കേരളത്തിന്റെ മികച്ച ആരോഗ്യ സംവിധാനത്തിന് ദേശീയതലത്തിൽ അംഗീകാരം. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ ‘അക്ഷയ കേരളം’ തിരഞ്ഞെടുക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .
രാജ്യത്ത് കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും സംസ്ഥാനത്ത് ഒരു വീഴ്ചയുമില്ലാതെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുരസ്കാരം. സംസ്ഥാനത്ത് ക്ഷയരോഗ സേവനങ്ങൾ അർഹരായ എല്ലാവരുടെയും വീടുകളിൽ കൃത്യമായി എത്തിച്ചു നൽകിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അക്ഷയ കേരളത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി തിരഞ്ഞെടുത്തത്.
2025-ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താൻ ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ‘എന്റെ ക്ഷയരോഗമുക്ത കേരളം’ എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഈ പദ്ധതിയുടെ മൂന്നാംഘട്ടമായാണ് അക്ഷയകേരളം പദ്ധതി നടപ്പിലാക്കിയതെന്ന് എഫ് ബി കുറിപ്പിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കോവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. രണ്ടിന്റേയും പ്രധാന ലക്ഷണങ്ങൾ ചുമയും പനിയും ആയതിനാൽ ക്ഷയരോഗം കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് അക്ഷയ കേരളം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയത്.