Saturday, January 29

ഇപ്പൊ വിദേശത്ത് പോയില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ല. മോദിയ്ക്കെതിരെ നിശിത പരിഹാസത്തോടെ ശത്രുഘ്നന്‍ സിന്‍ഹയുടെ ട്വീറ്റ്

ട്വീറ്റുകളിലൂടെ സ്വന്തം പാര്‍ട്ടിയെയും ഭരണത്തെയും നിരന്തരം വിമര്‍ശിക്കുന്ന ബി.ജെ.പി. എം.പി. കൂടിയായ മുന്‍ സിനിമാ താരം ശത്രുഘ്നന്‍ സിന്‍ഹ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ട്വീറ്റിലൂടെ പരിഹസിക്കുന്നത്.

 

ശത്രുഘ്നന്‍ സിന്‍ഹയുടെ ട്വീറ്റ്

ആഗസ്റ്റ് പത്ത് വരെ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ മോദി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനത്തിന് പോയിരിക്കുന്നതിനെയാണ് ശത്രുഘ്നന്‍ സിന്‍ഹ പരിഹസിക്കുന്നത്. ഡിയര്‍ സര്‍, പാര്‍ലമെന്‍റ് സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. താങ്കള്‍ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിലാണ്. പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ് താങ്കള്‍ യാത്ര പോവുകയായിരുന്നെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. താങ്കള്‍ക്ക് ഇനിയും ഭൂഗോളത്തില്‍ അവശേഷിക്കുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. താങ്കള്‍ റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. അഭിനന്ദനങ്ങള്‍. എന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ പരിഹാസ ട്വീറ്റ്. കഴിഞ്ഞ മാര്‍ച്ച് മാസം 15ന് നരേന്ദ്ര മോദിയുടെ അഹങ്കാരവും അമിതമായ ആത്മവിശ്വാസവും മുന്‍ശുണ്ഠിയുമാണ് ഉപതെരഞ്ഞടുപ്പുകളില്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റിയിരുന്നു. തുടര്‍ന്നുള്ള ട്വീറ്റുകളിലും ശത്രുഘ്നന്‍ സിന്‍ഹ മോദിയ്ക്കെതിരെ പരിഹാസമുയര്‍ത്തുന്നുണ്ട്.

പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതിനെ പറ്റിയുള്ള മോദിയുടെ പ്രതികരണത്തെയാണ് സിന്‍ഹ പരിഹസിക്കുന്നത്. പശു സുരക്ഷയുടെ പേരില്‍ നിരപരാധികള്‍ കൊല ചെയ്യപ്പെടുമ്പോള്‍ നരേന്ദ്ര മോദി പാലിക്കുന്ന മൗനവും, റഫേല്‍ ഇടപാടിനെക്കുറിച്ച് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും നടത്തിയ പ്രസ്താവനകളെയും സിന്‍ഹ പരിഹസിക്കുന്നു.

ബി.ജെ.പി. നേതാക്കളെ ഒന്നടങ്കം ബാധിക്കുന്നതാണ് സിന്‍ഹയുടെ പരിഹാസം. കിഴക്കേ ആഫ്രിക്കന്‍ ഗ്രാമത്തിന് 200 പശുക്കളെ നല്കിയ നരേന്ദ്ര മോദിയുടെ ചെയ്തിയെ ഉദ്ധരിച്ചുകൊണ്ട് സിന്‍ഹ ഇങ്ങനെ പറയുന്നു. എന്നാല്‍ തിരിച്ച് നാട്ടിലെത്തുമ്പോള്‍ ഗോരക്ഷകര്‍ നിരപരാധികളെ കൊല്ലുന്നതും അത്തരം ക്രൂരവൃത്തികളില്‍ പാര്‍ട്ടിയുടെ ചിലരുടെ കൈകള്‍ ഉണ്ടാകുന്നതും പ്രതിപക്ഷം ഉന്നയിക്കാനിരിക്കുകയാണ്. അങ്ങ് ഇതുവരെ അതേപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. വിദേശത്തിരുന്നായാലും അങ്ങേയ്ക്ക് അതേപ്പറ്റി പറയാവുന്നതാണ് എന്നാണ് സിന്‍ഹ മോദിയെ ആക്രമിക്കുന്നത്.

റഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ആരോപണങ്ങളുമായി മുന്നോട്ടു പോകുന്നതിനെയും സിന്‍ഹ മോദിയ്ക്ക് മൗനം വെടിയാനുള്ള സൂചനയായി നല്കുന്നു.

രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടിത്തത്തെയും സിന്‍ഹ പരാമര്‍ശവിഷയമാക്കുന്നു. വിദേശനേതാക്കളെ കെട്ടിപ്പിടിക്കുന്ന മോദിയെ സൂചിപ്പിച്ചുകൊണ്ട് കെട്ടിപ്പിടിത്തം മോദിയുടെ ട്രേഡ് മാര്‍ക്കായി കരുതുന്നതിനാലാണ് രാഹുലിന്‍റെ കെട്ടിപ്പിടിത്തത്തെ കുറ്റകരമായി നേതാക്കള്‍ ആരോപിക്കുന്നത്.

ഇപ്പോള്‍ റുവാണ്ടയിലെ ഹസ്തദാനം പ്രോട്ടോക്കോള്‍ അനുസരിച്ചാവാം. ഇവിടെ കെട്ടിപ്പിടിത്തം വലിയ വാര്‍ത്തയായി തുടരുന്നു എന്നാണ് സിന്‍ഹയുടെ പരിഹാസം.

അടുത്ത തലമുറയുടെ കരുത്തനായ യുവനേതാവ് എന്ന് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തുക വഴി ഈയിടെയായി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ആയിക്കൊണ്ടിരിക്കുകയാണെന്ന് വാര്‍ത്ത വന്നിരുന്നു. (ടൈംസ് ഓഫ് ഇന്ത്യ, 2018 മാര്‍ച്ച് 20)അവിശ്വാസപ്രമേയത്തില്‍ താന്‍ ബി.ജെ.പി.യ്ക്ക് അനുകൂലമായേ വോട്ട് ചെയ്യൂവെന്ന് ശത്രുഘ്നന്‍ സിന്‍ഹ പ്രഖ്യാപിച്ചിരുന്നു. താന്‍ ബി.ജെ.പി.യിലായിരിക്കുന്നിടത്തോളം പാര്‍ട്ടി വിപ്പ് അനുസരിച്ചേ പ്രവര്‍ത്തിക്കൂ എന്നായിരുന്നു ബീഹാറിലെ പാറ്റ്നാ സാഹിബ് മണ്ഡലത്തിലെ ബി.ജെ.പി. എം. പി.യായ സിന്‍ഹ അതേപ്പറ്റി പറഞ്ഞിരുന്നത്. എതിര്‍ത്ത് വോട്ടു ചെയ്താല്‍ എം.പി.സ്ഥാനം പോകും എന്നതും അതിന് കാരണമായി പറയപ്പെടുന്നു.

Spread the love