Wednesday, January 19

ബക്രീദ് അടുത്തു; കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ മൃഗസ്‌നേഹം നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി

ബക്രീദ് അടുത്തതോടെ ഇന്ത്യയില്‍ മൃഗബലി പൂര്‍വാധികം ഭംഗിയായി പൊതുസംവാദങ്ങളിലേക്ക് വന്നിരിക്കുകയാണ്. പതിവ് പോലെ ഇക്കൊല്ലവും സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണ് മൃഗസ്‌നേഹത്തിന്റെ മുറവിളിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൃഗബലിക്കെതിരെ ദേശീയ പ്രചാരണം സംഘടിപ്പിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. സംഘടനയുടെ വോളണ്ടിയര്‍മാര്‍ മൃഗങ്ങള്‍ക്കെതിരായി നടക്കുന്ന എല്ലാത്തരം ക്രൂരതയും നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും എന്നാണ് മൃഗക്ഷേമ ബോര്‍ഡ് ദേശീയ അദ്ധ്യക്ഷന്‍ എസ്പി ഗുപ്ത പറയുന്നത്. ആരെങ്കിലും മൃഗബലി നടത്തുകയാണെങ്കില്‍ അത് ശിക്ഷാര്‍ഹമായിരിക്കുമെന്നും ഒരു മൃഗത്തെയും ഈ പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ ഉപദേശക പദവിയുള്ള ഒരു ഭരണഘടന സ്ഥാപനമാാണ് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ്.

മൃഗബലി ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്നും അവര്‍ അതിനെ മതവുമായി കൂട്ടിക്കുഴയയ്ക്കുകയുമാണെന്നാണ് ഗുപ്തയുടെ ഭാഷ്യം. ഒരു മതവും മൃഗങ്ങളെ ബലി കൊടുക്കാന്‍ അനുശാസിക്കുന്നില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനങ്ങള്‍ മൃഗബലി നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പരാതി നല്‍കാന്‍ ബോര്‍ഡ് തയ്യാറാവുമെന്നും കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം പറയുന്നു.

മൃഗക്ഷേമ ബോര്‍ഡ് ഒരു ഉപദേശക സമിതി മാത്രമാണെങ്കിലും മൃഗങ്ങള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കല്‍ ചട്ടപ്രകാരം സംസ്ഥാന, ജില്ലാതലങ്ങളില്‍ നിരീക്ഷകരെ ഏര്‍പ്പെടുത്താനുള്ള വിവിധത്തില്‍ വിപുലമായ അധികാരങ്ങള്‍ അത് കൈയാളുന്നുണ്ട്. അതുകൊണ്ടുതന്നെ ഗുപ്തയുടെ മുന്നറിയിപ്പിനെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. പ്രസ്ഥാവനയിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഈ മുന്നറിയിപ്പുമായി അദ്ദേഹം രംഗത്തെത്തുന്ന സമയവും അതിന്റെ ലക്ഷ്യവുമാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്. പ്രത്യേകിച്ചും ഗോവധം നടക്കുന്നു എന്ന് ആരോപിച്ച് രാജ്യത്താകമാനം ദളിത്, മുസ്ളീം വിഭാഗങ്ങളില്‍ നിന്നുള്ള കന്നുകാലി വ്യാപാരികളെ ഗുണ്ടാസംഘങ്ങള്‍ ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍.

കേന്ദ്രത്തിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും പിന്തുണ അക്രമകാരികള്‍ക്ക് ഉള്ളതുകൊണ്ടുതന്നെ ഗോവധവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം കേസുകളിലും കൃത്യമായ നടപടികള്‍ സ്വീകരിക്കപ്പെടുന്നുമില്ല. ഈ ഒരു പശ്ചാത്തലത്തില്‍ വേണം ഓഗസ്റ്റ് 21-22 ദിവസങ്ങളില്‍ ആചരിക്കപ്പെടുന്ന ബക്രീദിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്ന ഗുപ്തയുടെ ലക്ഷ്യങ്ങളെ നോക്കിക്കാണാനും. മുസ്ലീങ്ങളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ബക്രീദ്. ബലി പെരുന്നാള്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് തന്നെ.

ഇന്ത്യയില്‍ മൃഗബലി നിയമം മൂലം നിരോധിക്കപ്പെട്ടിട്ടില്ല. 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി സംരക്ഷണ നിയമം (കാലിചന്തകളുടെ നിയന്ത്രണം) കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇന്ത്യയില്‍ കന്നുകാല കച്ചവടം നടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും പിന്നോക്കക്കാരുമാണെന്നതിനാല്‍ തന്നെ അവര്‍ക്കെതിരായ പ്രത്യക്ഷാക്രമണമാണ് ഓര്‍ഡിനന്‍സ് എന്ന് അന്ന് പരക്കെ നിരീക്ഷിക്കപ്പെട്ടിരുന്നു. മാത്രമല്ല ചില ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ കുത്തകയായ ഇന്ത്യയിലെ മാംസ കയറ്റുമതി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് എന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Read Also  കുമാരസ്വാമി  സർക്കാരിൻ്റെ ഭാവി നിർണയിക്കുന്ന  സുപ്രധാന വിധി ഇന്ന്

മൃഗബലിയെ ഇതില്‍ നിന്നും വേര്‍തിരിച്ച് കാണേണ്ടി വരും. ഇന്ത്യയില്‍ മുസ്ലീം സമൂദായങ്ങള്‍ മാത്രമല്ല മൃഗബലി ന്ടത്തുന്നത്. ഇന്ത്യയിലെ മതാചാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങാണത്. രാജ്യത്തെമ്പാടുമുള്ള ഹിന്ദു ക്ഷേത്രങ്ങളില്‍ ഓരോ ദിവസവും ആയിരക്കണക്കിന് മൃഗങ്ങളാണ് ബലി കഴിക്കപ്പെടുന്നത്. ഏതെങ്കിലും മതാചാരങ്ങളുടെ ആവശ്യപ്രകാരം മൃഗങ്ങളെ കൊല്ലുന്നത് ഈ നിയമപ്രകാരം ഒരു കുറ്റകൃത്യമായിരിക്കില്ലെന്ന് മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ 28-ാം വകുപ്പ് കൃത്യമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

മൃഗബലി നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം മൃഗബലി നടന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. മാത്രമല്ല, വടക്കേ മലബാറിലെ തെയ്യം പോലെയുള്ള ആചാര, അനുഷ്ടാനങ്ങളില്‍ മൃഗബലി ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങാണ് താനും. വയനാട്ട് കുലവന്‍ പോലെയുള്ള തെയ്യങ്ങള്‍ കെട്ടുന്ന സമയത്ത് മൃഗവേട്ട തന്നെ നടക്കാറുണ്ട് എന്നത് വളരെ പരസ്യമായിട്ടുള്ള രഹസ്യമാണ്. അപ്പോഴൊന്നും ഉയരാത്ത മൃഗസ്‌നേഹം ദേശീയ മൃഗക്ഷേമ ബോര്‍ഡ് ചെയര്‍മാനും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനും ബക്രീദ് പോലെയുള്ള ആഘോഷങ്ങള്‍ വരുമ്പോള്‍ മാത്രം ഉണരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാവുന്നത്.

മാത്രമല്ല, മതത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ അനുഷ്ടാനങ്ങള്‍ നിയമത്തിന്റെ ഇടപെടലില്‍ നിന്നും സംരക്ഷിക്കപ്പെടണമെന്നും അല്ലാത്തപക്ഷം അത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാകുമെന്നും സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ബക്രീദ്. ബലി പെരുന്നാള്‍ എന്താണ് അത് വിശേഷിപ്പിക്കപ്പെടുന്നത് തന്നെ. പരമ്പരാഗതമായി മൃഗങ്ങളെ ബലി കഴിച്ചുകൊണ്ടാണ് ബക്രിദ് ആഘോഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ വര്‍ഷവും ബക്രീദ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും സംഘപരിവാര്‍ മൃഗസ്‌നേഹികളും മൃഗബലിക്കെതിരെ രംഗത്തെത്തുന്നത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പശുസ്‌നേഹത്തിന്റെ പേരില്‍ പാവപ്പെട്ട മനുഷ്യരെ തല്ലിക്കൊല്ലുന്ന ഹിന്ദുത്വ ഗുണ്ടാസംഘങ്ങള്‍ക്ക് പുതിയ ഒരു ആയുധം കൂടി നല്‍കാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിഭാഗീയ രാഷ്ട്രീയ നാടകങ്ങളുടെ മറ്റൊരു രംഗത്തിനാണ് ഗുപ്ത കര്‍ട്ടനുയര്‍ത്തിയിരിക്കുന്നതെന്നും.

ഇവിടെ മറ്റൊരു കാര്യം കൂടി ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാവേണ്ടതുണ്ട്. ഇന്ത്യയിലാകമാനം നോക്കിയാല്‍ മൃഗബലി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് നിര്‍വഹിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ്അധികൃത അറവുശാലകളില്‍ വച്ചു മാത്രമേ മൃഗങ്ങളെ കശാപ്പ് ചെയ്യാവൂ എന്നും കശാപ്പ് സമയത്ത് അവയുടെ വേദന ഏറ്റവും ലഘൂകരിക്കണമെന്നും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ ചട്ടവും ഭക്ഷ്യസുരക്ഷ നിയന്ത്രണ ചട്ടവും അനുശാസിക്കുന്നുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ മൃഗങ്ങളെ ബലി നല്‍കാവൂ എന്ന് ബക്രിദ് സമയത്ത് പല മുസ്ലീം നേതാക്കളും തങ്ങളുടെ സമുദായത്തെ ആഹ്വാനം ചെയ്യുകയും ചെയ്യാറുണ്ട്. റോഡിലും മറ്റ് പൊതുവിടങ്ങളിലും വച്ച് മൃഗങ്ങളെ ബലി കഴിച്ച് സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കരുതെന്ന് അവര്‍ തങ്ങളുടെ അനുയായികളോട് നിഷ്‌കര്‍ഷിക്കുകയും ചെയ്യാറുണ്ട്.

Read Also  പ്രജ്ഞ സിങ്​ ഠാക്കൂർ വിജയിച്ചത് വോട്ടിംഗ് യന്ത്രത്തിൽ നടത്തിയ തിരിമറി മൂലം; ഹർജി മധ്യപ്രദേശ് ഹൈക്കോടതിയിൽ

ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്‌നം പൊതുവിടങ്ങളില്‍ വൃത്തിഹീനമായി മൃഗബലികള്‍ നടക്കുന്നു എന്നതാണ് ഗുപ്തയെ പോലുള്ളവര്‍ തിരിച്ചറിയണം. നേതാക്കളുടെ ആഹ്വാനം അനുയായികള്‍ നടപ്പിലാക്കണമെങ്കില്‍ ആവശ്യത്തിന് ലൈസന്‍സുള്ള അറവുശാലകള്‍ ഉണ്ടാവണം. എന്നാല്‍ ഇന്ത്യയില്‍ നിയമം നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള അറവ് നടത്താന്‍ പറ്റുന്ന കേന്ദ്രങ്ങളുടെ എണ്ണം വളരെ പരിമിതമാണ്. രാജ്യത്താകമാനം 1,700 അറവുശാലകള്‍ മാത്രമാണുള്ളതെന്നാണ് കഴിഞ്ഞ വര്‍ഷം ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. 132 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ അവസ്ഥയാണിത്. ഭക്ഷ്യസുരക്ഷ നിയമം മൂലം ഉറപ്പാക്കിയ ഒരു രാജ്യത്തിന്റെ സ്ഥിതിയാണിത്.
അതുകൊണ്ടുതന്നെ മുസ്ലീം സമുദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷം നടക്കുമ്പോള്‍ ആ ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങിനെതിരെ മൃഗസ്‌നേഹത്തിന്റെ പേരില്‍ വാളെടുക്കുന്നതിന് പകരം നിയമം അനുശാസിക്കുന്ന രീതിയില്‍ അത് നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഭരണത്തിലിരിക്കുന്നവരും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും ചെയ്യേണ്ടത്. സമുദായിക സ്പര്‍ദ്ധ വളര്‍ത്തി ഭരണവര്‍ഗ്ഗത്തിന് ദാസ്യപ്പണി ചെയ്യുന്നതല്ല ഒരു നിയമനിര്‍വഹണ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ചുമതലയെന്നും.

Spread the love

Leave a Reply