പി എൻ ഗോപീകൃഷ്ണൻ

ഗോഡ്സേയെ “ദേശഭക്ത് ” എന്ന് രണ്ട് പ്രാവശ്യമാണ് പരസ്യമായി പ്രഗ്യാ സിങ്ങ് വിശേഷിപ്പിച്ചത് . ഈ വിശേഷണം പ്രഗ്യയുടെ നാവിൽ പെട്ടെന്നുദിച്ചതല്ല. അതിന് ഒരു ചരിത്രം ഉണ്ട്. ഒരു ലക്ഷ്യവും ഉണ്ട്.ഗോഡ്സേ ദേശഭക്തനാകുന്നത് ഒരു ഹിന്ദു രാഷ്ട്ര സങ്കല്പത്തിലാണ്. മതേതര രാഷ്ട്ര സങ്കല്പത്തിൽ അയാൾ കൊടും കുറ്റവാളിയാണ്

ഗോഡ്സേയെ “ദേശഭക്ത് ” എന്നാദ്യമായി വിശേഷിപ്പിച്ചത് 1964 ലെ ഒരു ക്ഷണപത്രിക ആണ് . ഈ ക്ഷണപത്രിക പുറത്തിറങ്ങുന്ന സമയവും ശ്രദ്ധേയമാണ്. ഗാന്ധി വധത്തിന് ശിക്ഷിക്കപ്പെട്ട ഗോപാൽ ഗോഡ്സേയും വിഷ്ണു കാർക്കരേയും മദൻലാൽ പഹ് വ യും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഹിന്ദു സംഘടനകൾ അവർക്ക് നൽകിയ സ്വീകരണത്തിന്റെ നോട്ടീസിലാണ് നാഥുറാം ഗോഡ്സേ ദേശഭക്തനായത്

അതേ യോഗത്തിൽ വെച്ചാണ് ജി.വി. കേത്ക്കറുടെ നാക്ക് പിഴച്ചത് കൊണ്ട് , ഗാന്ധി വധത്തിന്റെ ഉള്ളറകൾ വീണ്ടും തുറക്കപ്പെട്ടത്. ഗാന്ധി വധിക്കപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് താൻ അക്കാര്യം ആസൂത്രണം ചെയ്തത് അറിഞ്ഞിരുന്നു എന്നും നാഥുറാം ഗോഡ്സേ തന്നെയാണ് അത് തന്നോട് വെളിപ്പെടുത്തിയത് എന്നുമാണ് കേത്ക്കർ പ്രസംഗിച്ചത്. വേദിയിലുണ്ടായിരുന്ന ഗോപാൽ ഗോഡ്സേ കേത് ക്കറെ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇനിയാരും ഇക്കാര്യത്തിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യാൻ മുതിരില്ല എന്നാണ് കേത് ക്കർ പ്രതിവചിച്ചത്. പക്ഷെ ,പത്രങ്ങൾ ഇക്കാര്യം പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി. അതേ തുടർന്ന് ഇന്ത്യൻ പാർലിമെന്റിൽ വലിയ ചർച്ച നടന്നു . ഗാന്ധി വധത്തിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാൻ ജസ്റ്റീസ് ജീവൻ ലാൽ കപൂറിനെ നിയോഗിച്ചു

ഗാന്ധിയ്‌ക്കെതിരെ ഹിന്ദു മഹാസഭയും ആർ എസ് എസും ഹിന്ദു രാഷ്ട്രദളും പോലുള്ള ഹിന്ദു തീവ്രവാദ സംഘടനകൾ ഏതൊക്കെ തരത്തിൽ പ്രവർത്തിച്ചു എന്ന് കപൂർ കമ്മീഷൻ റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സവർക്കറൈറ്റുകളാണ് കൃത്യം നടത്തിയതെന്നും സവർക്കർക്ക് ഈ ഗൂഢാലോചനയിൽ പങ്കുണ്ട് എന്നും കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട്

സവർക്കർക്ക് ഭാരതരത്നം കൊടുക്കാൻ ഒരുമ്പെടുന്നതും ഗോഡ്സേയെ ദേശഭക്ത് ആക്കുന്നതും ഹിന്ദുരാഷ്ട്ര സങ്കല്‌പത്തിലേയ്ക്കുള്ള യാത്രയുടെ കൈ ചൂണ്ടികൾ ആണ്. പരമാധികാര , ജനാധിപത്യ , തുല്യാവകാശ ,മതേതര റിപ്പബ്ലിക്കിനെ വിഭാവനം ചെയ്ത ഭരണഘടനയുടെ നിഷേധമാണ്. ഭരണഘടനയെ അംഗീകരിച്ചതിന്റെ എഴുപതാം വർഷം ആചരിക്കുന്ന നാളുകളിൽ തന്നെ പ്രഗ്യാ സിങ്ങിന്റെ നാവ് ഹിന്ദു രാഷ്ട്രത്തിന്റെ ഭൂപടം വരയ്ക്കാനാഞ്ഞതും ആകസ്മികം അല്ല

*ഇവിടെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ കപൂർ കമ്മീഷൻ റിപ്പോർട്ടിൽ നിന്ന്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  പ്രജ്ഞയെ തീവ്രവാദി എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here