Saturday, January 29

മഴ കനത്തു, ഡാമുകള്‍ നിറയുന്നു, ഇടുക്കിയില്‍ ജലനിരപ്പ് 2397.46 അടിയായി, കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു മരണം

കനത്ത മഴയില്‍ കേരളത്തില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കണ്ണൂർ, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ്.

കണ്ണൂർ ജില്ലയിലെ മലയോരങ്ങളിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. കണ്ണൂർ ജില്ലയിലെ പയ്യാവൂർ ഷിമോഗ കോളനി, ആടാംപാറ, മുടിക്കയംമല, പേരട്ട ഉപദേശികുന്ന്, ആറളം വനം എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഉരുൾപൊട്ടലിൽ രണ്ടു പേര്‍ മരണമടഞ്ഞു. ഇരിട്ടി അയ്യൻകുന്നിലെ ഇമ്മട്ടിയിൽ ജയ്സന്‍റെ ഭാര്യ ഷൈനി (35), ജയ്സന്‍റെ പിതാവ് തോമസ് (75) എന്നിവരാണു മരിച്ചത്. മലയോരത്ത് ഉരുൾപൊട്ടൽ തുടരുന്നു. വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് വഞ്ചിയം ആടാംപാറ റോഡ് തകർന്നു.

ഉരുൾപൊട്ടൽ

മഴ കനത്തതോടെ ഡാമുകള്‍ നിറയാന്‍ തുടങ്ങി. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.46 അടിയായി ഉയര്‍ന്നു. 2403 അടിയാണ് ഇടുക്കി ഡാമിന്‍റെ ആകെ ഉയരം.

വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാം നാളെ രാവിലെ 6 മണിയ്ക്ക് തുറക്കും. 80 സെന്റിമീറ്റര്‍ ഉയരത്തില്‍ രണ്ട് ഷട്ടറുകളാണ് തുറക്കുക. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി പെരിയാറിന്‍റെ ഇരു കരകളിലും ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു.

ഇടമലയാർ അണക്കെട്ട് തുറന്നു വിടുന്നത് ആലുവ മണപ്പുറത്തെ കർക്കടകവാവ് ചടങ്ങുകളെ ബാധിച്ചേക്കും. മണപ്പുറത്ത്  ശനിയാഴ്ചയിലെ ബലിതർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതിനിടെയാണ് അണക്കെട്ട് തുറക്കുന്നത്. മണപ്പുറത്തെ കച്ചവടക്കാരും വെള്ളപ്പൊക്ക ഭീതിയിലാണ്.

മലമ്പുഴ അണക്കെട്ടിന്‍റെ നാലു ഷട്ടറുകൾ മൂന്നു സെന്‍റിമീറ്റർ അധികമായി ഉയർത്തി. കൽപാത്തി, ഭാരതപ്പുഴയോരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വയനാട് ബാണാസുരസാഗർ അണക്കെട്ടിന്‍റെയും തൃശൂർ പീച്ചി ഡാമിന്‍റെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. കക്കി ഡാമിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love