Sunday, January 16

മഴ മലനാടിനെ മുക്കുന്നു 22 മരണം അതീവ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

മഴ കിട്ടി ഡാം നിറഞ്ഞ് കറന്‍റിനായി കാത്തിരുന്ന മലയാളി മഴയില്‍ മുങ്ങുന്നു. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന തോരാമഴയില്‍ കേരളമാകെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ സംഭവിച്ച ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി ഇതുവരെയായി ഇരുപത്തിരണ്ട് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. സംസ്ഥാനത്തൊട്ടാകെ നിരവധി വീടുകള്‍ മുങ്ങിപ്പോയി. നിരവധി പേരെ ദുരിതാശ്വാസക്യാമ്പുകളിലെത്തിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ട്രയല്‍ റണ്ണിനായി ഇടുക്കി ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നു. ഷട്ടര്‍ തുറന്നെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇപ്പോള്‍ ജലനിരപ്പ് 2399 അടിയായതിനാല്‍ നാല് മണിക്കൂറിലേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രയല്‍ റണ്‍ നാളെ രാവിലെ വരെ നീട്ടി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്താകെ 22 ഡാമുകള്‍ തുറന്നു. ഇടമലയാര്‍, ചെറുതോണി അണക്കെട്ടുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആലുവ മണപ്പുറം വെള്ളത്തിനടിയിലായി. മലമ്പുഴ ഡാം തുറന്നതിനാല്‍ പാലക്കാട് നഗരവും വെള്ളത്തിനടിയിലായി. വാളയാറില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞ് വീണു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പലയിടത്തും ഉരുള്‍ പൊട്ടി. വൈത്തിരിയില്‍ ഉരുള്‍ പൊട്ടി വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ചുരങ്ങളില്‍ മണ്ണിടിഞ്ഞ് യാത്രാനിയന്ത്രണമേര്‍പ്പെടുത്തിയതോടെ വയനാട് ഒറ്റപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലും വയനാട്ടിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നിയോഗിച്ചു. ദുരന്തനിവാരണസേനയും രംഗത്തുണ്ട്. റോഡുകള്‍ താറുമാറായതോടെ സംസ്ഥാനത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.

പെരിയാറിലെ ജലനിരപ്പ് ബാധിച്ചതിനാല്‍ രണ്ടു മണിക്കൂര്‍ നിര്‍ത്തി വെച്ചിരുന്ന നെടുമ്പാശ്ശേരി  വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടത്താനിരുന്ന നെഹ്രു ട്രോഫി വള്ളംകളി മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട് മുതയായ ജില്ലകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണുള്ളത്.  വെള്ളച്ചാട്ടത്തിന്റെ ശക്തി ക്രമാതീതമായതിനെ  തുടര്‍ന്ന് അതിരപ്പള്ളിയിന്‍ സന്ദര്‍ശകരുടെ പ്രവേശനം നിരോധിച്ചു. മലക്കപ്പാറ വഴിയുള്ള യാത്രയും നിരോധിച്ചു. മലയോരമേഖലയിലെ യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വിനോദസഞ്ചാരികള്‍ ബീച്ചുകളില്‍ ഇറങ്ങരുതെന്നും വെള്ളപ്പാച്ചിലിനടുത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കരുതെന്നും ജാഗ്രതാനിര്‍ദ്ദേശമുണ്ട്.

Spread the love
Read Also  കെ സുരേന്ദ്രൻ്റെ പത്രിക തള്ളിപ്പോകാൻ സാധ്യത ; 243 കേസുകളിൽ പ്രതിയാണെന്ന് സർക്കാർ