ടീം പ്രതിപക്ഷം

ചലച്ചിത്രരംഗത്ത് തൻ്റേതായ സംഭാവനകൾ നൽകിയിട്ടും മലയാളസിനിമാചരിത്രത്തിൽ അടയാളപ്പെടാതെ പോകുന്നവർ ധാരാളമുണ്ട്. എഴുപതുകളിൽ ധാരാളം പരീക്ഷണസിനിമകളിലൂടെ നിരവധി കലാകാരന്മാർ രംഗത്തുവരികയും അവർ പിന്നെ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ ചിരപ്രതിഷ്ഠ നേടിയവരോടുള്ള ബന്ധങ്ങളും മേഖലയിലുള്ള നിരന്തരമായ സാന്നിധ്യങ്ങളും സ്വാധീനങ്ങളും തുടർന്നുള്ള ചലച്ചിത്രപ്രവർത്തനങ്ങളിൽ അനിവാര്യമായ ഘടകമാണ്. സമാനമായ അനുഭവമാണ് 1978 ൽ മലയാളസിനിമയിലേക്ക് കടന്നുവന്ന ചന്ദ്രമോഹനും നേരിടേണ്ടിവന്നത്

കോവളം സ്വദേശിയും എസ് ബി ടി ഉദ്യോഗസ്ഥനുമായിരുന്ന ചന്ദ്രമോഹൻ്റെ സിനിമാരംഗപ്രവേശവും ഓർമയായി അവശേഷിച്ചതിൻ്റെ പിന്നിലും ഇതുതന്നെയാണ്. മോഹൻ ലാൽ ആദ്യം ക്യാമറയെ അഭിമുഖീകരിച്ച ചിത്രമായിരുന്ന  തിരനോട്ടത്തിലെ നായകനായ ചന്ദ്രമോഹനെ സിനിമാപ്രേമികളിൽ പലർക്കും അറിയില്ല. അല്ലെങ്കിൽ ഒരു ബാങ്ക് ജീവനക്കാരൻ എന്ന നിലയിലോ സ്റ്റിൽ ഫോട്ടോഗ്രാഫർ എന്ന നിലയിലോ മാത്രം അറിയപ്പെടുന്ന സുഹൃത്തുക്കൾക്കിടയിൽപോലും ചന്ദ്രമോഹനു ഇങ്ങനെയൊരു ഭൂതകാലമുണ്ടെന്ന് അറിയില്ല.

ചന്ദ്രമോഹൻ്റെ പേരു വിക്കി പീഡിയയിൽ തെരഞ്ഞാൽ പോലും ലഭ്യമല്ല.അദ്ദേഹം അഭിനയിച്ച നാലു ചിത്രങ്ങളുടെ വിവരങ്ങളും നമുക്ക് ലഭിക്കുന്നില്ല. ചന്ദ്രമോഹൻ എന്ന പേരു തിരനോട്ടത്തിൻ്റെ വിക്കിപീഡിയ പേജിൽ കാണുന്നുണ്ടെങ്കിലും അതിൽ നിന്നും ലിങ്ക് അന്വേഷിച്ചുപോയാൽ തെലുങ്ക് സിനിമയിലെ നടനായ ചന്ദ്രമോഹനിലേക്കാണു പോകാൻ കഴിയുക. അതുകൊണ്ടുതന്നെ തിരനോട്ടം എന്ന ചിത്രത്തിലെ നായകൻ താനാണെന്ന് ചന്ദ്രമോഹൻ അവകാശവാദം ഉന്നയിക്കുന്നുപോലുമില്ല. ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യുന്ന ‘കംപ്ലീറ്റ് ആക്ടറായി’  മലയാളികൾ കൊണ്ടാടുന്ന മോഹൻ ലാലിൻ്റെ ആദ്യചിത്രമായതുകൊണ്ടാണ് ഇങ്ങനെയൊരു അന്വേഷണത്തിലേക്ക് പോയത്. ചിത്രത്തിൽ നായികയായി രേണുചന്ദ്ര എന്ന നടിയാണുള്ളത്. പ്രമുഖ നടന്മാരായ രവികുമാർ, സത്താർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻ ലാലിനെപ്പോലെ തന്നെ മണിയൻ പിള്ള രാജുവും അജിത് രാജഗോപാലും ചിത്രത്തിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ളതായി വിക്കിപീഡിയയിൽ കാണാം.

courtesy :asianet 

പിൽക്കാലത്ത് പ്രമുഖ നിർമ്മാതാവായി മാറിയ സുരേഷ് കുമാർ, സംവിധായകനായ പ്രിയദർശൻ തുടങ്ങിയവർ ചിത്രീകരണത്തിനുവേണ്ട സഹായവുമായി രംഗത്തുണ്ടായിരുന്നു.  ശശിയും അശോക് കുമാറുമാണു ചിത്രത്തിൻ്റെ സംവിധായകർ. പിന്നീട് ശശി സംവിധാനചുമതലയിൽ നിന്നു പോവുകയും അശോക് കുമാർ മാത്രം സംവിധാനത്തിൽ തുടരുകയും ചെയ്യുന്നു.  നിർമ്മാണസഹായവുമായി  പാച്ചല്ലൂർ ശശിയാണു ആദ്യവേളകളിൽ ഷൂട്ടിംഗിൽ സഹകരിച്ചത്.  ചിത്രത്തിലെ നായകൻ താനാണെന്ന് അവകാശപ്പെടുകയോ വിവാദങ്ങൾക്കൊന്നും ഇടനൽകുകയോ ചെയ്യാതെയാണു ചന്ദ്രമോഹൻ പ്രതിപക്ഷം. ഇന്നിനോട് പ്രതികരിച്ചത്. ചന്ദ്രമോഹനാണ് ചിത്രത്തിലെ നായകൻ എന്നുതന്നെയാണു പ്രതിപക്ഷത്തിൻ്റെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്.

തുടർന്ന് ഉണർത്തുപാട്ട്, മയൂരവർണങ്ങൾ എന്നീ ചിത്രങ്ങളിലും ചന്ദ്രമോഹൻ നായകൻ്റെ വേഷമിട്ടിട്ടുണ്ട്.  തിരനോട്ടത്തിൻ്റെ ചിത്രീകരണം മോഹൻ ലാലിൻ്റെ സ്വദേശമായ തിരുവനന്തപുരം മുടവൻ മുഗളിലായിരുന്നു. ചിത്രത്തിൽ ചിത്രകാരനായി അഭിനയിക്കുന്ന ചന്ദ്രമോഹനും നായിക രേണുചന്ദ്രയുമൊത്തുള്ള ഒരു ഗാനരംഗവുമുണ്ട്. ഒ എൻ വിയുടെ രചനയിൽ യേശുദാസ് പാടിയ ഈ ഗാനത്തിൻ്റെ ദൃശ്യങ്ങൾ യൂട്യൂബിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് അത് അപ്രത്യക്ഷമാവുകയാണുണ്ടായത്.

Read Also  'രതിക്ക് വേണ്ടി അവൻ നിന്നോട് യാചിക്കാൻ ഇട നൽകരുത്'; സ്ത്രീ വിരുദ്ധതയുമായി അമ്മയുടെ ഫേസ്ബുക്ക്

വൈകാതെ തന്നെ ചന്ദ്രമോഹൻ ചലച്ചിത്രശാഖയിൽ നിന്ന് നേരെ സ്റ്റിൽ ഫോട്ടോഗ്രാഫിയിലേക്ക് ചുവടുമാറി . ഭിംസെൻ ജോഷി, ബിസ്മില്ലാഖാൻ, രവിശങ്കർ, എം. എസ് സുബ്ബലക്ഷ്മി, അംജത് അലീഖാൻ, പണ്ഡിറ്റ് ജസ് രാജ്, കിഷോരി അമോങ്കർ ഇങ്ങനെ എണ്ണാൻ കഴിയാത്ത സംഗീതജ്ഞരുടെയും മറ്റ് കലാകാരന്മാരുടെയും പരിപാടികൾ നഗരത്തിയപ്പോഴൊക്കെ ക്യാമറയിൽ പകർത്തിയത്  ചന്ദ്രമോഹനാണു. പക്ഷെ തൻ്റെ സ്റ്റുഡിയോയുടെ പരിമിതമായ സൗകര്യത്തിനുള്ളിൽ മിക്ക ചിത്രങ്ങളുടെയും നെഗറ്റീവുകൾ ചുരുണ്ട് ഉപയോഗശൂന്യമായ നിലയിലാണു. 

മോഹൻ ലാലിൻ്റെ ആദ്യചിത്രമായ തിരനോട്ടത്തിൻ്റെ ചിത്രീകരണത്തിൻ്റെ ഓർമകളിലേക്ക് ചന്ദ്രമോഹൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഒപ്പം ഒരു കാലഘട്ടത്തിന്റെ സിനിമാ പ്രവർത്തനവും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here