കൊച്ചി നഗരസഭയെ പിരിച്ചുവിടാത്തതെന്തെന്ന ചോദ്യവുമായി ഹൈക്കോടതി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിലാണ് നഗരസഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്. എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സര്‍ക്കാര്‍ പിരിച്ചുവിടാത്തതെന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു.

കൊച്ചി നഗരമധ്യത്തില്‍ കൂടി പോകുന്ന പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെമുതല്‍ നിരവധി പരാതികളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു അഡ്വക്കേറ്റ് കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു. കനാല്‍ ശുചീകരണം ഒരിക്കലും പൂര്‍ത്തിയാകുന്നില്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കനാല്‍ വൃത്തിയാക്കാത്തതുകൊണ്ടാണ് കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടാകുന്നത് എന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു.

എന്തുകൊണ്ടാണ് നഗരസഭ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു. മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ച് സര്‍ക്കാരിന് വേണമെങ്കില്‍ നഗരസഭയെ പിരിച്ചുവിട്ടുകൂടെയെന്നായിരുന്നു കോടതി ചോദിച്ചത്. സര്‍ക്കാര്‍ അതിന്റെ അധികാരം വിനിയോഗിക്കണമെന്ന പരാമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടായത്. മഴയെതുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ പോളിങ് പോലും മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷമായ പ്രതികരണമുണ്ടാകുന്നത്.

കൊച്ചിയെ സിങ്കപ്പുര്‍ നഗരം പോലെയാക്കണമെന്ന് പറയുന്നില്ല. പക്ഷെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യത്തില്‍ സമ്പന്നര്‍ക്ക് അതിവേഗം രക്ഷപ്പെടാന്‍ കഴിഞ്ഞേക്കാം. പക്ഷെ സാധാരണക്കാര്‍ക്ക് അതിന് സാധിച്ചെന്നുവരില്ല. ഈയൊരു സാഹചര്യത്തില്‍ നഗരസഭ എന്തുകൊണ്ടാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്നു കോടതി ചോദിച്ചു.

വര്‍ഷാവര്‍ഷം ചെളി നീക്കുന്നതിന് വേണ്ടി കോടികളാണ് ചിലവഴിക്കുന്നത്. ഇത്രയധികം തുക ചിലവഴിച്ചിട്ടും എന്തുകൊണ്ട് ചെളിനീക്കല്‍ പൂര്‍ത്തിയാകുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അടുത്ത ദിവസം തന്നെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അവസാനത്തെ ജൂതവനിതയും ചരിത്രമായി ; സി ടി തങ്കച്ചൻ അനുസ്മരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here