Monday, January 24

കോടതി വഴി നേടിയ ബിവറേജസിലെ അവകാശം നിരസിച്ച് വനിതകള്‍

ബിവറേജസ് കോര്‍പ്പറേഷനിലെ ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തികയില്‍ നിയമനശുപാര്‍ശ ലഭിച്ച 108 പേരില്‍ 38 പേരേ ജോലി സ്വീകരിച്ചുള്ളൂ. 107 വനിതകള്‍ക്കും ഒരു പുരുഷനുമാണ് നിയമനശുപാര്‍ശ ലഭിച്ചത്. 69 വനിതകളും ഒരു പുരുഷനുമാണ് നിയമനം സ്വീകരിക്കാത്തത്. നിയമനം സ്വീകരിച്ചവരെല്ലാം വനിതകളാണ്.

മദ്യവില്പനശാലകളിലെ ഒഴിവുകളില്‍ വനിതകളെ നിയോഗിക്കരുതെന്ന അബ്കാരി നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 2013 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നിയമിച്ചത് മുഴുവന്‍ പുരുഷന്മാരെയായിരുന്നു. ഇതിനിടെ നിയമനത്തില്‍ നിന്ന് വിവേചനപരമായി തങ്ങളെ ഒഴിവാക്കി എന്നാരോപിച്ച് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. 2016 ഡിസംബര്‍ 13ന് റാങ്ക് അനുസരിച്ച് വനിതകള്‍ക്കും നിയമനം നല്കണമെന്ന് പി.എസ്.സിയ്ക്ക് നിര്‍ദ്ദേശിച്ചുകൊണ്ട് അനുകൂല വിധിയുണ്ടായി. അബ്കാരി നിയമത്തിലെ ഏഴാം ചട്ടം 37ാം വ്യവസ്ഥയും വിദേശമദ്യച്ചട്ടത്തിലെ 36ാം വ്യവസ്ഥയും ഭരണഭടനയ്ക്ക് വിരുദ്ധമാണെന്നും നിലനില്ക്കുന്നതല്ലെന്നുമായിരുന്നു കോടതി വിധി.

വനിതകള്‍ക്ക് വിവേചനമില്ലാതെ ബിവറേജസ് കോര്‍പ്പറേഷന്‍ നല്കിയ നിയമനലിസ്റ്റില്‍ നിന്നാണ് 69 വനിതകളടക്കം 70 പേര്‍ ബിവറേജസ് നിയമനം നിരസിച്ചത്.

Spread the love