Monday, June 1

ഹെൻസ് യൂ കാൻ കോൾ മി ; ഗോവിന്ദ് ആർ കുറുപ്പിൻ്റെ കഥ

പണ്ട് പണ്ട് മല്ലനും മാതേവനും കാട്ടിൽ മരം വെട്ടാൻ പോയ കാലത്തു നിന്നാണ് ഇനി പറയുവാൻ പോകുന്ന കഥയുടെ പൊക്കിൾക്കൊടിമുറിയുന്നത്. അന്ന് വനദേവത കൊടുത്തു എന്നു പറയപ്പെടുന്ന സ്വർണക്കേടാലിയുമായി മല്ലൻ കാടിറങ്ങുകയും പേരറിയാത്ത ഒരു ഗ്രാമത്തിൽ ജീവിതം തുടങ്ങുകയും ചെയ്തു. വ്യാപാരം തുടങ്ങാൻ അയാൾ സ്വർണക്കോടാലി വിറ്റു. കാലാകാലങ്ങൾ നീണ്ടവ്യാപാര സമ്പ്രദായത്തിൽ വാരിയടുക്കിയ പണപ്പെട്ടിയുടെ അളവിൽ മല്ലൻ സന്താന പരമ്പരകളോടൊപ്പം നാടുവാണു തുടങ്ങി .

അന്ന് കോടാലി പോയ മരംവെട്ടുകാരനായ മാതേവൻ അത്യാഗ്രഹിയാണ് എന്ന് ആളുകൾ പറഞ്ഞു പരത്തി. പിന്നീട് വന്ന തലമുറകൾ അത് കഥയായി വായിച്ചു. പക്ഷേ ഒറ്റപ്പെടലുകളിൽ അയാൾ തോൽക്കാൻ തയ്യാറാകാതെ ഒരു തൂമ്പയുണ്ടാക്കി. അത് കൈയ്യിൽ കെട്ടിവെച്ച് കൃഷി ചെയ്തു.

ജാതി പറയുവാൻ പറ്റാത്ത കുയിലിനെ മംഗലo ചെയ്തയാൾ വനദേവതയോടുള്ള വാശിക്ക് വർഷത്തിൽ ഒന്ന് എന്ന കണക്കിന് പുത്ര പരമ്പരയ്ക്ക് ജന്മം കൊടുത്തു. ഇത്രയും എന്റെ അപ്പനായ പൊക്കന് അദ്ദേഹത്തിന്റെ അപ്പാപ്പന്റെ ഏതോ ഒരു അപ്പാപ്പനായ സാക്ഷാൽ മാതേവൻ പറഞ്ഞു കൊടുത്തതാണ്.

കാലം മാറിയതോടെ പുത്ര പരംബര എന്ന കുല ശുഷ്കമായി തുടങ്ങിയിരുന്നു. അങ്ങിനെ ശുഷ്കിച്ചു പോയ കുലയിലെ അവസാന കായ്കളാണ് മണിയൻ എന്ന ഞാനും സുജ എന്ന സുജാതയും. നാട് തെളിഞ്ഞ് കാടിന്റെ വക്കത്തെത്തി നിൽക്കാൻ തുടങ്ങിയ നാളുകളിലാണ് എന്റെ അപ്പൻ ഫലമൂലാദികൾ കച്ചവടം ചെയ്യുവാൻ ചന്തക്കു പോയിത്തുടങ്ങിയത്. ഹാരിസൺ സായിപ്പിന് കണ്ണിൽ കണ്ട വഴിതെളിച്ചു കൊടുത്ത് മലയോരത്ത് ചായത്തൈ നടാൻ വഴി കാണിച്ച ഗോവിന്ദൻ നായർക്ക് സായിപ്പ് ഇംഗ്ലീഷ് അക്ഷരമാല ക്രമം തെറ്റാതെ പഠിപ്പിച്ചു കൊടുത്തു. ഈ ഗോവിന്ദൻ നായരാണ് ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ നാലക്ഷരം അപ്പന് പറഞ്ഞു കൊടുത്തത്. പേരിന്റെ കൂടെ ഒരു ഇംഗ്ലീഷ് അക്ഷരം കൂടിയുണ്ടങ്കിൽ നല്ല എടുപ്പായിരിക്കും എന്ന കുടിലത്തരം അപ്പനു പറഞ്ഞു കൊടുത്തത് നായരാണ്.

അതോടെ അപ്പൻ പേരു മാറ്റാൻ തീരുമാനിച്ചു .

‘ഹെൻസ് ഹീ കോൾഡ് ഹിം സെൽഫ് ആസ് ‘ദാസൻ.എ’. 

എടുത്താൽ പൊങ്ങാത്ത എ, ബി, സി, ഡി പാരമ്പര്യം കാത്തു സൂക്ഷിക്കാൻ അപ്പൻ എന്നെ കുമാർ മണി.ബി എന്നും സുജാതയെ സി.സുജാതകുമാരി എന്നും വിളിച്ചു.
മലയിടുക്കുകളിൽ വിളഞ്ഞ ഞങ്ങൾ കാലക്രമേണ നാട്ടിലെ യോഗക്ഷേമം സർക്കാർ സ്കൂളിന്റെ ഭാഗമായി.

എത്രയൊക്കെ സംവരണം ചൊരിഞ്ഞിട്ടും സുജാകുമാരി. സി എട്ടാം ക്ലാസിൽ തോറ്റു. ഒന്നല്ല രണ്ടല്ല മൂന്നല്ല പിന്നയോ അവളുടെ പഠിത്തം നിൽക്കുന്നതു വരെ. അവൾക്ക് പൊടുന്നനെ പ്രായപൂർത്തിയായി. സർക്കാർ ചിലവിൽ അവളെ തയ്യൽ പഠിപ്പിച്ച് ഒരു തൊഴിൽ തരപ്പെടുത്തി. സന്താന പരമ്പര എന്ന ഏർപ്പാട് കാത്തുസൂക്ഷിക്കാൻ കല്യാണവും കഴിപ്പിച്ചു. അങ്ങനെ ജീവിതം ഞാനും അപ്പനുമായി ചുരുങ്ങി.

കുമാർ മണി. ബി എന്ന ഞാൻ തുടർന്നു പഠിച്ചു.

സ്കൂളുകൾ, കോളേജുകൾ അങ്ങനെ വിദ്യഭ്യാസ സമ്പ്രദായത്തിന്റെ എല്ലാ ഏണിപ്പടികളും സ്കോളർഷിപ്പിന്റെ സഹായത്തോടെ ഞാൻ നടന്നു കയറി. ഇതിനിടെ ഞാൻ താമസം നാട്ടിൽ നിന്നും പട്ടണത്തിലേയ്ക്ക് മാറ്റി. ഇടയിലെവിടയോ പൊക്കൻ.എ എന്ന എന്റെ അപ്പൻ മാതേവന്റെ സ്വർണക്കോടാലി പോലെ എന്നെ വിട്ടകന്നു. ഇംഗ്ലീഷ് അക്ഷരമാലയിൽ ക്രമം തെറ്റിയ കുറച്ച് അക്ഷരങ്ങൾ ബിരുദമായി പേരിന്റെ കൂടെ കൂട്ടിയ ഞാൻ സ്വാഭാവികമായും പടർന്നു പന്തലിക്കുന്ന ഭൂഗോള കച്ചവടത്തിന്റെ ഭാഗമായി ഇന്ത്യ വിട്ടു. ഇരുഞ്ചൻ മല മേഘലയിൽനിന്നും ഒരു പാട് ദൂരെ കഴിവുകൾ കൊണ്ടു മാത്രം ആളെ അളക്കുന്ന ഹാരിസൺ സായിപ്പിന്റെ നാട്ടിലേയ്ക്ക്. പ്രവാസ ജീവിതത്തിലെവിടയോ ലോറ എന്ന മദാമ്മ ഭാര്യയായി കടന്നു വന്നിരുന്നു.

ഇരുമ്പ് കോടാലിക്ക് പത്മം ചൊല്ലി അറക്കവാളും പിന്നെ ജിഗ് സോ മെഷീനും പുതിയ തന്ത്രികളായി വനമേഖലയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. വന മേഖലയെ സംരക്ഷിക്കുന്ന സാക്ഷാൽ അയ്യപ്പനും ഉറ്റമിത്രം വാവരുസ്വാമികളും വികസന വിരോധികളായും ദേശദ്രോഹികളായും മുദ്ര കുത്തപ്പെട്ടിരുന്നു. ലോകം ഒരുപാട് മുന്നേറിയിരുന്നു. കാടുകൾ റിസർവുകളായും നഗരങ്ങൾ കുപ്പത്തൊട്ടികളായും മാറ്റിയിരുന്നു. ഋതുക്കൾ കെട്ടുകഥകളായി. മദ്യവും ലഹരിയും നിത്യോപയോഗനിത്യോപയോഗസാധനങ്ങളുടെ ശ്രേണിയിലേയ്ക്ക് ഉൾപ്പെട്ടു. മനുഷ്യ ജീവൻ ചെറുതും വലുതുമായുള്ള ഫോണുകളിലേയ്ക്ക് ആവാഹിക്കപ്പെട്ടു. എണ്ണയും സ്വർണവുമുള്ള രാജ്യങ്ങൾ പരക്കെ ആക്രമിക്കപ്പെട്ടു. ആഗോള തീവ്രവാദത്തിന്റെ നീരാളിക്കൈകൾ അർബുദം പോലെ പടർന്നു പന്തലിച്ചു. പുതുലോക സിദ്ധാന്തത്തിന്റെ വരവറിയിച്ചു കൊണ്ട് ചില രാജ്യങ്ങൾ ഒറ്റക്കെട്ടായി. ദേശീയത തീവ്ര വികാരമായി എല്ലായിടത്തും മുഴച്ചു നിന്നു. സ്വപ്ന ലോകത്തിന്റെ പടിയിൽ അർദ്ധ മയക്കത്തിലിരുന്ന എന്നെ തട്ടി വിളിക്കുന്നത് ലോറയാണ്. വിമാനം കൊച്ചിയിൽ ഇറങ്ങാൻ പോകുന്നു.

Read Also  ജോണി ജെ പ്ലാത്തോട്ടത്തിൻ്റെ കഥ

അങ്ങിങ്ങ് നിന്ന തെങ്ങിൻ തലപ്പുകളിൽ മുട്ടാതെ വിമാനം പറന്നിറങ്ങി. നാട്ടിൽ എന്നെ സ്വീകരിക്കാൻ ഇപ്പോൾ ആരുമില്ല സുജാത ഭർത്താവിനൊപ്പം ദുബായിലാണ്. അപ്പനെ അക്ഷരമാലകൾ പഠിപ്പിച്ച ഗോവിന്ദൻ നായർ ഇടക്ക് എഴുത്തെഴുതും. പോസ്റ്റൽ തരുന്ന സായിപ്പ് ‘ എഴുത്തോ?’ എന്ന മട്ടിൽ ഒരു പുച്ഛത്തോടെയെന്നെ ഒന്നു നോക്കും. നായരുടെ മകൻ സുരേന്ദ്രൻ ബാല്യകാല സുഹ്യത്താണ്. അവൻ ചാറ്റിംഗാണ് പതിവ്. നാളെ അവന്റെ കല്യാണമാണ് അതിനാണ് ഈ നാടുകാണൽ. എയർപ്പോട്ട് സൽക്കാരം ഗോവിന്ദൻ നായർ വക.

താമസിക്കാൻ ഹോട്ടൽ കിട്ടുമോ എന്ന എന്റെ ചോദ്യത്തിന് ഗോവിന്ദൻ നായർ പ്രതികരിച്ചു.

“അതെന്താ മണിയാ ഞങ്ങടെ വീട്ടിൽ താമസിക്കുന്നത് കുറച്ചിലാണോ?, ഇംഗ്ലീഷുകാരി പെണ്ണൊക്കെ ആയപ്പോൾ എല്ലാം മറന്നു അല്ലേ.”?

പുറം കാഴ്ചകൾ കണ്ടിരുന്ന ലോറ എന്നെ നോക്കിയ ശേഷംതല കുലുക്കി. അവൾ ഗോവിന്ദൻ നായരുടെ അംഗവിക്ഷേപങ്ങളിൽക്കൂടെ കാര്യം മനസ്സിലാക്കിയിരുന്നു. മല്ലന്റെയും മാതേവന്റെയും കഥ അവൾക്ക് ഞാൻ പല തവണ പറഞ്ഞു മനസ്സിലാക്കിയിരുന്നു.

അവൾ പറഞ്ഞു

” ലെറ്റസ് ഗോ റ്റു ഹിസ് ഹോം “
“തഥാസ്തു “എന്ന് ഞാനും പറഞ്ഞു.

സുരേന്ദ്രൻ പടിക്കൽ നിന്ന് തന്നെ ഞങ്ങളെ ആനയിച്ചു. വിശാലമായ തൊടിയിൽ അടയ്ക്കാ മരങ്ങൾ എനിക്കും ലോറക്കും മംഗളങ്ങൾ കോരിച്ചൊരിഞ്ഞു. അപ്പോൾത്തന്നെ ഗ്രാമഭംഗി ആസ്വദിക്കുവാൻ ഇറങ്ങിയ ഞാൻ ലോറയോട് ദൂരെ കുരുത്ത് നിൽക്കുന്ന കോട്ടേജുകൾ കാണിച്ചു പറഞ്ഞു.

” വൺസ് വീ യൂസ്ഡ് ടു സ്റ്റേ ദെയർ”….

എന്നെ അടിമുടി നോക്കിയ ലോറ പറഞ്ഞു,

” ബട്ട് വീ ഹാവ് ടു ഗോ ബാക്ക് ടു ലണ്ടൻ.”

ഒന്നു ചിരിച്ച ഞാൻ പറഞ്ഞു ” വീ വിൽ ലോറ ; വീ വിൽ”….

ഞാൻ നടന്ന വഴികളും ; പഠിച്ച ക്ലാസുകളും അവളെ ഞാൻ കാണിച്ചു. തേവരുടെ കോവിലിൽ പണ്ട് കയറാൻ മടിച്ചു നിന്ന ഞാൻ ഇന്ന് ലോറയെ അനുഗമിച്ചു. പ്രാർഥനാ ടോക്കൺ കൊടുത്ത ഞാൻ ആ അരയാൽ ത്തറയിൽ ലോറയോടൊപ്പം ഇരുന്നു. എന്നെ ചുംബിക്കാൻ തുനിഞ്ഞ ലോറയോട് ഞാൻ പറഞ്ഞു,

” ഡാർളിംഗ് ദിസ് ഈസ് വില്ലേജ്; ദെയ് ആർ നോട്ട് യൂസ്ഡ് ടു ഇറ്റ് “

.കൈ വിരളുകൾ കോർത്തിണക്കിയ ഞങ്ങൾ പ്രണയ പരവശരായി ഇരിക്കവേ ഞാൻ ലോറയോട് പറഞ്ഞു ,

” ലോറ എവരിത്തിംഗ് ഹാസ് ചേഞ്ച്ഡ്, ഇറ്റ് ഈസ് എ ന്യു വേൾഡ് ഔട്ട് ഹിയർ “…

ലോറ ചിരിച്ചു. മുറുകി വന്ന ആ കാറ്റ് ഞങ്ങളിലെ പ്രണയത്തെ ആളിക്കത്തിച്ചു കൊണ്ടിരുന്നു.

ഗോവിന്ദൻ നായർക്കും മകനും ഒപ്പം ഐനി സദ്യ. എനിക്ക് മാത്രം നല്ലൊന്നാന്തരം തൂശനില. സദ്യ ഉണ്ടെണീറ്റ ഞങ്ങൾ കിടക്കയിലേക്ക് ആനയിക്കപ്പെട്ടു. അടുക്കളയിലെ പണിക്കാരികൾ ഞങ്ങളെ നോക്കി ചിലർ ലോറയുടെ വെളുത്ത കരങ്ങൾ ആരാധനയോടെ നോക്കി. മറ്റു ചില പണിക്കാരികൾ അതിൽ ഉമ്മ വെച്ചു. ആ രാത്രിയോടൊപ്പം ഞങ്ങളും ഉറങ്ങാൻ കിടന്നു.

Read Also  കഥാകാലം കൈയടക്കുന്ന പുതിയ കഥകൾ -എം ടി രാജലക്ഷ്മി എഴുതുന്നു

ആഴമുള്ള സ്വപ്നത്തിന്റെ കയങ്ങളിൽ ചൂണ്ടയിട്ടിരുന്ന എന്നെ ലോറ തട്ടി വിളിച്ചു. മരത്തടിയിൽ തീർത്ത ജനാലയിൽ കൂടി പാടത്തെ കതിരുകളെ നോക്കി ഉദിച്ചു നിന്ന ചന്ദ്രനെ അവൾ എനിക്കു കാണിച്ചു തന്നു.

“ഇറ്റ് ഈസ് ഓസം കുമാർ ” 


അവൾ പ്രണയ പരവശയായ് കുറുകി. ബാല്യകാലത്തെ ഓർമകളിൽ താമസിച്ചിരുന്ന മലഞ്ചെരുവിൽ എത്തിപ്പെടാൻ അധികതാമസം വേണ്ടി വന്നില്ലെനിക്ക്. കുട്ടിക്കാലത്തെ പരിചിതമായ ആ ശബ്ദം ; ആരോ കിളക്കുന്ന ശബ്ദം കാതിൽ വീഴുന്നതുവരെ ഞാൻ ഓർമകളിലെ മലഞ്ചെരുവിൽ ഓടിനടന്നു..
വടക്കെ മൂലയിലെ ജനാല തുറന്നാൽ കിളക്കുന്ന ശബ്ദം നന്നായി ക്കാണാം. ജനാല തുറന്ന് ഞാൻ കണ്ടത് രണ്ട് പണി ക്കാരെയാണ്.അവർ പിന്നാമ്പുറത്തെ പറമ്പിൽ സദ്യയുടെ മിച്ചം ഇലകൾ മൂടാൻ കുഴി എടുക്കുകയായിരുന്നു. ഇലകൾ കൊട്ടയോടെ കമഴ്ത്തി അവർ മണ്ണുവെട്ടിയിട്ടു തുടങ്ങി.

“എടാ പറമ്പിന്റെ മൂലയ്ക്ക് ഒരു കുഴി കൂടി വെട്ടിക്കേ” ഗോവിന്ദൻ നായർ എന്റെ കാഴ്ചയുടെ ഭാഗമായി.

ക്ഷീണിതനായ ഒരു പണിക്കാരൻ ചോദിച്ചു

“എന്തിനാ മൊതലാളി ഒരു കുഴി കൂടി ? “

അയാൾ ഒരു അറപ്പോടെ പറഞ്ഞു,

” ഞാൻ മാറ്റിവെക്കാൻ പറഞ്ഞ ആ തൂശനില മാത്രം ആ കുഴിയിലേയ്ക്ക് ഇട്ട് മുടിയേര്.”

ഇത്രയും പറഞ്ഞ് അയാൾ ഒന്നു നീട്ടിത്തുപ്പി.

ലോറക്ക് ഒന്നും മനസ്സിലായില്ല. ഞാൻ ഉള്ളിലെ തീ പുറത്തേയ്ക്ക് പടരാതെ ജനാല മെല്ലെച്ചാരി കിടക്കയിൽ വന്നു കിടന്നു.

ലോറ മെല്ലെ എന്റെ അടുത്തുവന്നു കിടന്നു. അവൾ ചോദിച്ചു.

” കുമാർ ,യുവർ ഫാദർ വാസ് ബ്ലാക്ക് റൈറ്റ് ” ??.

“യെസ് ഹണി “

എന്നു മാത്രം പത്ത് ഞാൻ മല്ലന്റെയും മാതേവന്റെയും കഥ അവൾക്കായ് വീണ്ടും പറഞ്ഞു തുടങ്ങി. ഇന്ന് ആ കഥ കേട്ട അവളുടെ കണ്ണിലൂടെ നീരാവി പാറുന്നുണ്ടായിരുന്നു.

നേരം പുലരും മുൻപേ ഞങ്ങൾ ഇറങ്ങാൻ തയ്യാറായി. പെട്ടിയും മറ്റും ഞാൻ തന്നെ ചുമന്ന് പടിക്കലെത്തിച്ചു.

സുരേന്ദ്രൻ ഓടി അടുത്തു ,

” മണീ നീ യാത്രയായോ? നീ എന്ത് കൂട്ടുകാരനാ ഇന്ന് കല്യാണംകൂടി കൂടണ്ടെ.”

ഗോവിന്ദൻ നായർ ഏറ്റുപിടിച്ചു,

” നിൽക്ക് മണിയാ സൽക്കാരം പോരാഞ്ഞിട്ടാണോ ഈ പിണക്കം”.

ഞാൻ ഒന്നു ചിരിച്ചു.

അപ്പോഴേക്കും വണ്ടി മുറ്റത്തു വന്നു നിന്നു. ലോറ കാറിൽക്കയറി.

ചില വേലക്കാരികൾ അടക്കം പറഞ്ഞു; മറ്റു ചിലർ കണ്ണീർ വാർത്തു.

കാറിൽക്കയറും മുൻപേ കുറച്ചു പണം നായരുടെ കൈയ്യിൽ വെച്ചു കൊടുത്ത ഞാൻ പറഞ്ഞു,

” മുറി നല്ലവണ്ണം വൃത്തിയാക്കിക്കണം”!

ഒന്നും മിണ്ടാതെ നായർ നിന്നു.

വണ്ടി നീങ്ങി. ഞാനും ലോറയും കാറിന്റെ കണ്ണാടിയിലൂടെ ആ വീടും വീട്ടുകാരെയും നോക്കിക്കണ്ടു. ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിക്കാതെ നായർ ധൃതിയോടെ നോട്ടുകൾ എണ്ണി തുടങ്ങിയിരുന്നു.

ലോറ ചോദിച്ചു,

” ബൈ ദ വേ,കുമാർ ഈസ് ദിസ് മാൻ ഓൺസ് ദാറ്റ് ഗോൾഡൻ ആക്സ് “

നെടുവീർപ്പിന്റെ ഒടുക്കമെന്നവണ്ണം ഞാൻ പറഞ്ഞൊപ്പിച്ചു,

” യെസ് ലോറ, വൺസ് ഹീ ഓൺഡ് ഇറ്റ് “

വണ്ടി റോഡിലേയ്ക്ക് കയറിയപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ആ നോട്ടം മുറിയും മുൻപേ ഞാൻ പറഞ്ഞു,

” ഡാർളിംഗ്, ഹെൻസ് ഐ കാൻ ബി കോൾഡ് ആസ് മണി; ഒൺലി ആസ് മണി “.

ദൂരേക്ക് നോക്കിയിരുന്ന ലോറ പറഞ്ഞു

” ആക്സസ് എവരി വെയർ. സം ആർ ബ്ലാക്ക് സം ആർ വൈറ്റ് ; ഐറോണിക്കലി എവരിത്തിംഗ് കട്ട്സ് ദി സെയിം ട്രീ “…

Leave a Reply

Your email address will not be published.