Thursday, January 20

സൈനീക സേവനം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്ത് സൈനീക സേവനം നിര്ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാഷണല്‍ യൂത്ത് എംപവര്‍മെന്റ് സ്‌കീം എന്ന പേരില്‍ ആണ് പദ്ധതി നടപ്പിലാക്കുക. പ്രതിരോധ, പാരാമിലിറ്ററി, പൊലീസ് ജോലികള്‍ക്ക് സൈനീക സേവനത്തിലെ അനുഭവ പരിചയം നിർബന്ധമാക്കും. ഇതോടെ ഫലത്തിൽ ഇത്തരം മേഖലകളിൽ ജോലി ആഗ്രഹിക്കുന്ന മുഴുവൻ പേരും ഈ നാഷണല്‍ യൂത്ത് എംപവര്‍മെന്റ് സ്‌കീമിൽ പരിശീലനം നേടണം.

അച്ചടക്കവും ദേശസ്‌നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കാനാണ് സൈനിക പരിശീലന പദ്ധതി നടപ്പാക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വ്യാഖ്യാനം. പ്രതിവര്‍ഷം പത്ത് ലക്ഷം യുവതീയുവാക്കളെ ഈ പരിശീലന പദ്ധതിയുടെ ഭാഗമാക്കും. സ്റ്റൈപണ്ടോടു കൂടിയാണ് പരിശീലനം. പ്രതിരോധ മന്ത്രാലയം, യുവജന മനുഷ്യവിഭവശേഷി മന്ത്രാലയ പ്രതിനിധികള്‍ എന്നിവർ ഇത് സംബന്ധിച്ച ചർച്ചകൾക്കായി ജൂൺ അവസാനം പ്രധാനമന്ത്രിയുടെ ഓഫീസില്‍ യോഗം ചേർന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പദ്ധതിയുടെ നടത്തിപ്പിനായി എന്‍സിസി (നാഷണല്‍ കേഡറ്റ് കോര്‍പ്പ്‌സ്), എന്‍എസ്എസ് (നാഷണല്‍ സര്‍വീസ് സ്‌കീം) പദ്ധതികളുടെയും എംഎന്‍ആര്‍ഇജിഎ (മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപവര്‍മെന്റ് ഗ്യാരണ്ടി ആക്ട്) ഫണ്ട്, മനുഷ്യ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ഫണ്ട് എന്നിവ ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ NCC, NSS എന്നിവയുടെ പ്രവർത്തനം നിലയ്‌ക്കുകയും നാഷണല്‍ യൂത്ത് എംപവര്‍മെന്റ് സ്കീമിനെ ഇതിന്റെ ഭാഗമായി മാറ്റുകയുമാണ് ഉണ്ടാവുക.

മിലിറ്ററി ട്രെയിനിംഗ് നല്‍കുന്നതിനൊപ്പം വൊക്കേഷണല്‍, ഐ.ടി സ്‌കില്‍, ദുരന്തനിവാരണം എന്നീ മേഖലകളില്‍ പരിശീലനവും നല്‍കും. ഇതിനൊപ്പം തന്നെ യോഗ, ആയുര്‍വേദ, പുരാതന ഇന്ത്യന്‍ തത്വശാസ്ത്രം എന്നിവയിലും പരിശീലനം നല്‍കും. രാജ്യത്തെ എല്ലാ പൗരന്മാർക്കും നിർബന്ധിത സൈനീക സേവനം എന്ന ആർഎസ്എസ് അജണ്ടയാണ് ഇതിലൂടെ സർക്കാർ നടപ്പിലാക്കുന്നത്. കൂടാതെ സൈനീക പരിശീനം സ്വയം നടപ്പിലാക്കുന്ന ആർഎസ്എസിനെ സമീപ ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള ഗ്രാന്റുകൾ അനുവദിക്കുകയോ ഇത്തരത്തിൽ പരിശീലനം നേടിയവരെ സർക്കാർ സർവീസുകളിൽ ഉൾപ്പടെ തിരുകി കയറ്റാനും മറ്റുമുള്ള സർക്കാരിന്റെ ആസൂത്രിത ശ്രമമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവർ നിരീക്ഷിക്കുന്നത്. ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ രാജ്യസ്നേഹത്തിന്റെ പേരിൽ നിർബന്ധിത സൈനീക സേവനം നടത്താൻ പ്രേരിപ്പിക്കുന്നത് ഫാസിസ്റ്റ് സംഘടനകളുടെയും ഭരണാധികാരികളുടെയും നയമാണെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും നിരീക്ഷകർ വിലയിരുന്നത്തുന്നു.

Spread the love
Read Also  കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ശബരിമല വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന് സുകുമാരൻ നായർ