Sunday, May 31

പലായനം ചെയ്യുന്ന രാജ്യസുരക്ഷ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു

രാജ്യത്ത് കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ വൻനഗരങ്ങളിൽ നിന്നും സ്വന്തം നാടുകളിലേക്ക് പരക്കം പായുകയാണ് വലിയൊരു വിഭാഗം ജനങ്ങൾ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള മണിക്കൂറുകളിൽ ബസ് മാർഗം യാത്രചെയ്തു പതിനായിരക്കണക്കിനാളുകളാണ് സ്വഗ്രാമങ്ങളിലേക്കെത്തിയത്.

നിശ്ചലമായ വ്യോമ-ട്രെയിൻ-റോഡ് ഗതാഗത മാർഗ്ഗങ്ങൾ ആളുകളുടെ സഞ്ചാരം തടയുമെന്ന യൂറോപ്യൻ ചിന്താധാര തകരുന്ന കാഴ്ചകളാണ് ഇന്ന് ഇന്ത്യയിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ദിവസവേതനത്തിന്റെ ബലത്തിൽ നഗരങ്ങളിൽ ജീവിതം വേരുപിടിപ്പിച്ചവർക്ക് യാതൊരു ഉറപ്പും നൽകാതെയുള്ള പ്രഖ്യാപനമുണ്ടാക്കിയ ഭയമാണ് കാൽനടയായാണെങ്കിലും തങ്ങളുടെ ഗ്രാമത്തിന്റെ സുരക്ഷിയിലേക്കെത്താൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിലെ പാലിക്കപെടാത്ത ഉറപ്പുകളുടെ ബാക്കിപത്രമാണ് കൂട്ടം കൂട്ടമായി ഇന്ത്യൻ നിരത്തുകളിലൂടെ നടന്ന് നീങ്ങുന്ന പതിനായിരങ്ങൾ.

പാലിക്കപെടാത്ത നിർദേശങ്ങളും പലായനവും

ലോക്ക് ഡൗൺ പ്രഖ്യാപനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യൻ ജനതയോട് നിർദേശിച്ച കാര്യങ്ങളിലൊന്നായിരുന്നു ‘നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടർന്നുള്ള 21 ദിവസങ്ങളിൽ തുടരുക’ എന്നത്. എന്നാൽ സർക്കാർ നിർദേശങ്ങൾക്ക് വിപരീതമായി മിനിറ്റുകൾക്കുള്ളിൽ ശേഷിക്കുന്ന ഗതാഗതസൗകര്യങ്ങൾ നിറഞ്ഞു കവിഞ്ഞു. ഇപ്പോഴുള്ളിടങ്ങളിൽ തുടരാനുള്ള ആഹ്വാനത്തോടൊപ്പം പൗരന്മാരുടെ ആശങ്കകൾക്കുള്ള മറുപടിയോ അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നുള്ള ഉറപ്പോ നൽകാത്ത കേന്ദ്രനടപടി ജനഹൃദയങ്ങളിലേയ്ക്ക് ഭയം കോരിയിട്ടു. നോട്ടുനിരോധിച്ചപ്പോൾ ATMകളിലേയ്ക്ക് കുതിച്ച ഇന്ത്യൻ ജനതയ്ക്കു പരിചിതമായ പ്രശ്നപരിഹാരം എത്രയും പെട്ടെന്ന് സ്വഭാവങ്ങളുടെ സുരക്ഷിതത്വത്തിലേയ്ക്ക് കുതിക്കുകയെന്നതാണ്.

കേരളത്തിൽ റോഡുപരോധം നടത്തിയ ഇതര സംസ്ഥാനതൊഴിലാളികളുടെ ആവശ്യങ്ങളിലും തെളിഞ്ഞു കണ്ടത് ഈ പ്രശനപരിഹാരത്തിന്റെ മറ്റൊരു വകഭേദമാണ്. കാരണം കോവിഡ് മഹാമാരിയേക്കാൾ അവർക്ക് സുപരിചിതമാണ് പട്ടിണിയെന്ന കൊലയാളി.

രാജ്യം മുഴുവൻ ലോക്ക് ഡൗണിലേയ്ക്ക് കടന്നപ്പോൾ രാജ്യത്ത് നിലനിന്നിരുന്ന ആശങ്കയുടെ അന്തരീക്ഷം ദുരീകരിക്കുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ഡൽഹിയിലുണ്ടായത്. കേന്ദ്ര സംസ്ഥാനസർക്കാരുകൾ തമ്മിൽ ശതമായ അധികാരവടംവലി നിലനിൽക്കുന്ന ഡൽഹിയിൽ ദിവസവേതനതൊഴിലാളികളുടെ ഉത്തരവാദിത്വമേറ്റെടുക്കുന്നതിൽ രണ്ടു കൂട്ടരും അലംഭാവം കാണിക്കുകയുമുണ്ടായി. അടുത്ത 21 ദിവസവും ജോലിയുണ്ടാവില്ലെന്ന് ഉറപ്പായിട്ടും ഭക്ഷണവും വെള്ളവും ഉറപ്പ് നൽകാൻ സർക്കാരുകൾ വൈകിയതാണ് അവരെ തെരുവിലേക്കെത്തിച്ചത്.

എന്തൊക്ക ഒരുക്കുമെന്നും എന്തൊക്കെ ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കാതെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്തുണ്ടാക്കിയ അരക്ഷിതാവസ്ഥയുടെ നേർസാക്ഷ്യമായി ഈ തൊഴിലാളികളുടെ പലായനം. ദിവസങ്ങൾ വൈകിയുണ്ടായ പ്രഖ്യാപനത്തിലൂടെ ഭക്ഷണവും വെള്ളവും സർക്കാരുകൾ ഉറപ്പ് നൽകുന്നുണ്ടെങ്കിലും സ്വന്തം നാടെന്ന ലക്ഷ്യം മിക്കവരുടെയും മനസിലുറച്ചു പോയിരിക്കുന്നു. വഴിമദ്ധ്യേ ഭരണകൂടം വിതരണം ചെയ്യുന്ന ഏതാനും ഭക്ഷണസാധനങ്ങൾ കൈകരുത്തുള്ളവർ നേടിയെടുക്കുന്ന സ്ഥിതിവിശേഷമാണ് അരങ്ങേറുന്നത്. ഈ അവസ്ഥയിലാണ് നൂറുകണക്കിന് മൈലുകൾ കാൽനടയായി താണ്ടാനുള്ളവരുടെ മുൻമ്പിൽ രക്ഷകരെ പോലെ കെജ്രിവാളും യോഗിയും അവതരിക്കുന്നത്. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകൾ കെജ്രിവാൾ ഇതിനായി വിട്ടുനൽകിയപ്പോൾ, ആയിരത്തോളം ബസുകളാണ്‌ യോഗി യു.പിയിൽ നിന്നുള്ള തൊഴിലാളികൾക്കായി ഡൽഹിയിലേക്കയച്ചത്. രാജ്യത്ത് ചരക്കുനീക്കത്തിന് മാത്രം അനുമതിയുള്ളപ്പോൾ പതിനായിരക്കണക്കിന് ജനങ്ങളുടെ ഈ അന്തർസംസ്ഥാനയാത്ര ലോക്ക് ഡൗൺ ചട്ടങ്ങളെ നോക്കുകുത്തിയാക്കുന്നതാണ്. അതിന് സംസ്ഥാനസർക്കാരുകളുടെ പിന്തുണ കൂടെ ലഭിക്കുന്നുവെന്നതാണ് ദൗർഭാഗ്യകരം. ഡൽഹിയിൽ മാത്രമല്ല രാജ്യത്തിൻറെ പല ഭാഗങ്ങളിലും സംഭവിക്കുന്നത് ഇതേ കാര്യങ്ങൾ തന്നെയാണ്. അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സംസ്ഥാന സർക്കാരുകൾ വിമർശനം ഭയന്ന് അവരെ ആടുമാടുകളെപോലെ സംസ്ഥാനഅതിർത്തി കടത്തിവിടുമ്പോൾ ഈ രാജ്യത്തിൻറെ സുരക്ഷ തന്നെയാണ് അവതാളത്തിലാകുന്നത്.

Read Also  തൊഴിലാളികളുടെ പലായനം ; കേന്ദ്രം ഉടൻ റിപ്പോർട്ട് നല്കണമെന്ന് സുപ്രീം കോടതി

തകരുന്ന രാജ്യസുരക്ഷ

പരമ്പരാഗത രാജ്യസുരക്ഷാസിദ്ധാന്തങ്ങളെ ഉടച്ചുവാർക്കുകയാണ് കോവിഡ് പ്രതിസന്ധി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും സമ്പദ്ഘടനയുടെ നിലനിൽപ്പിനും ശക്തമായ ആരോഗ്യരംഗത്തിൻറെ ആവശ്യകത ഒട്ടുമിക്ക രാജ്യങ്ങൾക്കും ഇതോടെ മനസിലായിക്കഴിഞ്ഞു. അത്യാധുനിക യുദ്ധക്കപ്പുകലുകളും പടക്കോപ്പുകളുമുള്ള രാജ്യങ്ങൾക്ക് പോലും നിശ്ചലമായ രാജ്യത്തെയും തകർന്ന് വീഴുന്ന സാമ്പത്തിക രംഗത്തെയും നോക്കി നിൽക്കാനേ സാധിക്കുന്നുള്ളൂ. ആയിരം പൗരന്മാർക്ക് 5 മുതൽ 8 ആശുപത്രികിടക്കകൾ വരെ ലഭ്യമായ പല യൂറോപ്യൻ രാജ്യങ്ങളും തോറ്റോടിയ പോരാട്ടത്തിനാണ് ആയിരം പൗരന്മാർക്ക് വെറും 0.5 ആശുപതിക്കിടക്ക മാത്രമുള്ള ഇൻഡ്യയിറങ്ങിയിരിക്കുന്നത്. ആ പോരാട്ടത്തിലെ സുപ്രധാനനീക്കമാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ച്‌ സമൂഹവ്യാപനം തടയുകയെന്നത്. എന്നാൽ കേന്ദ്രസർക്കാർ വിഭാവനം ചെയ്തതിന് നേർവിപരീതമാണ് രാജ്യത്ത് പലയിടങ്ങളിലും പ്രത്യേകിച്ച് ഡൽഹിയിൽ അരങ്ങേറുന്നത്. ഈ പ്രതിസന്ധിഘട്ടങ്ങളിൽ പാലിക്കപ്പെടേണ്ട എല്ലാ നടപടി ക്രമങ്ങളെയും ആരോഗ്യസുരക്ഷാമാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിയാണീ കൂട്ടപലായനം.

ഇതുവരെയും കോവിഡ്-19 എന്ന മഹാമാരി പ്രധാനമായും ബാധിച്ചിരിക്കുന്നത് ഇന്ത്യയിലെ വൻനഗരങ്ങളെയും പട്ടണങ്ങളെയുമാണ്. ഗ്രാമങ്ങളിലേയ്ക്ക് അതിന്റെ കരാളഹസ്തങ്ങൾ എത്തുന്നതെ ഉള്ളൂ. രാജ്യത്തെ ആശുപത്രികളുടെ ഏറിയപങ്കും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന നഗരങ്ങളിൽ കോവിഡിനെ പിടിച്ചു കെട്ടാൻ പാടുപെടുമ്പോൾ നഗരങ്ങളിൽ നിന്നും ഇന്ത്യയുടെ ഉള്ളറകളിലേയ്ക്ക് പലായനം ചെയ്യുന്ന ഈ പതിനായിരങ്ങളിൽ രോഗബാധിതരുണ്ടെങ്കിൽ അടുത്ത മാസങ്ങളിൽ രാജ്യം വലിയൊരു വിപത്തിനെ തന്നെ നേരിടേണ്ടി വരും. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്‌സും മറ്റ് മൂന്ന് അമേരിക്കൻ യൂണിവേഴ്സിറ്റികളും സംയുക്തമായി നടത്തിയ ഒരു പഠനത്തിൽ മെയ് മാസം മധ്യത്തോടെ ഇന്ത്യയിൽ 13 ലക്ഷം കോവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടാം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനിടയിലാണ് നല്ലൊരു ശതമാനം നിരക്ഷരരും അധിവസിക്കുന്ന വൈദ്യുതിയും സമൂഹമാധ്യമങ്ങളുമൊന്നും കടന്ന് ചെല്ലാത്ത ഗ്രാമങ്ങളിലേക്ക് നഗരത്തിൽ നിന്നുള്ള ജനങ്ങളുടെ ഈ ഒഴുക്ക്. ഇന്ത്യയിലെ നല്ലൊരു ശതമാനം ഗ്രാമങ്ങളിലും മതിയായ ആശുപത്രി സൗകര്യങ്ങളോ മതിയായ യോഗ്യതകളുള്ള ഡോക്ടർമാരോ ഇല്ലെന്നാണ് വസ്തുത. സിന്ധവൈദ്ധന്മാരും ആയുഷ് വർക്കർമാരും ചികിത്സ നടത്തുന്ന അവിടങ്ങളിൽ കോവിഡ് പടർന്നുപിടിക്കുന്ന അവസ്ഥ സംജാതമായാൽ നോക്കിനിൽക്കാൻ മാത്രമേ ഭരണകൂടത്തിന് സാധിക്കുകയുള്ളൂ. അത് തടയാനുള്ള യാതൊരു സൗകര്യങ്ങളും ഇല്ലെന്നിരിക്കെയാണ് ഇവരെ ഗ്രാമങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന ഈ വ്യഗ്രത. കോവിഡ് ബാധ സ്ഥിതീകരിക്കുന്നതിനുള്ള യാതൊരു സൗകര്യങ്ങളുമില്ലാത്തതിനാൽ മിക്ക രോഗികളുടെയും കേസ് ഹിസ്റ്ററി പനിയിലോ ന്യുമോണിയയിലോ അവസാനിക്കാനാണ് സാധ്യത.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന പലായനത്തിന്റെ ഈ വശത്തെപ്പറ്റി പ്രതിരോധവകുപ്പിലെയോ ആഭ്യന്തരവകുപ്പിലെയോ ഒരു സംവിധാനങ്ങളോ മാധ്യമങ്ങളോ ചർച്ച ചെയ്യുന്നില്ലെന്നുള്ളത് ദൗർഭാഗ്യകരമാണ്. മാധ്യമങ്ങൾ കെജ്രിവാളിനെയും യോഗിയെയും ദിവസവേതനതൊഴിലാളികളെ രക്ഷിച്ച രാഷ്ട്രീയദൈവങ്ങളായി വാഴ്ത്തിയേക്കാം, എന്നാൽ ഇന്ത്യയിൽ സംഭവിച്ചേക്കാവുന്ന വലിയൊരു വിപത്തിന് വഴിയൊരുക്കുകയാണ് അവർ ചെയ്തിരിക്കുന്നത്.

1 Comment

  • Shaji. M. Pambackal

    A rational assessment. But you forget to foresee the responsibility of a crowned democratic government to people’s parliament. It was the time when parliament sessions are going on, without take in to believe such rude decisions are take up in night. Morning

Leave a Reply

Your email address will not be published.