Sunday, January 16

ബുള്ളറ്റ് ട്രെയിന്റെ ആദ്യ ഷോക്ക്: ഉദ്യോഗസ്ഥര്‍ ജാപ്പനീസ് ഭാഷ പഠിക്കാനുള്ള നെട്ടോട്ടത്തില്‍

ഇന്ത്യയില്‍ നിര്‍മ്മിക്കൂ തുടങ്ങിയ അണികളെ ആവേശഭരിതരാക്കുന്ന മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമായ മുംബെ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ദതി. പദ്ധതി നടപ്പാക്കുന്ന ദേശീയ അതിവേഗ റയില്‍ കോര്‍പ്പറേഷനിലെ ശിപായി മുതല്‍ മാനേജിംഗ് ഡയറക്ടര്‍ വരെയുള്ളവര്‍ പദ്ധതിയ്ക്ക് ധനസഹായം നല്‍കുന്ന ജപ്പാന്റെ ദേശീയഭാഷ പഠിക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചര മുതല്‍ ആറര വരെ ഒന്നിച്ച് കൂടിയിരുന്നു ജാപ്പനീസ് ഭാഷ പഠിക്കുകയാണ്.

പദ്ധതിയുടെ ആസ്ഥാനത്തുള്ള മാനേജിംഗ് ഡയറക്ടര്‍ മുതല്‍ ശിപായി വരെ ഭാഷാപഠന വിദ്യാര്‍ത്ഥികളാണ്. പദ്ധതിയുടെ അഹമ്മദാബാദ്, സുററ്റ്, വഡോദര, മുംബെ ഓഫീസുകളില്‍ ജീവനക്കാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പഠനത്തില്‍ പങ്കാളികളാവുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഒമ്പതാമത്തെ ഭാഷയായ ജാപ്പനീസ് പഠിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിവേഗ തീവണ്ടികളുടെ സാങ്കേതികത്വം മാത്രമല്ല ലോകത്തിലെ ഏറ്റവും കാര്യക്ഷമമായി നടത്തപ്പെടുന്ന ഗതാഗത സംവിധാനത്തിന്റെ സംസ്‌കാരവും ഇന്ത്യയിലേക്ക് പറിച്ചുനടകുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നാണ് ഇതുസംബന്ധിച്ച് ലഭിക്കുന്ന ഔദ്ധ്യോഗിക വിശദീകരണം.

ഭാഷാപഠനത്തില്‍ തോല്‍ക്കുന്നവര്‍ പദ്ധതിക്ക് പുറത്താവും. ഇവരെ പദ്ധതിക്ക് അനിവാര്യമായ പരിശീലനത്തിന് ജപ്പാനിലേക്ക് അയയ്ക്കില്ലെന്ന് അതിവേഗ റയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അചല്‍ ഖരെ പറയുന്നു. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന്‍ ആസ്ഥാനത്തെ ഇടവേളകളിലെ കൊച്ചുവര്‍ത്താനങ്ങളെല്ലാം ഇപ്പോള്‍ ജാപ്പനീസിലാണ്. പരിശീലനത്തിനുള്ള ആദ്യ സംഘത്തെ ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ജപ്പാനിലേക്ക് അയയ്ക്കും. പരിശീലനം കഴിഞ്ഞ തിരികെ എത്തുന്നവരായിരിക്കും വാഡോദരയിലെ പരിശീലനകേന്ദ്രത്തില്‍ ബുള്ളറ്റ് ട്രയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന 3,000 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക.

‘ഞങ്ങള്‍ കയറാത്ത വണ്ടിക്ക് കൃഷിഭൂമി വിട്ടുനല്‍കുന്നതെന്തിന്’?: ബുള്ളറ്റ് ട്രെയിനിനെതിരെ പ്രതിഷേധവുമായി ഗുജറാത്ത് കര്‍ഷകര്‍

Spread the love
Read Also  ഇന്ത്യൻ കർഷകരുടെ പ്രതിഷേധം ജപ്പാനിലെത്തി; ബുള്ളറ്റ് ട്രെയിനിന്റെ ഫണ്ട് ജപ്പാൻ തടഞ്ഞു

Leave a Reply