളീയ സമൂഹം ഇനിയും പൊതുവായിട്ടില്ല, ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല, നമ്മുടെ ഘോഷിക്കപ്പെടുന്ന നവോത്ഥാനം ഏതാനും പ്രബല സമുദായങ്ങളുടെ ശാക്തീകരണമാണ് എന്ന കാര്യങ്ങൾ ഒരിക്കൽ കൂടി വെളിവാക്കുന്ന വസ്തുതകളാണിവ. പ്രത്യക്ഷത്തിൽ തന്നെ പ്രകടമായ ഈ കാര്യം അംഗീകരിക്കാൻ മലയാളി പൊതുബോധം മടിക്കുന്നത് ഭാഗികമായ നവോത്ഥാന – കെട്ടുകഥകളിലൂടെ അതിനു കൈ വന്ന ദുരഭിമാനം ഒന്നു കൊണ്ടു മാത്രമായിരിക്കണം.

  പുസ്തകത്തിൽ ചേർത്ത ബയോ നോട്ടിൽ ഇങ്ങനെയൊരു വാചകമുണ്ട്: “കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫി വിഭാഗത്തിൽ ഗവേഷണം ചെയ്‌തെങ്കിലും പ്രബന്ധം സമർപ്പിച്ചിട്ടില്ല.”, പ്രബന്ധങ്ങളനവധി വായിച്ച ഒരാളെന്ന നിലയിലും വളരെ വൈകി സ്വന്തമായി ഒരെണ്ണം സമർപ്പിച്ച ഒരാളെന്ന നിലയിലും ഈ വാചകം തെറ്റാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു! പ്രബന്ധം പൊതുജന സമക്ഷമാണ് സമർപ്പിച്ചത് എന്ന് മാത്രമേയുള്ളൂ! വസ്തുതകളും വിശകലനവും സമ്യക്കായി സമായോജനം ചെയ്യുന്നതിലും രേഖകൾ കണ്ടെത്തുന്നതിലും അനുഭവ യാഥാർഥ്യങ്ങളെ സിദ്ധാന്തവൽക്കരിക്കുന്നതിലും സങ്കൽപ്പനപരമായി വിശ്ലേഷണം ചെയ്യുന്നതിലും ഒക്കെ (പ്രൂഫ് വായനയിൽ ഒഴികെ!) ഗവേഷകർക്കും അവരുടെ മാർഗ്ഗ നിർദേശകർക്കും വഴി കാട്ടുന്ന ഒരു പ്രബന്ധമാണ്’ പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ’.

ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ ഒരു സമരത്തിൽ കൂടി പങ്കാളികളാവുന്നു .

ഉരു ആർട്ട് ഗാലറിയിൽ നടന്ന ഓ പി രവീന്ദ്രന്റെ പുസ്തക പ്രകാശന ചടങ്ങിൽ നിന്ന്

  

LEAVE A REPLY

Please enter your comment!
Please enter your name here